സമ്പത്ത് വർധിപ്പിക്കും മണിപ്ലാന്റ്...!
വീടുകളുടെ അകത്തളങ്ങളിൽ കൂടുതലായി കാണപ്പെടുന്ന അലങ്കാര ചെടികളിൽ ഒന്നാണ് മണിപ്ലാന്റ്. സമ്പത്തും ഭാഗ്യവും ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട വിശ്വാസം കൊണ്ടാണ് ഈ ചെടിക്ക് ‘മണിപ്ലാന്റ്’ എന്ന പേര് ലഭിച്ചത്. വളർത്താൻ എളുപ്പമുള്ള ഈ ചെടി വായു ശുദ്ധീകരണത്തിലും മികച്ച പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ ഇൻഡോർ പ്ലാന്റായി വളർത്താൻ ഏറെ അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ് മണിപ്ലാന്റ്.
ഈ ചെടിക്ക് വളരാൻ സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല എന്നതും മണ്ണിലും വെളളത്തിലും ഒരുപോലെ വളരുന്നതും വീട്ടിനകത്തും പുറത്തും വെക്കാമെന്നതും ഈ ചെടിയുടെ ഡിമാൻറ് കൂട്ടുന്നു. ഫെങ്ഷൂയി വിശ്വാസമുള്ളവരും വളരെയധികം പ്രാധാന്യം നൽകുന്ന സസ്യമാണിത്. അരേഷ്യയ കുടുംബത്തിൽ ഉൾപ്പെട്ട വള്ളിച്ചെടിയാണ് മണിപ്ലാൻറ്.
കാർബൺഡൈ ഓക്‌സൈഡിനെ വലിച്ചെടുക്കുകയും വിഷാംശമുള്ള ഘടകങ്ങളെ ഇല്ലാതാക്കുകയും ഓക്‌സിജൻ ധാരാളം പുറത്തു വിടുകയും ചെയ്യുന്നു. ഇതിലൂടെ ശുദ്ധവായു ലഭിക്കുകയും ചെയ്യുന്നു.
ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും മണി പ്ലാൻറ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഭൂരിഭാഗം ആളുകളുംമണിപ്ലാൻറിനെ പരിപാലിക്കുന്നത് അത് വച്ചുകഴിഞ്ഞാൽ ധനവും ഐശ്വര്യവും ഉണ്ടാവും എന്ന വിശ്വാസം കൊണ്ടാണ്. എന്നാൽ ഇന്ന് ഏറ്റവും നല്ല അലങ്കാര സസ്യമായും ഈ ചെടി ഉപയോഗിക്കുന്നുണ്ട്. നഴ്സറികളിലും മറ്റും നിരവധി ആളുകളാണ് വിവിധ തരം മണിപ്ലാൻറുകൾ അന്വേഷിച്ചെത്തുന്നത്. എന്നാൽ ചെടി സമ്പത്ത് കൊണ്ടുവരുമെന്ന വിശ്വാസത്തിന് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ല.
.jpg)

