ഒച്ചുകളെ തുരത്താൻ ഇതാ ചില ലളിതമായ മാർഗങ്ങൾ
മഴക്കാലത്ത് ഒച്ചുകൾ പലർക്കും വലിയ തലവേദനയാകാറുണ്ട്. വീടിനകത്തും കൃഷിയിടങ്ങളിലും ഇവയുടെ വർധനവ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിളകൾക്കും ചെടികൾക്കും കേടുപാടുകൾ വരുത്തുന്ന ഇവയെ നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്. എന്നാൽ ലളിതമായ ചില മാർഗങ്ങൾ ഉപയോഗിച്ച് ഒച്ചുകളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.
പൊടിച്ച മുട്ടത്തോട്
ഒച്ചിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് മുട്ടത്തോട്. ഒച്ചിന്റെ ശല്യം ധരാളമായിട്ടുള്ള ചെടികൾക്കും മറ്റും ചുറ്റും മുട്ടത്തോട് പൊടിച്ച് ഇട്ടാൽ ഒച്ചിന്റെ ശല്യം പൂർണ്ണമായി ഇല്ലാതെയാകുന്നത് കാണാം. വളരെ സാവധാനത്തിൽ സഞ്ചരിക്കുന്ന ഒച്ചുകൾക്ക് നേരായ പ്രതലത്തിൽക്കൂടി മാത്രമെ നന്നായി സഞ്ചരിക്കുവാൻ സാധിക്കുകയുള്ളൂ.
അതിനാൽ മുട്ടത്തോടുകൾ തീർക്കുന്ന പ്രതിരോധം തരണം ചെയ്ത് മുന്നോട്ട് പോയി ചെടിയെ നശിപ്പിക്കാൻ ഒച്ചുകൾക്ക് സാധിക്കുകയില്ല.
മണ്ണിൽ കുറച്ച് പുതിനയില വിതറുക
ഔഷധ ഗുണങ്ങൾക്കൊപ്പം പുതിനയില കൊണ്ട് ഇങ്ങനെ ചില ഉപയോഗങ്ങൾ കൂടിയുണ്ട്. രൂക്ഷമായ ഒച്ചിന്റെ ശല്യമുള്ള പറമ്പുകളിൽ പുതിനയില വിതറിയാൽ ഒച്ചുകൾ പെട്ടെന്നു തന്നെ അപ്രത്യക്ഷമാകുന്നത് കാണാം. പുതിനയിലയുടെ രൂക്ഷഗന്ധമാണ് ഒച്ചുകളെ തുരത്താൻ സഹായിക്കുന്നത്.
മണ്ണ് കിളച്ചിടുക
കിളച്ച് മറിച്ചിട്ട മണ്ണിൽ ഒച്ചുകൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുകയില്ല. അതിനാൽ കിളച്ചിട്ടിരിക്കുന്ന മണ്ണിൽ ഒച്ചുകളെ വളരെ അപൂർവ്വമായിട്ട് മാത്രമാണ് നമ്മുക്ക് കാണാൻ സാധിക്കുക.
മണ്ണിൽ കടൽപ്പായൽ വിതറുക
അംമ്ലാംശം കൂടുതലുള്ള കടൽ പായലുകൾ ഒച്ചുകളെ പ്രതിരോധിക്കാൻ മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ്. കിട്ടാൻ ബുദ്ധിമുട്ടാണെങ്കിലും ഒച്ചിന്റെ ശല്യം ധാരാളമായി ഉള്ള സ്ഥലങ്ങളിൽ കടൽപ്പായൽ ഉപയോഗിക്കുന്നത് വളരെ മികച്ച പ്രതിരോധരീതിയാണ്.
കൂടുതൽ ശല്യമുള്ളിടത്ത് ഉപ്പ് വിതറുക
ഒച്ചിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഉപ്പ്. ഒച്ചിനെ ഉടനടി നശിപ്പിക്കാൻ അതിന്റെ മുകളിലേക്ക് അല്പം ഉപ്പ് വിതറിയാൽ മതി. അതുപോലെ തന്നെ നമ്മുടെ തോട്ടങ്ങളിൽ നിന്നും പറമ്പിൽ നിന്നും ഒച്ചിനെ തുരത്താൻ മണ്ണിൽ അല്പം ഉപ്പ് വിതറിയാൽ മതിയാകും.
കോഴിയെയും താറാവുകളെയും വളർത്തുക
പറമ്പിൽ നിന്നും ഒച്ചുകളെ തുരത്താൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് കോഴികളെയോ താറാവിനെയോ വളർത്തുക എന്നത്. ഇവ പറമ്പിലെ പ്രാണികളെയും ഒച്ചുകളെയുമെല്ലാം തിന്ന് തീർക്കുകയും നമ്മൾക്ക് ആവശ്യത്തിന് മുട്ടയും മാംസവും നൽകുകയും ചെയ്യുന്നു. കോഴിയെയും താറാവുകളെയും വളർത്തുന്ന പറമ്പുകളിൽ ഒച്ചിന്റെ ശല്യം തീരെ കുറവായിരിക്കുമെന്ന് നിരീക്ഷണത്തിൽ നിന്ന് തന്നെ നമ്മൾക്ക് മനസ്സിലാക്കാം.
മാലിന്യ നിർമാർജനം
ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നത് മാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. അതിനാൽ മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
കാർഷികവിളകളിൽ ഒച്ചിന്റെ ശല്യം കൂടുതലായി കാണുന്നുണ്ടെങ്കിൽ പുകയില– തുരിശുലായനി തളിക്കാം. ഇതിനായി പുകയില 25 ഗ്രാം ഒന്നര ലീറ്റർ വെള്ളത്തിൽ എടുത്തു നന്നായി തിളപ്പിക്കണം. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തലേ ദിവസം തന്നെ എടുത്തു വയ്ക്കണം. ഈ രണ്ടു ലായനികളും നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് വിളകളിലോ മരങ്ങളിലോ തളിച്ചുകൊടുക്കാം
.jpg)

