വീട്ടിലിരുന്ന് കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാം ; വരുമാനം കൊയ്യാവുന്ന അലങ്കാര മത്സ്യകൃഷി

Ornamental fish farming

 വീട്ടിലിരുന്ന് കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന ലാഭകരമായ സംരംഭങ്ങളിലൊന്നാണ് അലങ്കാര മത്സ്യകൃഷി. ഒരുകാലത്ത് ഹോബിയായി മാത്രം കണ്ടിരുന്ന ഈ മേഖല ഇന്ന് കേരളത്തിൽ മികച്ച വരുമാനം നേടിക്കൊടുക്കുന്ന സ്വയംതൊഴിൽ സാധ്യതയായി വളർന്നിരിക്കുകയാണ്. വലിയ സ്ഥലമോ ഉയർന്ന നിക്ഷേപമോ ആവശ്യമില്ലാതെ വീട്ടിൽ തന്നെ ഈ സംരംഭം ആരംഭിക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എന്നാൽ ഒരു ബിസിനസായി ആരംഭിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

fish

ആദ്യമായി ഏത് രീതിയിലാണ് സംരംഭം നടത്തേണ്ടതെന്ന് തീരുമാനിക്കണം. മികച്ച ഇനം മത്സ്യങ്ങളെ വാങ്ങി പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽക്കുന്ന ബ്രീഡിങ് യൂണിറ്റ് ആരംഭിക്കാം. ഗപ്പി, മോളി, പ്ലാറ്റി തുടങ്ങിയ മത്സ്യങ്ങൾ വേഗത്തിൽ പ്രജനനം നടത്തുന്നവയായതിനാൽ തുടക്കക്കാർക്ക് അനുയോജ്യമാണ്. മറ്റൊരു മാർഗമാണ് റിയറിങ് യൂണിറ്റ്, ഇതിൽ ചെറിയ മീൻകുഞ്ഞുങ്ങളെ കുറഞ്ഞ വിലയ്ക്ക് വാങ്ങി വളർത്തി വലുതാക്കിയ ശേഷം കൂടുതൽ വിലയ്ക്ക് വിൽക്കുന്നു. ഇതുകൂടാതെ മത്സ്യങ്ങൾക്കൊപ്പം അക്വാറിയം ടാങ്കുകൾ, തീറ്റ, ലൈറ്റുകൾ, ഫിൽട്ടറുകൾ, മരുന്നുകൾ തുടങ്ങിയ അനുബന്ധ ഉൽപ്പന്നങ്ങളും വിൽക്കുന്ന റീട്ടെയിൽ അക്വാറിയം ഷോപ്പ് ആരംഭിക്കുന്നതും മികച്ച ബിസിനസ് സാധ്യതയാണ്.

അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കണം

സിമന്റ് ടാങ്കുകൾ, പ്ലാസ്റ്റിക് ടബ്ബുകൾ, അല്ലെങ്കിൽ ഗ്ലാസ് ടാങ്കുകൾ എന്നിവ മത്സ്യങ്ങലെ വളർത്താനായി ഉപയോഗിക്കാം. തണലുള്ള, എന്നാൽ നേരിയ വെളിച്ചം കിട്ടുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. വെള്ളത്തിൽ ഓക്സിജൻ നിലനിർത്താൻ എയറേറ്ററുകൾ (Aerators) അത്യാവശ്യമാണ്. ക്ലോറിൻ ഇല്ലാത്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ. വീടിനുള്ളിൽ അക്വാറിയം വെക്കുമ്പോൾ നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത ഇടങ്ങൾ തിരഞ്ഞെടുക്കണം. കൃത്യമായ ഇടവേളകളിൽ വെള്ളം മാറ്റുന്നതും അമിതമായി തീറ്റ നൽകാതിരിക്കുന്നതും മത്സ്യങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

അനുയോജ്യമായ മത്സ്യങ്ങളെ തിരഞ്ഞെടുക്കുക

കേരളത്തിലെ വിപണിയിൽ എപ്പോഴും ഡിമാൻഡുള്ളതും തുടക്കക്കാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ മത്സ്യങ്ങളെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഗപ്പി (ഫാൻസി ഇനങ്ങൾ), മോളി, പ്ലാറ്റി, സോർഡ് ടെയിൽ എന്നിങ്ങനെയുള്ള ലോ ബഡ്ജറ്റ് ഇനങ്ങൾ നിലവിലുണ്ട്. ഗോൾഡ് ഫിഷ്, കോയി കാർപ്പ്, എഞ്ചൽ ഫിഷ്, ഫൈറ്റർ (ബെറ്റ) പോലെയുള്ള മീഡിയം/ഹൈ ബഡ്ജറ്റ് അലങ്കാര മത്സ്യങ്ങളെയും വളർത്താവുന്നതാണ്. സാധാരണ ഇനം ഗപ്പികൾക്ക് പകരം മാർക്കറ്റിൽ നല്ല ഡിമാൻഡുള്ള 'ഫാൻസി ഗപ്പി' ഇനങ്ങൾ വളർത്തിയാൽ കൂടുതൽ ലാഭം കൊയ്യാം.
വിപണന സാധ്യതകൾ

ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളെ എവിടെ വിൽക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. നിങ്ങളുടെ പ്രദേശത്തുള്ള പ്രാദേശിക അക്വാറിയം കടക്കാരുമായി മുൻകൂട്ടി സംസാരിച്ച് മൊത്തമായി നിങ്ങൾക്ക് വിൽക്കാം.

സോഷ്യൽ മീഡിയ മാർക്കറ്റിങ് ഈ ഡിജിറ്റൽ യുഗത്തിൽ നല്ല തന്ത്രമാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവ വഴി മത്സ്യങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ച് നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാം. ഇത് കൂടുതൽ ലാഭം തരും.

കേരളത്തിൽ ഫിഷറീസ് വകുപ്പും അഗ്രിക്കൾച്ചറൽ യൂനിവേഴ്സിറ്റികളും അലങ്കാര മത്സ്യകൃഷിക്ക് കൃത്യമായ പരിശീലനങ്ങളും ധനസഹായങ്ങളും (സബ്സിഡികൾ) നൽകാറുണ്ട്. ഇത്തരം പദ്ധതികളെക്കുറിച്ച് തദ്ദേശീയ ഫിഷറീസ് ഓഫിസുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്നത് തുടക്കത്തിൽ വളരെയധികം സഹായകരമാകും.

തുടക്കകാർക്ക് വളർത്താൻ എളുപ്പമുള്ള മത്സ്യങ്ങൾ

ഗപ്പി: തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ മത്സ്യമാണ് ഗപ്പികൾ. പലവിധ നിറങ്ങളിലും വാലുകളുടെ പ്രത്യേകതകളിലും ലഭിക്കുന്ന ഇവയ്ക്ക് വലിയ പരിചരണം ആവശ്യമില്ല. ചെറിയ പാത്രങ്ങളിലും അക്വാറിയങ്ങളിലും ഇവയെ വളർത്താം.

ഗോൾഡ് ഫിഷ്: അലങ്കാര മത്സ്യങ്ങളിൽ എക്കാലത്തെയും ജനപ്രിയ ഇനമാണിത്. ആകർഷകമായ സ്വർണനിറവും ശാന്തമായ സ്വഭാവവും ഇവയെ വീടുകൾക്കുള്ളിലെ വലിയ അക്വാറിയങ്ങൾക്ക് അനുയോജ്യമാക്കുന്നു.

ഫൈറ്റർ ഫിഷ് / ബെറ്റ: ഒറ്റയ്ക്ക് വളർത്താൻ പറ്റിയ ഏറ്റവും മനോഹരമായ മത്സ്യമാണിത്.വിവിധ നിറങ്ങളും നീളമുള്ള ചിറകുകളും ഫൈറ്റർ ഫിഷുകൾക്ക് ഓക്സിജൻ പമ്പ് ഇല്ലാതെതന്നെ ചെറിയ ബൗളുകളിൽ പോലും ജീവിക്കാൻ സാധിക്കും.

മോളി: മഞ്ഞ, വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ ലഭിക്കുന്ന ഇവ വളരെ പെട്ടെന്ന് പ്രജനനം സാധിക്കുന്നവയാണ്. അക്വാറിയത്തിലെ പായലുകൾ തിന്നും ഈ വിരുതർ വിശപ്പടക്കുമെന്നതിനാൽ കൂടുതൽ തീറ്റിപ്പോറ്റേണ്ടി വരില്ല.

പ്ലാറ്റി/സോർഡ് ടെയിൽ: ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ കാണപ്പെടുന്ന ഇവയും തുടക്കക്കാർക്ക് വളർത്താൻ എളുപ്പമുള്ളവയാണ്. ഏറെ ഭംഗിയുള്ളവയാണെന്ന് മാത്രമല്ല, വളരെ സജീവമായി നീന്തിനടക്കുന്ന ഇനത്തിൽ പെട്ടവയാണിത്.

ടെട്രകൾ: നിയോൺ ടെട്ര, കാർഡിനൽ ടെട്ര തുടങ്ങിയ ചെറു മത്സ്യങ്ങൾ കൂട്ടമായി നീന്തുന്നത് കാണാൻ അക്വാറിയങ്ങളിൽ പ്രത്യേക ഭംഗിയാണ്. ലൈറ്റുകൾ ഇട്ട അക്വാറിയങ്ങളിൽ ഇവ തിളങ്ങിനിൽക്കും.

ഏഞ്ചൽ ഫിഷ് : പരന്ന ശരീരവും നീണ്ട ചിറകുകളുമുള്ള എഞ്ചൽ ഫിഷുകൾ അക്വാറിയങ്ങൾക്ക് ഒരു രാജകീയ പ്രൗഢി നൽകുന്നു. അല്പം വലിയ അക്വാറിയങ്ങളാണ് ഇവയ്ക്ക് ആവശ്യം.

വീടുകൾക്കുള്ളിൽ അക്വാറിയം സജ്ജീകരിച്ച് അലങ്കാര മത്സ്യങ്ങളെ വളർത്തുന്നത് ഇന്ന് കേരളത്തിൽ ഒരു പ്രധാന വിനോദവും വീടുകളുടെ ഭംഗി കൂട്ടാനുള്ള മാർഗവുമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ വരുമാന സാധ്യത കൂടിയ ഒരു ബിസിനസ്സ് സംരംഭമായി അലങ്കാര മത്സ്യ കൃഷിയെ കാണാം. 

Tags