ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍ വിളയിച്ച് കൊടക്കാട് സ്‌കൂളിലെ കുഞ്ഞുങ്ങള്‍, അടുത്ത പടി ചോറിനുള്ള അരി

Children at Kodakkad school grow vegetables for lunch, next step is rice for rice
Children at Kodakkad school grow vegetables for lunch, next step is rice for rice


കാസർകോട് : കാര്‍ഷിക സംസ്‌കാരം അന്യം നിന്നു പോകുന്ന പുതിയ കാലത്ത്  വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കൊടക്കാട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി സ്‌കൂളില്‍ ആരംഭിച്ച സമൃദ്ധി കാര്‍ഷിക പദ്ധതി പകർന്നു നൽകുന്നത് പുതിയ പാഠം. വിഷരഹിതമായ ഭക്ഷണം  കുട്ടികള്‍ക്ക് നല്‍കുക എന്ന  ലക്ഷ്യത്തോടെ  സ്‌കൂള്‍ പി.ടി.എ, എം.പി.ടി.എ, എസ് എം സി, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംയുക്തമായി നടപ്പിലാക്കുന്ന  കാര്‍ഷിക പദ്ധതിയാണ് സമൃദ്ധി. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷികബോധം വളര്‍ത്തുന്നതിനപ്പുറം, ഭക്ഷ്യസുരക്ഷയുടെയും സ്വയം പര്യാപ്തതയുടെയും സന്ദേശം നല്‍കുക  എന്ന ലക്ഷ്യം കൂടിയുണ്ട്. തങ്ങളുടെ ആവശ്യത്തിനായി പച്ചക്കറികള്‍ സ്‌കൂള്‍ പറമ്പില്‍ തന്നെ ഉദ്പാദിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് അത് പുതുമയേറിയ അനുഭവമായി മാറി.

സ്‌കൂള്‍ പറമ്പില്‍ നട്ടുവളര്‍ത്തിയ ചീരയും വെള്ളരിയും കുമ്പളവുമെല്ലാം ഉച്ച ഭക്ഷണത്തിന് സ്വാദ് കൂട്ടുന്നു. വിത്തിടല്‍ മുതല്‍ ചെടികളുടെ വളര്‍ച്ച, കീടനാശിനികളില്ലാത്ത പരിപാലനരീതികള്‍, ജൈവ പന്തല്‍ തയ്യാറാക്കല്‍  തുടങ്ങി എല്ലാ പ്രവര്‍ത്തങ്ങളിലും കുട്ടികള്‍ നേരിട്ട് പങ്കാളികളാകുന്നു. പുസ്തകങ്ങളിലൂടെ മാത്രം പരിചിതമായിരുന്ന കൃഷിയും കൃഷിരീതിയും നേരിട്ട് അനുഭവിച്ചറിയുന്നതിന്റെ കൗതുകത്തിലാണ് അവര്‍.

രാവിലെ അധ്യാപകരും കുട്ടികളും കൃഷി പരിപാലനത്തില്‍ സജീവമാകുമ്പോള്‍ വൈകുന്നേരങ്ങളില്‍ അത് രക്ഷിതാക്കളുടെ കടമയാണ്. ഡിസംബറിൽ ആരംഭിച്ച കൃഷിയില്‍ നിന്നും ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടുമാസമായി വിളവ് ലഭിക്കുന്നുണ്ട്. പയര്‍, തക്കാളി, വഴുതിന എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കും. പച്ചക്കറിക്ക് പുറമേ  തൊട്ടടുത്ത വയലില്‍ നെല്‍കൃഷിയും വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്. അടുത്തു തന്നെയുള്ള ആര്യക്കാടി പാടശേഖരം പാട്ടത്തിന് എടുത്തതാണ് സ്‌കൂളിലെ ജൈവ നെല്‍കൃഷി ചെയ്യുന്നത്. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണ  'സമൃദ്ധി'യെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഭാവി തലമുറയ്ക്ക് കാര്‍ഷികബോധം നല്‍കുന്നതില്‍ 'സമൃദ്ധി' നിര്‍ണായക പങ്ക് വഹിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയ്ദീപ് വ്യക്തമാക്കി.
 

Tags