പട്ടുനൂൽ കൃഷിയിൽ ലാഭം കൊയ്യാം
രാജ്യത്ത് സ്ഥിരമായ ആവശ്യകതയുള്ള ലാഭകരമായ കൃഷി-വ്യവസായ മേഖലയാണ് പട്ടുനൂൽ കൃഷി. കേന്ദ്ര സിൽക്ക് ബോർഡിന്റെയും സംസ്ഥാന സർക്കാറുകളുടെയും സാമ്പത്തിക സഹായത്തോടെ ഇത് വിജയകരമായി നടത്താൻ സാധിക്കും. കൃഷിക്ക് ആവശ്യമായ മുട്ടകൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കൊണ്ടുവരുന്നത്. കരുതലോടെയാണ് പരിചരണം. ശ്രദ്ധിച്ചില്ലെങ്കിൽ പുഴുക്കൾക്ക് രോഗംവന്ന് നഷ്ടസാധ്യതയേറെയാണ്. കേരളത്തിൽ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളാണ് പട്ടുനൂൽ കൃഷിക്ക് ഏറ്റവും അനുയോജ്യം. മൾബറി കൃഷി, പുഴുവിനെ വളർത്താനുള്ള ഉപകരണങ്ങൾ വാങ്ങൽ, ഷെഡ് നിർമാണം, ജലസേചനം എന്നിവക്കായി കേന്ദ്ര സർക്കാർ പദ്ധതിയുടെ 50 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും സബ്സീഡി നൽകും. 25 ശതമാനം സ്വന്തമായി മുടക്കണം.
മുട്ട വിരിയിക്കൽ
50 മുട്ടകൾവീതം ട്രേയിൽ പരത്തി മുകളിൽ ബട്ടർ പേപ്പർ കൊണ്ട് മൂടണം. ശേഷം കറുത്ത തുണിയിലോ പേപ്പറിലോ പൊതിഞ്ഞുവെക്കണം. മുട്ട ലഭിക്കുന്ന പാക്കറ്റിൽ വിരിയുന്ന ദിവസത്തിന്റെ സമയം ഉണ്ടാവും. വിരിയുന്ന ദിവസത്തിന് രണ്ടു ദിവസം മുമ്പേയാണ് മുട്ട വിരിയിപ്പിക്കാൻ വെക്കുക. മുട്ട വിരിഞ്ഞ ശേഷം അടിയിൽ നെറ്റ് വിരിച്ച് മറ്റൊരു വലിയ ട്രേയിലേക്ക് പുഴുക്കളെ മാറ്റി മൾബറി ഇലകൾ ചെറുതായി അരിഞ്ഞ് രണ്ടര ദിവസം രാവിലെയും വൈകുന്നേരവും ഭക്ഷണമായി നൽകും. രണ്ടുഘട്ടം ട്രേയിൽ വളർത്തി കഴിഞ്ഞാൽ ഷെഡ്ഡിൽ സജ്ജീകരിച്ച വലിയ സ്റ്റാൻഡിലേക്ക് പുഴുക്കളെ മാറ്റും. ആവശ്യമായ മൾബറി ഇലകളും തണ്ടും ഭക്ഷണമായി നൽകും. കൃഷിയുടെ അഞ്ചാം ഘട്ടത്തിൽ അഞ്ചര മുതൽ ഏഴുദിവസം വരെ തുടർച്ചയായി തീറ്റ നൽകും. ഇതിനുശേഷം പുഴുക്കൾ തീറ്റ നിർത്തി കൊക്കൂൺ നിർമിക്കാനുള്ള തയാറെടുപ്പ് തുടങ്ങും. ഈ ഘട്ടത്തിൽ ഇവ തലയുയർത്തി അനുയോജ്യ സ്ഥലം പരതും. ഈ സമയത്ത് നെട്രികയെന്ന നെറ്റ് സ്റ്റാൻഡിൽ വെച്ചുകൊടുക്കും. പുഴുക്കൾ ഇതിലേക്ക് കയറി നൂൽനൂൽക്കൽ ആരംഭിക്കും. പുഴുക്കൾക്ക് ഉപദ്രവമാവുന്ന ഒന്നും ഈ വേളയിൽ പാടില്ല. നാല് ദിവസങ്ങൾക്ക് ശേഷം വിൽപനക്കാവശ്യമായ കൊക്കൂൺ ലഭിക്കും.
.jpg)

