മത്തൻ കൃഷി : മികച്ച വിളവിന് സിംപിൾ മാർഗം

Pumpkin cultivation: Simple way for better yield

 ആരോ​ഗ്യ ​ഗുണങ്ങളുടെ കലവറയായ മത്തൻ കൃഷി വളരെ എളുപ്പമുള്ളതും പ്രത്യേക പരിചരണം കൂടുതലായി ആവശ്യമില്ലാത്തതുമായ ഒരു കൃഷിയാണ്. പൂർണമായും ജൈവ രീതിയിൽ തന്നെ ഇത് വിജയകരമായി വളർത്താനാകുന്നു. കരോട്ടിൻ സമൃദ്ധമായി അടങ്ങിയിരിക്കുന്ന മത്തൻ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. വേനൽക്കാലത്ത് മികച്ച രീതിയിൽ വളരുന്ന ഈ വിള കേരളത്തിൽ സാധാരണയായി ജനുവരി–ഫെബ്രുവരി, സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലാണ് കൃഷി ചെയ്യുന്നത്.

വിത്തുകളാണ് കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. വിത്തുകൾ പാകി തൈകൾ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോൾ നല്ല രീതിയിൽ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിൻ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിൻ പിണ്ണാക്ക് ഇവ ഉപയോഗിക്കം. 

ഇനങ്ങൾ

അമ്പിളി : ഉരുണ്ട് പരന്ന കായ്കൾക്ക് 4-6 കിലോഗ്രാം വരെ തൂക്കം വരും. അത്യുൽപാദനശേഷിയുള്ള ഇനമാണിത്. ഇളംപ്രായത്തിൽ പച്ചനിറവും മൂക്കുമ്പോൾ മഞ്ഞകലർന്ന ഓറഞ്ച് നിറവും അമ്പിളിയുടെ പ്രത്യേകതയാണ്. അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമാണ്.

സുവർണ്ണ : കാമ്പിന് നല്ല ഓറഞ്ച് നിറമുള്ള ഇനമാണ് സുവർണ്ണ. ഈയിനത്തിൽ കരോട്ടിൻറെ അളവ് കൂടുതലായുണ്ട്. പരന്ന് ഉരുണ്ട കായ്കൾക്ക് തൂക്കം 3-4 കിലോഗ്രാം വരെ തൂക്കമുണ്ടാകും. അത്യുൽപാദനശേഷിയാണ് ഇതിൻറെ മറ്റൊരു പ്രത്യേകത.

സരസ്സ് : നീണ്ട് ഉരുണ്ട മദ്ദളംപോലുള്ള കായ്കൾ ഈയിനത്തിൻറെ സവിശേഷതയാണ്. 45 മുതൽ 50 ദിവസത്തിനുള്ളിൽ പൂവിടുന്ന ഇവയുടെ കായ്കൾക്ക് 3 കിലോഗ്രാമിൽ താഴെ തൂക്കമേ വരൂ. അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യം.

സൂരജ് : ഉരുണ്ട കായ്കൾ, അത്യുൽപാദനശേഷി, 120 ദിവസം ഉൽപാദനകാലം, ഓറഞ്ച് നിറമുള്ള കാമ്പ് എന്നിവ ഇതിൻറെ മെച്ചങ്ങളാണ്. ഇവയ്ക്കുപുറമേ ഒരു കിലോയ്ക്ക് താഴെ മാത്രം തൂക്കം വരുന്ന അർക്ക സൂര്യമുഖി (ബാംഗ്ലൂർ മത്തൻ)യും മത്തൻ ഇനങ്ങളിൽ പ്രമുഖ സ്ഥാനത്തുണ്ട്.

കൃഷിരീതി

കുമ്പളത്തെപ്പോലെതന്നെയാണ് മത്തൻറെ കൃഷിരീതികളും. വിത്തുകൾ നടുന്നതിന് മുൻപ് 6 മണിക്കൂർ വെള്ളത്തിൽ മുക്കി വെക്കുന്നത് നല്ലതാണ്. പൊതുവേ കീട-രോഗങ്ങൾ കുറവാണെന്നു പറയാം. മഞ്ഞളിപ്പ് രോഗത്തെ ഒഴിവാക്കുന്നതിന് സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ വിത്തിടുകയാണ് നല്ലത്. ഒരു സെൻറിൽ കൃഷിചെയ്യുന്നതിന് 6 ഗ്രാം വിത്ത് ആവശ്യമാണ്. ചെടികൾക്കിടയിൽ 4.5 മീറ്ററും വരികൾക്കിടയിൽ 2 മീറ്ററും ഇടയകലം നൽകണം. 3 സെ.മീ. ആഴത്തിൽ വിത്ത് നടാവുന്നതാണ്.

മത്തൻ വള്ളി വീശി തുടങ്ങുമ്പോൾ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) കൊടുക്കുന്നത് നല്ലതാണ്. ഇതിനായി കുറച്ചു കടല പിണ്ണാക്ക് വെള്ളത്തിൽ ഇട്ടു 2-3 ദിവസം വെച്ച ശേഷം നേർപ്പിച്ചു ഒഴിച്ച് കൊടുക്കാം. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ ഇട്ടാൽ ഉറുമ്പ് കൊണ്ടുപോകും, അതൊഴിവാക്കാനാണ് അത് പുളിപ്പിച്ച് കൊടുക്കുന്നത്. ഇടയ്ക്കിടെ നാമ്പ് നുള്ളിവിടുന്നത് കൂടുതൽ തണ്ടുകൾ ഉണ്ടാകാൻ സഹായിക്കും.

മത്തൻ പൂവിടുമ്പോൾ തന്നെ ആൺപൂവും പെൺപൂവും തിരിച്ചറിയാം. പെൺപൂവാണെങ്കിൽ, പൂവിന് താഴെ മത്തങ്ങയുടെ ചെറിയ രൂപമുണ്ടാകും. കുറെ കഴിയുമ്പോൾ പെൺപൂവ് കൊഴിഞ്ഞുപോകുകയും മത്തങ്ങ വലുതായി പാകമാകുകയും ചെയ്യും. മത്തൻറെ പ്രധാന അക്രമി കായീച്ച ആണ്, പരാഗണം നടത്തി കായകൾ പൊതിഞ്ഞു സൂക്ഷിച്ചാൽ നമുക്ക് അവയുടെ ആക്രമണം തടയാം. ഉണങ്ങിയ കരിയില കൊണ്ട് മൂടി മത്തൻ കായകൾ സംരക്ഷിക്കാം.

വിളവെടുപ്പ്

മത്തൻ നട്ട് 50 ദിവസമാകുമ്പോഴേക്കും പൂവിട്ടു തുടങ്ങും. 25 ദിവസംകൂടി കഴിഞ്ഞാൽ വിളവെടുക്കാം.
 

Tags