ചീരയിലെ ഇലപ്പുള്ളി രോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതും എളുപ്പത്തിൽ അടുക്കള തോട്ടത്തിൽ നട്ടുവളർത്താവുന്നതുമായ പച്ചക്കറിയാണ് ചീര. സാധാരണയായി കീടാക്രമണം കുറവുള്ള പച്ചക്കറിയാണ് ചീര എങ്കിലും, ഇലപ്പുള്ളി അല്ലെങ്കിൽ മൊസൈക് രോഗം ചിലയിടത്ത് കാണപ്പെടാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്താണ് ഈ രോഗം കൂടുതലായി വ്യാപിക്കുന്നത്. മാരകമായ കീടനാശിനികൾ ഉപയോഗിക്കാതെ തന്നെ ഇത് നിയന്ത്രിക്കാനാകുന്നതാണ് വലിയ ഗുണം. ചുവപ്പ് ചീരയിലാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്, എന്നാൽ പച്ച ചീരയ്ക്ക് സ്വാഭാവികമായ പ്രതിരോധശേഷിയുണ്ട്. അതിനാൽ, ചീര നട്ടുപിടിപ്പിക്കുമ്പോൾ ഇടവിടങ്ങളിൽ പച്ച ചീര കൂടി നട്ടാൽ ഇലപ്പുള്ളി രോഗം തടയാൻ സഹായിക്കും.
ഇലപ്പുള്ളി രോഗം
റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളിൽ ക്ഷതമേറ്റ രീതിയിൽ സുതാര്യ പുള്ളികൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണം. തുടർന്ന് പുള്ളികൾ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളർ വെള്ളയാകും. രോഗം കാണുന്ന ചെടികളോ ഇലകളോ പറിച്ചു നശിപ്പിക്കുകയോ തീയിടുകയോ ചെയ്യാം.
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പാൽക്കായം മഞ്ഞൾപ്പൊടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇല പ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാധനങ്ങൾ 1, പാൽക്കായം . 2, മഞ്ഞൾ പൊടി 3, സോഡാപ്പൊടി (അപ്പക്കാരം). പത്ത് ഗ്രാം പാൽക്കായം 2.5 ലിറ്റർ വെള്ളത്തിൽ അലിയിക്കുക. ചെറുതായി പൊടിച്ച് അലിയിക്കാം. ഇതിൽ 2 ഗ്രാം സോഡാപൊടിയും എട്ട് ഗ്രാം മഞ്ഞൾപ്പൊടിയും ചേർന്ന മിശ്രിതം കലർത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേൃ ചെയ്യുക.
ഇലപ്പുള്ളി രോഗത്തെ ജൈവരീതിയിൽ നിയന്ത്രിക്കുന്നതിന്, രണ്ട് ശതമാനം ചാണക തെളിയിൽ രണ്ട് ശതമാനം സ്യൂഡോമോണാസ് കലക്കി തളിക്കുന്ന രീതി വളരെ ഫലപ്രദമാണ്. സ്യൂഡോമോണാസ് എന്നത് ചെടിയുടെ രോഗപ്രതിരോധശേഷി കൂട്ടുവാനും വളർച്ച ത്വരിതപെടുത്തുവാനും കഴിവുള്ള ഒരു മിത്രബാക്ടീരിയയാണ്. ഇവ വെള്ള നിറത്തിലുള്ള പൊടി (ടാൽക്ക്) രൂപത്തിൽ, കിലോയ്ക്ക് 75 രൂപ എന്ന നിരക്കിൽ കേരള കാർഷിക സർവകലാശാലയിലെ വിപണനകേന്ദ്രങ്ങളിൽ ലഭ്യമാണ്.
.jpg)

