മണ്ണിന് ആരോഗ്യവും വിളക്ക് വളർച്ചയും ; കടലപ്പിണ്ണാക്ക് ഉപയോഗിക്കുന്ന ശരിയായ രീതികൾ അറിയാം
കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന ജൈവ വളങ്ങളിൽ ഒന്നാണ് കടലപ്പിണ്ണാക്ക് വളം. മണ്ണിന്റെ ആരോഗ്യവും വിളകളുടെ വളർച്ചയും മെച്ചപ്പെടുത്തുന്നതിനൊപ്പം കീടനിയന്ത്രണത്തിലും ഇത് സഹായകരമാണ്. എന്നാൽ കടലപ്പിണ്ണാക്ക് എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്—പുളിപ്പിച്ച് എന്തിന് കൊടുക്കണം, പുളിപ്പിച്ച ദ്രാവകം മാത്രം ഒഴിക്കുന്നതെന്തിന്, ശേഷിക്കുന്ന അവശിഷ്ടം എന്ത് ചെയ്യണം, പുളിപ്പിക്കാതെ നേരിട്ട് ഉപയോഗിക്കാമോ തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം ആവശ്യമാണ്.
ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളർച്ചക്കും പ്രതിരോധ ശേഷിക്കും പുഷ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപമൂലകങ്ങളും സൂക്ഷമാണുക്കളും ആവശ്യമാണ്. മുകളിൽ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക്. മാത്രവുമല്ല നമുക്ക് ഏറ്റവും അടുത്തുള്ള പലചരക്ക് കടയിൽനിന്നും ലഭിക്കുകയും ചെയ്യും.
എന്തിനാണ് പുളിപ്പിക്കുന്നത് ?
ഒരുചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാൻ പറ്റില്ലല്ലോ ദ്രാവക രൂപത്തിലുള്ളതാണ് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷ്മാണുക്കൾ കോടിക്കണക്കിന് ഉണ്ടാവും. എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങൾ നഷ്ടമാകുകയുമില്ല.
എങ്ങിനെ പുളിപ്പിക്കാം?
ആവശ്യമുള്ള സാധനങ്ങൾ
1. കടലപ്പിണ്ണാക്ക് - അരക്കിലോ
2. തലേ ദിവസത്തെ കഞ്ഞിവെള്ളം -അഞ്ച് ലിറ്റർ
3. ശർക്കര- 100 ഗ്രാം
തയാറാക്കുന്ന വിധം
നല്ല വൃത്തിയുള്ള വലിയൊരു ബക്കറ്റോ പാത്രമോ എടുക്കുക. ഇതിലേക്ക് കടലപ്പിണ്ണാക്കിടുക, കഞ്ഞിവെള്ളം, ശർക്കര എന്നിവയിട്ട ശേഷം അലിയാനായി മാറ്റിവയ്ക്കുക. ശർക്കര, പിണ്ണാക്ക് എന്നിവ കഞ്ഞിവെള്ളത്തിൽ നന്നായി അലിഞ്ഞാൽ ഇളക്കി കൊടുക്കുക. ഇവ നന്നായി അലിഞ്ഞു ചേരുന്നതുവരെ ഇളക്കണം. തുർന്ന് പാത്രത്തിന്റെ വായുഭാഗം കോട്ടൺ തുണി കൊണ്ട് മൂടിവയ്ക്കുക. അഞ്ച് ദിവസം ഇതു മാറ്റിവയ്ക്കണം. വെയിൽ കൊള്ളാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാൻ. എല്ലാ ദിവസവും രണ്ടോ മൂന്നോ നേരം ഇളക്കി കൊടുക്കണം. അഞ്ച് ദിവസത്തിനു ശേഷം എടുത്ത് 25 ഇരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് ഉപയോഗിക്കാം.
പ്രയോഗിക്കേണ്ട രീതി
ചെറിയ തൈകൾക്കാണെങ്കിൽ 25 ഇരട്ടി വെള്ളം ചേർത്ത് സ്പ്രേ ചെയ്തു കൊടുക്കുകയാണ് നല്ലത്. വേരു നല്ല പോലെ പിടിക്കാനും വളർച്ച എളുപ്പമാക്കാനുമിതു സഹായിക്കും. വലിയ ചെടികൾക്ക് 15 ഇരട്ടി വെള്ളം ചേർത്ത് വേണം പ്രയോഗിക്കാൻ. ഫല വൃക്ഷങ്ങൾക്കും മറ്റുമാണെങ്കിൽ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ 10 ഇരട്ടി വെള്ളം ചേർത്ത് വേണം ഉപയോഗിക്കാൻ.
.jpg)

