പുതിനയില ഇങ്ങനെ വീട്ടിൽ വളർത്താമെന്ന് അറിയാമോ ?
ഭക്ഷണങ്ങൾക്ക് രുചിയും മണവും നൽകാൻ സഹായിക്കുന്ന ഒന്നാണ് പുതിനയില. വിവിധ പാനീയങ്ങളിലും വിഭവങ്ങളിലും ഉപയോഗിക്കുന്ന ഇതിന് രുചിയോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഉള്ളതിനാൽ, ദൈനംദിന ഭക്ഷണത്തിൽ പുതിനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. വിറ്റാമിൻ എ, ഇരുമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവ പുതിനയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പുതിനയിൽ ധാരാളം ആന്റ് ഓക്‌സിഡന്റുകൾ അടങ്ങുന്നതിനാൽ ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കും.
പുതിന സാധാരണയായി പലരും കടയിൽ നിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാൽ വൻതോതിൽ കൃഷി ചെയ്യുന്ന പുതിനയിൽ ശക്തമായ കീടനാശിനികളുടെ അവശിഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുന്നത് നിർബന്ധമാണ്. ഇതിന് മികച്ചൊരു പരിഹാരമായി, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ പുതിന വളർത്താം. കടയിൽ നിന്ന് വാങ്ങുന്ന പുതിനയുടെ തണ്ടുകൾ ഉപയോഗിച്ച് തന്നെ ഇത് വളർത്തിയെടുക്കാനാകുന്നത് പ്രത്യേകതയാണ്.

പുതിന വീട്ടിൽ വളർത്താം
അധികം വാടാത്ത പുതിനയാണ് നടാനായി എടുക്കേണ്ടത്. ആരോഗ്യമുള്ള ഒരു പുതിനത്തണ്ടെടുത്ത് അതിൻറെ വലിയ ഇലകൾ മുഴുവൻ കട്ട് ചെയ്ത് ഒഴിവാക്കണം. ചെറിയ ഇലകൾ നിലനിർത്താം. ഇത് പോട്ടിങ് മിക്സിൽ നടുകയാണ് വേണ്ടത്. മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവ കലർത്തിയ പോട്ടിങ് മിശ്രിതമാണ് പുതിന നടാൻ നല്ലത്. നടുന്നതിന് മുമ്പ് ഇത് നനച്ചുകൊടുക്കണം.
നനഞ്ഞുകിടക്കുന്ന ഈ പോട്ടിങ് മിശ്രിതത്തിൽ വേണം പുതിന നടാൻ. ചെടികൾ നടുന്നത് പോലെ നേരെ കുത്തനെയല്ല പുതിനത്തണ്ട് നടേണ്ടത്. മണ്ണിൽ അൽപം ചരിച്ച് കിടത്തി വേണം പുതിനത്തണ്ട് നടാൻ. നീളമേറിയ തണ്ടാണെങ്കിൽ ഇടവിട്ട സ്ഥലങ്ങളിൽ തണ്ട് മണ്ണിനുള്ളിലാവുന്ന വിധം കുത്തി വെക്കണം. ശിഖരങ്ങളുള്ള തണ്ടായാൽ പോലും ഈ രീതിയിൽ നടാം.
ഒരു മൂന്ന് ആഴ്ചയാകുമ്പോഴേക്കും പുതിനത്തണ്ടിൽ പുതിയ വേരുകൾ പിടിച്ചുവരുന്നത് കാണാം. ഒരു മാസം പിന്നിടുമ്പോഴേക്കും നല്ല നിലയിൽ വളർന്നുവരും. വേനൽക്കാലത്ത് നന്നായി നനച്ചുകൊടുക്കണം. ചെറിയ ഒരു നനവ് എപ്പോഴും മണ്ണിലുണ്ടായിരിക്കണം. പുതിനയിലയിൽ പുഴുശല്യമോ മറ്റ് കീടശല്യമോ കാണുകയാണെങ്കിൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തുകൊടുക്കാം.
നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിലാണ് പുതിന നന്നായി വളരുക. എന്നാൽ, സൂര്യപ്രകാശം കുറഞ്ഞയിടങ്ങളിലും വളരും. നല്ല വളം വേണ്ട ഒരു ചെടിയാണിത്. കാലിവളവും ഗോമൂത്രം നേർപ്പിച്ചതും കടലപ്പിണ്ണാക്ക് കുതിർത്ത് നേർപ്പിച്ചത് ചാണകെത്തളിയുടെ കൂടെയും രണ്ടാഴ്ചയിലൊരിക്കൽ കൊടുക്കാം. ജൈവവള ഗ്രാന്യൂളുകൾ കുറേശ്ശെ ഇട്ടു കൊടുക്കാം. അതും രണ്ടാഴ്ചയിലൊരിക്കൽ. നനയുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നന തീരെ കുറയാനും വല്ലാതെ കൂടാനും പാടില്ല.
.jpg)

