മഴക്കാലത്ത് അടുക്കളത്തോട്ടത്തിൽ വിളയിക്കാം ഈ പച്ചക്കറികൾ

These vegetables can be grown in the kitchen garden during the rainy season.

 മഴക്കാലം ആരംഭിച്ചതോടെ കാലാവസ്ഥയും ജീവിതശൈലിയും മാറിക്കൊണ്ടിരിക്കുന്നു. എപ്പോൾ വേണമെങ്കിലും പെയ്യുന്ന മഴയും തണുത്ത അന്തരീക്ഷവും ഈ സമയത്തെ പ്രത്യേകമാക്കുന്നു. ഇത്തരമൊരു സമയത്ത് വീട്ടുവളപ്പിൽ ഒരു ചെറിയ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. പച്ചക്കറി വിലക്കയറ്റവും രാസവസ്തുക്കളുടെ ഭീഷണിയും ഒഴിവാക്കാൻ, വീട്ടിൽ തന്നെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ചില പച്ചക്കറികൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. വളരെ കുറഞ്ഞ ഇടത്തിലും പരിചരണത്തിലും വളർത്താൻ കഴിയുന്ന ആറു ഇനങ്ങൾയും അവയുടെ കൃഷിരീതികളും പരിചയപ്പെടാം. മികച്ച ഗുണമേന്മയുള്ള വിത്തുകളും ശരിയായ പരിചരണവും ഉണ്ടെങ്കിൽ, ഈ മഴക്കാലം നിങ്ങളുടെ അടുക്കളയെ തന്നെ പച്ചപ്പും സമൃദ്ധിയും നിറഞ്ഞതാക്കും.

തക്കാളി

തക്കാളിയെ പിന്നിലാക്കി ഒരു അടുക്കളയും മുന്നോട്ടുപോകില്ല. എന്നാൽ, മഴക്കാലത്ത് തക്കാളി കൃഷി ചെയ്യുമ്പോൾ അൽപം ശ്രദ്ധ വേണം. ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കുന്ന ഇനങ്ങൾ വേണം തിരഞ്ഞെടുക്കാൻ. മുളകിനെപ്പോലെ തക്കാളിയും ആദ്യം തൈകൾ പാകി മുളപ്പിച്ച ശേഷമാണ് മാറ്റി നടേണ്ടത്. ഗ്രോബാഗുകൾ മഴ നേരിട്ട് അടിക്കാത്ത തണലുള്ള ഇടങ്ങളിലോ അല്ലെങ്കിൽ വെള്ളം വാർന്നുപോകുന്ന ടെറസ്സിലോ വെക്കുന്നത് നല്ലതാണ്. മികച്ച വിത്തിനങ്ങൾ: ശക്തി, മുക്തി, അനഘ.

ചീര

കൃത്യമായ പരിചരണത്തിലൂടെ മികച്ച വിളവ് കൊയ്യാവുന്ന ഇലയാണ് ചീര. ചീരവിത്തുകൾ മണലുമായി ചേർത്ത് തടങ്ങളിൽ വിതറണം. തൈകൾ അൽപം വളരുമ്പോൾ ആവശ്യമെങ്കിൽ മാറ്റി നടാം. ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ ചീര ചീഞ്ഞുപോകും. കൂടാതെ ഇലകളിൽ നേരിട്ട് ശക്തമായ മഴവെള്ളം വീഴാതെ സംരക്ഷിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ചീരയ്ക്ക് ഇലപ്പുള്ളി രോഗം വരാൻ സാധ്യത കൂടുതലായതിനാൽ ശ്രദ്ധയോടെ വേണം പരിപാലനം നടത്താൻ. അരുൺ (ചുവപ്പ്), രേണുശ്രീ, കോയമ്പത്തൂർ പച്ച എന്നിവയാണ് ചീരയുടെ മികച്ച ഇനങ്ങൾ.

വെണ്ട

മഴക്കാലത്ത് ഏറ്റവും എളുപ്പത്തിൽ വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വെള്ളം കെട്ടിക്കിടക്കാത്ത ഇടങ്ങളിലാണ് വെണ്ട നടേണ്ടത്. വിത്തുകൾ നടുന്നതിന് മുമ്പ് 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് നല്ലതാണ്. ഗ്രോബാഗിലോ മണ്ണിലോ നേരിട്ട് വിത്ത് നടാം. മഴക്കാലത്ത് വേരുചീയൽ തടയാൻ മണ്ണ് കൂനകൂട്ടി അതിൽ നടുന്നതാണ് ഉചിതം. അർക്ക അനാമിക, സുസ്ഥിര, കിരൺ, സൽകീർത്തി എന്നിവയാണ് വെണ്ടയിനത്തിലെ മികച്ചവ.

പയർ

മഴക്കാലത്ത് പടർന്നു പന്തലിക്കുന്ന ഇനങ്ങളെക്കാൾ ബുഷ് (കുറ്റിച്ചെടി) ഇനങ്ങളോ അധികം പടരാത്ത ഇനങ്ങളോ ആണ് കൂടുതൽ അനുയോജ്യം. തടമെടുത്ത് നേരിട്ട് പയറിന്റെ വിത്ത് നടുന്നതിൽ പ്രശ്നമില്ല. പടരുന്ന ഇനമാണെങ്കിൽ ചെറിയ പന്തലോ കമ്പുകളോ കുത്തിക്കൊടുക്കണം. മഴക്കാലത്ത് ഇലപ്പുള്ളി രോഗം വരാൻ സാധ്യതയുള്ളതിനാൽ ജൈവ സ്ലറി പ്രയോഗം നടത്താം. ലോല, കനകമണി (കുറ്റിപ്പയർ), വൈജയന്തി, ശരത് എന്നീ മികച്ച ഇനം പയറുകൾ തന്നെ നട്ടുവളർത്തിക്കോളൂ

മുളക്

നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനിയായ മുളക് മഴക്കാലത്ത് നന്നായി വളരും. എന്നാൽ അമിതമായി വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്ന് മാത്രം. വിത്തുകൾ ആദ്യം തടങ്ങളിൽ പാകി മുളപ്പിക്കുകയാണ് വേണ്ടത്. നാല് ഇലകൾ പ്രായമാകുമ്പോൾ ഇവ വലിയ ചട്ടികളിലേക്കോ ഗ്രോബാഗുകളിലേക്കോ മാറ്റി നടാം. മികച്ച വിത്തിനങ്ങളായ ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി എന്നിവ രോഗപ്രതിരോധ ശേഷി കൂടിയ ഇനങ്ങളാണ്.

കപ്പളങ്ങ / പപ്പായ

മുറ്റത്തെ അതിരുകളിലോ പറമ്പിലോ നടാൻ പറ്റിയ മികച്ച മഴക്കാല വിളയാണിത്. നട്ടാൻ മഴയും കൊണ്ട് അതങ്ങ് തഴച്ചുവളർന്നോളും. പിന്നെ ഒന്നും നോക്കേണ്ടതില്ല. പച്ചക്കറിയായും പഴമായും ഒരുപോലെ ഉപയോഗിക്കാം. നന്നായി വെള്ളം വാർന്നുപോകുന്ന ഉയർന്ന സ്ഥലങ്ങളിൽ കുഴിയെടുത്ത് നടുകയാണ് വേണ്ടത്. അടിവളമായി ചാണകപ്പൊടിയും ചാരവും ചേർക്കാം. തൈകൾക്ക് അമിതമായി വെള്ളം കെട്ടിനിൽക്കരുത്. കുറച്ച് വളർന്നതിനുശേഷം കെട്ടിക്കിടന്നാലും പ്രശ്നമില്ല. റെഡ് ലേഡി, കൂർഗ് ഹണി ഡ്യൂ, സൂര്യ എന്നിവ മികച്ച വിത്തുകളാണ്.
വിജയകരമായ മഴക്കാല കൃഷിക്ക് ചില സുപ്രധാന നിർദേശങ്ങൾ

    പച്ചക്കറികൾ നടുന്ന തടങ്ങളിലോ ഗ്രോബാഗുകളിലോ ഒരു കാരണവശാലും വെള്ളം കെട്ടിക്കിടക്കരുത്.
    മണ്ണിലെ അമ്ലത്വം കുറയ്ക്കാൻ നടുന്നതിന് രണ്ടാഴ്ച മുമ്പ് കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർക്കുക.
    രാസവളങ്ങൾക്ക് പകരം ചാണകപ്പൊടി, കോഴിക്കാഷ്ഠം, വേപ്പിൻപിണ്ണാക്ക് എന്നിവ ഉപയോഗിക്കുക.
    മഴക്കാലത്ത് കീടങ്ങളുടെ ആക്രമണം കൂടാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് നല്ലതാണ്. 

Tags