പപ്പായ കൃഷി ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

You should also know these things when growing papaya

 വീട്ടുവളപ്പുകളിൽ സാധാരണയായി കണ്ടുവരുന്ന പപ്പായയ്ക്ക് വലിയ വിപണി സാധ്യതകളുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള അറിവ് പലർക്കും കുറവാണ്. അതിനാൽ കൃഷി ചെയ്യുന്നവർക്കുപോലും ചിലപ്പോൾ വേണ്ടത്ര ലാഭം ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്, ഇതാണ് പപ്പായ കൃഷി കുറയാൻ കാരണമാകുന്നത്. എന്നാൽ ഉയർന്ന ഉൽപ്പാദന ശേഷിയുള്ള ഇനങ്ങൾ തെരഞ്ഞെടുത്ത് ശരിയായ കൃഷിരീതികൾ പിന്തുടർന്നാൽ പപ്പായ കൃഷി ലാഭകരമാക്കാനാകുമെന്ന് കാർഷിക വിദഗ്ധർ വ്യക്തമാക്കുന്നു.

‘റെഡ് ലേഡി’ താരം

മറുനാടൻ ഇനമായ ‘റെഡ് ലേഡി’ ആണ് കൃഷിക്ക് ഏറ്റവും ഉത്തമമെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ പപ്പായയുടെ ഉൾഭാഗം ചുവന്ന നിറത്തിലായിരിക്കും. ആറുമാസംകൊണ്ട് കായ്ക്കുമെന്നതാണ് പ്രത്യേകത. മാത്രമല്ല ഒരു മരത്തിൽ ഒരേസമയം നാല്പതിലധികം പപ്പായകൾവരെ കായ്ക്കും. ഇവക്ക് നല്ല തൂക്കവും കാണും. പച്ച പപ്പായക്കും പഴുത്ത പപ്പായക്കും എല്ലാ കാലത്തും ആവശ്യക്കാരുണ്ട് എന്നത് വിപണിസാധ്യത വർധിപ്പിക്കുന്നു.

കയറ്റുമതി സാധ്യതയും ഏറെ. ജനുവരി അവസാനം, ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് പപ്പായ തൈകൾ മുളപ്പിക്കാൻ ഉത്തമം. പോളിത്തീൻ ബാഗിൽ മണലും ചാണകപ്പൊടിയും മണ്ണും ചേർത്തിളക്കി വിത്തുപാകി മുളപ്പിക്കണം. നന ആവശ്യത്തിന് മാത്രമായിരിക്കണം. ഏപ്രിൽ അവസാനം മുതൽ മേയ്, ജൂൺ അവസാനം വരെയാണ് തൈകൾ മാറ്റിനടാൻ പറ്റിയ സമയം. ഒന്നരമാസത്തെ ഇടവേളയിൽ വളം ചേർക്കണം. ചാണകവും കമ്പോസ്റ്റും ഉത്തമം. മിക്ക നഴ്സറികളിലും പപ്പായ തൈകളും വിത്തുകളും ലഭ്യമാണ്. കൃഷി ഓഫിസുമായി ബന്ധപ്പെട്ടും ഇത് ലഭ്യമാകും.

രോഗങ്ങളിൽ ശ്രദ്ധ വേണം

ഫംഗസ് മൂലം തടയഴുകൽ, വൈറസ് മൂലം ഇലചുരുളൽ, വാട്ടം എന്നിവയാണ് പപ്പായ ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. കൂടാതെ തൈകൾ പെട്ടെന്ന് വാടിപ്പോകുന്നതും കണ്ടുവരാറുണ്ട്. പാകുന്നതിനുമുമ്പ് സ്യൂടോമോണസ് ലായനിയിൽ മുക്കിയ ശേഷം നടുന്നത് തൈകളിലെ ഫംഗസ് രോഗങ്ങൾ ഇല്ലാതാക്കാൻ വളരെ നല്ലതാണ്. മഴക്കാലമാകുന്നതിനു മുമ്പുതന്നെ ഇലകൾക്ക് താഴെ വരെ തണ്ടിൽ ബോഡോ മിശ്രിതം പുരട്ടുന്നതും നല്ലതാണ്.

ഇത് തണ്ട് ചീയൽപോലുള്ള പ്രശ്നങ്ങളെ തടയും. ചെടികളുടെ തടത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലമാണ് ചീയൽ പ്രശ്നങ്ങൾ കൂടുതലുണ്ടാകുന്നത്. ഇലകളിലെ പുള്ളിപ്പൊട്ട് രോഗത്തിനും ബോഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. പാകമായ ഫലങ്ങൾ മൂർച്ചയുള്ള കത്തികൊണ്ടു സാവധാനം മുറിച്ച് പെട്ടിയിൽ തലകീഴായി വെക്കുന്നത് കറപോകാനും കായ്കൾ തമ്മിൽ തട്ടി കേടുവരാതിരിക്കാനും സഹായിക്കും.

Tags