വീണ്ടും ശ്രദ്ധ നേടി ഫിലോസാൻ

Philosophical news gets attention again

 ഒരിക്കൽ കേരളത്തിൽ വളരെ കുറച്ച് പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന ഫലവിളയായ ഫിലോസാൻ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ മികച്ച വളർച്ച കാട്ടുന്ന ഈ ചെടി കേരളത്തിലും വിജയകരമായി കൃഷി ചെയ്യാനാവുന്ന ഒന്നാണ്. പത്തനംതിട്ട, കോട്ടയം, തൃശൂർ ജില്ലകളിൽ ഇതിനകം തന്നെ ഫിലോസാൻ കൃഷി വ്യാപകമായി കാണപ്പെടുന്നു.

ഫിലോസാൻ, പുലാസാൻ, ഫിലിപ്പീൻസിൽ ‘ബുലാല’ എന്നിങ്ങനെ അറിയപ്പെടുന്ന ഈ വിളയുടെ ഉത്ഭവം മലേഷ്യയിലാണ്. സാപിൻഡേസിയ സസ്യകുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം നെഫേലിയം മ്യൂട്ടാബിലി എന്നാണ്. രൂപത്തിൽ റംബൂട്ടാനോട് ഏറെ സാമ്യമുള്ള ഈ ഫലം, കടുംചുവപ്പും ഇളംചുവപ്പും നിറങ്ങളിലുള്ള രണ്ട് പ്രധാന ഇനങ്ങളിലായി കാണപ്പെടുന്നു.

 നീർവാർച്ചയുള്ളതും ജൈവാംശമേറിയതുമായ മണ്ണിൽ ഫിലോസാൻ കൃഷി ചെയ്യാം. ജൈവവളങ്ങളോടാണ് ചെടിക്ക് പ്രിയം കൂടുതൽ. എട്ട് മുതൽ പത്ത് മീറ്റർവരെ അകലത്തിൽ രണ്ടടി സമചതുരത്തിൽ കുഴികളെടുത്ത് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഉണക്ക് ചാണകപ്പൊടി എന്നിവ മേൽമണ്ണുമായി കൂട്ടിച്ചേർത്ത് കുഴികൾ മൂടിയശേഷം തൈകൾ നടാം. നടീലിനായി വശംചേർത്ത് ഒട്ടിച്ച ഒട്ടുതൈകൾതന്നെ ഉപയോഗിക്കണം. വിത്തു തൈകളിൽ ആൺ, പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയില്ല. വർഷത്തിൽ രണ്ടു മൂന്ന് തവണ ജൈവവളങ്ങളൾ ചേർക്കണം. നന്നായി പരിപാലിച്ചാൽ മൂന്നുമുതൽ അഞ്ചു വർഷത്തിനകം കായ്ചു തുടങ്ങും. പഴങ്ങൾ മഞ്ഞയോ ചുവപ്പോ നിറമാകുമ്പോൾ വിളവെടുക്കാം. ഒരു കുലയിൽ പത്തുമുതൽ 25 കായകൾവരെ കാണും. ഒരു മരത്തിൽനിന്ന്‌ ആറായിരം കായകൾവരെ ലഭിക്കും. രുചികരവും പോഷക സമൃദ്ധവുമാണ്. വിറ്റാമിൻ സി, കാൽസ്യം, മാംസ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്സ് എന്നിവ ധാരാളമുണ്ട്. ജാം, ഐസ് ക്രീം എന്നിവയിൽ രുചി വർധനയ്‌ക്ക്‌ പഴം ഉപയോഗിക്കുന്നു.

Tags