അടുക്കളത്തോട്ടത്തിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ ഇങ്ങനെ ചെയ്യൂ...
എത്ര ശ്രമിച്ചാലും അടുക്കളത്തോട്ടം നല്ല വിളവ് നൽകുന്നില്ലെന്ന പരാതിയാണ് പലർക്കും. വീട്ടിൽ ദിവസവും ഉപയോഗിക്കാൻ പോലും പച്ചക്കറികൾ കിട്ടുന്നില്ലെന്നത് വീട്ടമ്മമാരുടെ സാധാരണ വിഷമമായി മാറിയിരിക്കുകയാണ്. ചെടികൾ നട്ട് കുറച്ച് സമയം ചിലവഴിച്ചതുകൊണ്ട് മാത്രം നല്ല ഫലം ലഭിക്കണമെന്നില്ല.
വിത്ത് തിരഞ്ഞെടുപ്പ് മുതൽ നടീൽ, നനവ്, വളപ്രയോഗം, പരിചരണം, വിളവെടുപ്പ് എന്നിവയെല്ലാം ശാസ്ത്രീയമായി ചെയ്താൽ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിക്കൂ. അതിനായി ഈ ആറു മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ....
വിത്ത്
വിത്തുകൾ റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ കിളിർക്കുന്ന സമയം കൂട്ടാം. വിത്തു പാകുംമുമ്പ് മണ്ണ്, വെയിൽ കൊള്ളിച്ചോ തടത്തിൽ തീയിട്ടോ അണുമുക്തമാക്കുക. സങ്കരയിനങ്ങളിൽനിന്നു വിത്തു ശേഖരിക്കരുത്, ഒടുവിൽ ഉണ്ടാകുന്ന കായ്കൾ വിത്തിനെടുക്കരുത്. വിത്തു നടുന്നതിനുമുമ്പ് 12 മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്താൽ പെട്ടെന്ന് മുളക്കും. വിത്തു മുളക്കുന്നതാണോ എന്ന് അറിയാൽ ഒരു പാത്രത്തിലെടുത്ത വെള്ളത്തിൽ ഇട്ടാൽ മതി. പൊങ്ങിക്കിടക്കുന്ന വിത്തുകൾ കളയാം.
നനക്കൽ
ആവശ്യാനുസരണം മാത്രം നനക്കുക. കൂടുതൽ ജലം നൽകലല്ല, ആവശ്യമുള്ള വെള്ളം ആവശ്യമായ സമയങ്ങളിൽ കൃത്യമായി നൽകണം. കോവൽ, മുരിങ്ങക്ക എന്നിവക്ക് ഏറെ വെള്ളം വേണ്ട. കനത്ത മഴയും ഈർപ്പവും തക്കാളിക്ക് യോജിച്ചതല്ല. ചീരക്ക് നന ചുവട്ടിൽ മാത്രം. ഇലയിൽ തളിക്കരുത്.
നടീൽ
ചെടികൾ കൃത്യമായ അകലത്തിൽ നട്ടാൽ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും കഴിയും. ഒരു വിള ഒരു സ്ഥലത്തുതന്നെ തുടർച്ചയായി കൃഷി ചെയ്യരുത്. മുളക്, വഴുതന, തക്കാളി തുടങ്ങി ഒരേ കുടുംബത്തിൽപ്പെടുന്ന വിളകൾ ഒന്നിച്ചുനടാതിരിക്കുക. പച്ചക്കറികൾ നാലില പ്രായമാകുമ്പോൾ പറിച്ചു നടാം. വൈകുന്നേരമാണ് പറിച്ചുനടീലിന് നല്ലത്. പച്ചച്ചീരയും ചുവന്ന ചീരയും ഇടകലർത്തി നടുന്നത് രോഗബാധ കുറക്കും. വെണ്ട മഴക്കാലത്തും കൃഷി ചെയ്യാം. കോവൽ ചെടിയിൽ ആൺ-പെൺ വ്യത്യാസം ഉള്ളതിനാൽ മാതൃസസ്യത്തിെൻറ വള്ളികൾ മുറിച്ചാണ് നടേണ്ടത്. കടുത്ത വേനൽക്കാലത്ത് പാവൽ, പടവലം, വെള്ളരി, മത്തൻ കൃഷി വേണ്ട. പ്രോട്രേ വാങ്ങിക്കാൻ കിട്ടും. എളുപ്പത്തിൽ ഒത്തിരി വിത്തുകൾ പാകാനും മുളപ്പിക്കാനും വേരുകൾക്കു ക്ഷതം പറ്റാതെ െതെകൾ പറിച്ചുനടാനും പ്രോട്രേ മതി. ട്രേയിൽ മുളപ്പിക്കുന്ന തൈകൾക്ക് ഒരേ വളർച്ചയാണ്.
പരിചരണം
ചീര പാകമായാൽ പിഴുതെടുക്കാതെ മുറിച്ചെടുത്തിട്ട് വളമിട്ടാൽ വീണ്ടും വിളവു കിട്ടും. പുതയിടുന്നതു മണ്ണിലെ ഈർപ്പവും വളക്കൂറും നിലനിർത്തും. വളർച്ച കൂടിയാൽ തലപ്പു നുള്ളിക്കളഞ്ഞാൽ കൂടുതൽ ശിഖരങ്ങളുണ്ടാകാനും വിളവ് ഏറാനും സഹായിക്കും. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന കായ്കൾ കൂടുതൽ കാലം കേടുകൂടാതിരിക്കും. ഗ്രോബാഗിൽ പകുതി മിശ്രിതം നിറച്ചാൽ മതി. പിന്നീടു ചെടി വളരുന്നതിനനുസരിച്ച് ചേർത്തുകൊടുക്കാം. മണ്ണു പരിശോധിച്ച് അമ്ലത്വം അളന്നിട്ടുവേണം കുമ്മായം ചേർക്കാൻ. ഇടുമ്പോൾ കുമ്മായം ഇലകളിൽ വീഴരുത്. കുമ്മായമിട്ട് ഒരാഴ്ച കഴിഞ്ഞേ രാസവളം ചേർക്കാവൂ.
വളം
പച്ചക്കറികളുടെ ചുവട്ടിൽ അഴുകുന്ന ജൈവാവശിഷ്ടങ്ങൾ ഇടരുത്. പച്ചിലവളങ്ങൾ വിളവു കൂട്ടും. നടുേമ്പാൾ 50-100 ഗ്രാം വേപ്പിൻപിണ്ണാക്ക് വിള അനുസരിച്ച് തടത്തിൽ ചേർക്കുക. ചീരക്ക് ചാരം അധികമായാൽ പെട്ടെന്നു കതിർ വരും. മണ്ണിൽ നനവ് ഉറപ്പാക്കി, ചെടിച്ചുവട്ടിൽനിന്ന് അകറ്റി വേണം വളമിടാൻ. വളം ചേർത്ത് വേരിളക്കം തട്ടാതെ മണ്ണിളക്കിക്കൊടുത്താൽ വേരോട്ടവും വളർച്ചയും കൂടും. 10 ഗ്രാം ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ തെളി ചെടികളിൽ തളിക്കുന്നത് നല്ലതാണ്.
കടലപ്പിണ്ണാക്ക് കുതിർത്ത്, തെളി മണ്ണിലൊഴിക്കുന്നത് ചെടികളുടെ ആരോഗ്യം കൂട്ടും. ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കരുത്. ജൈവവളങ്ങൾക്കൊപ്പം ട്രൈക്കോേഡർമ ചേർത്താൽ നന്ന്. ട്രൈക്കോേഡർമ എന്ന മിത്ര കുമിൾ മണ്ണിൽ ചേർത്താൽ രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാൻ സഹായിക്കും. മണ്ണിൽ ഈർപ്പം ഉറപ്പാക്കി വേണം ജീവാണുവളങ്ങൾ, മിത്രകുമിളുകൾ എന്നിവ പ്രയോഗിക്കാൻ.
രോഗ, കീട നിയന്ത്രണം
ജൈവകീടനാശിനികൾ രാവിലെയോ വൈകീട്ടോ ഉപയോഗിക്കാം. വൈറസ് രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റി നശിപ്പിക്കണം. രോഗകീടബാധയേറ്റ സസ്യഭാഗങ്ങൾ മുറിച്ചുമാറ്റി നശിപ്പിക്കുക. വിത്തു നടുന്ന തടത്തിലെ ഉറുമ്പുശല്യം ഒഴിവാക്കാൻ മഞ്ഞൾപ്പൊടി-കറിക്കായ മിശ്രിതം ഉപയോഗിക്കാം. പാവൽ, പടവലം തുടങ്ങിയവയുടെ കായ്കൾ കൂടുകൊണ്ട് പൊതിയുക. പയറിലോ മുളകിലോ ഉറുമ്പിനെ കണ്ടാൽ മുഞ്ഞബാധ സംശയിക്കണം. നേർപ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയിൽ സ്‌പ്രേ ചെയ്തും നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം. നീറ് ചെടികളിൽ ഉള്ളത് കീടനിയന്ത്രണത്തിനു സഹായിക്കും. ബന്തിച്ചെടികൾ ഒപ്പം നട്ടാൽ വെണ്ടയിലെ കീടങ്ങളെ നിയന്ത്രിക്കാം. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ തുരന്ന ഭാഗത്തിനു താഴെെവച്ച് മുറിച്ചു നശിപ്പിക്കുക. നീരൂറ്റിയെടുക്കുന്ന കീടങ്ങൾക്കെതിരെ വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പുമിശ്രിതം ഉപയോഗിക്കുക. മഞ്ഞക്കെണി/മഞ്ഞ കാർഡ് എന്നിവ തോട്ടത്തിൽ െവച്ച് വെള്ളീച്ചയെ നിയന്ത്രിക്കാം. ഇലതീനിപ്പുഴുക്കൾ, തണ്ടും കായും തുരക്കുന്ന കീടങ്ങളെ അകറ്റാൻ വേപ്പിൻകുരു സത്ത് ഉപയോഗിക്കുക.
ഗോമൂത്രം നാലിരട്ടി വെള്ളം ചേർത്തു ചെടികളിൽ ആഴ്ചയിലൊരിക്കൽ തളിക്കുന്നതും ജൈവകീടനാശിനികൾ ഇടവിട്ട് തളിക്കുന്നതും കീടങ്ങളെ അകറ്റും. ചെടികൾ തിന്നുനശിപ്പിക്കുന്ന കീടങ്ങൾക്കെതിരെ 20 ഗ്രാം ബ്യുവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. രാത്രി എട്ടിനുമുമ്പ് വിളക്കു കെണികൾ വെക്കുന്നതും ആഴി കൂട്ടുന്നതും കീടങ്ങളെ ആകർഷിച്ചു നശിപ്പിക്കും.
ജൈവകീടനാശിനി പ്രയോഗിക്കുമ്പോൾ തണ്ടിലും ഇലയുടെ അടിയിലും ചെടിയുടെ ചുവട്ടിലും വീഴണം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, 15 ദിവസം ഇടവിട്ട് സ്‌പ്രേ ചെയ്താൽ വാട്ടരോഗം അകലും, വളർച്ച കൂടും.
.jpg)

