പച്ചക്കറി കൃഷിയിൽ ഉറുമ്പ് ശല്യം ഉണ്ടോ ? നിയന്ത്രിക്കാൻ ചില ടിപ്സ് ഇതാ...
പച്ചക്കറി കൃഷിയിൽ ഉറുമ്പുകൾ ഒരേ സമയം ഗുണവും ദോഷവും ഉണ്ടാക്കുന്ന ജീവികളാണ്. ചിലയിനം ഉറുമ്പുകൾ വിളകൾക്ക് കേടുപാടുകൾ സൃഷ്ടിക്കുമ്പോൾ, മറ്റുചിലത് കർഷകർക്ക് സഹായകരരായി പ്രവർത്തിക്കുന്നു. അതിനാൽ, ഉപകാരകരായ ഉറുമ്പുകളെ സംരക്ഷിക്കുമ്പോഴും ശല്യക്കാരായവയെ നിയന്ത്രിക്കാൻ പരിസ്ഥിതിസൗഹൃദ മാർഗങ്ങൾ സ്വീകരിക്കുന്നത് അനിവാര്യമാണ്. അവ എന്തൊക്കെയെന്ന് നോക്കാം..
• ഒരു കിലോഗ്രാം ചാരത്തിൽ 250 ഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേർത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളിൽ വിതറിയാൽ ഉറുമ്പുകളെ തുരത്താം.
• അപ്പക്കാരവും പഞ്ചസാര പൊടിച്ചതും ചേർത്ത് നനയാതെ ചെടികളുടെ താഴെ വെക്കണം. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും. ഉറുമ്പിന്റെ കോളനിയിൽ ഇവ അത് എത്തിക്കുന്നതുവഴി ഉറുമ്പുകൾ കൂട്ടത്തോടെ ചാവും.
• കടിക്കുന്ന ഉറുമ്പുകളെ തുരത്താൻ ഉണക്ക ചെമ്മീൻ പൊടിച്ചതിനൊപ്പം ബോറിക് പൗഡർ ചേർത്ത് ഉറുമ്പുള്ള സ്ഥലങ്ങളിൽ വെക്കാം.
• വൈറ്റ് വിനെഗർ ഉറുമ്പിനെ ഇല്ലാതാക്കാൻ പറ്റിയ വസ്തുവാണ്. ഉറുമ്പുകൾ ഉള്ളിടത്ത് ഇത് സ്പ്രേ ചെയ്തുവെക്കാം.
• സോപ്പുവെള്ളം സ്പ്രേ ചെയ്ത് ഉറുമ്പിനെയകറ്റാം. വെള്ളരിക്ക, കുക്കുമ്പർ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകൾ വരുന്നിടത്ത് വെക്കാം.
• മുളകുപൊടി, ഉപ്പ് എന്നിവ വിതറുന്നതും ഉറുമ്പിനെ അകറ്റാൻ സഹായിക്കും. ഇവ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താലും മതി.
.jpg)

