വർണങ്ങൾ വാരി വിതറി മനം കവരുന്ന ബൊഗേൻവില്ല ഇങ്ങനെ നടാം..

how to plant bougainvillea
how to plant bougainvillea

ഒതുങ്ങിയ പ്രകൃതമുള്ള കുറ്റിച്ചെടിയായി ചട്ടിയിലും വള്ളിച്ചെടിയായി മതിലിലും ട്രെല്ലിയിലുമെല്ലാം വളർത്താൻ യോജിച്ചതാണ് ബൊഗേൻവില്ല എന്ന പൂച്ചെടി. അമേരിക്കൻ സുന്ദരിയാണ് ബൊഗേൻ വില്ല കടുത്ത വേനലിൽപോലും സമൃദ്ധമായി പൂവിടും. പല വർണങ്ങളിൽ ഇന്ന് ബൊഗേൻ വില്ല ലഭ്യമാണ്.

കുറഞ്ഞ ജലലഭ്യതയിൽപോലും വളരുകയും സമൃദ്ധമായി പുഷ്പിക്കുകയും ചെയ്യുന്ന ഇവ ഉദ്യാനങ്ങൾ അലങ്കരിക്കാൻ അനുയോജ്യമാണ്. കമ്പ് മുറിച്ചു നട്ടും പതിവച്ചുമാണ് ബൊഗേൻവില്ല വളർത്തിയെടുക്കുക. പരമ്പരാഗത ഇനങ്ങൾ എല്ലാം കമ്പുമുറിച്ച് നട്ട് തൈകൾ ഉൽപാദിപ്പിക്കാം. പൂവിടാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ കമ്പ് നടാനായി ഉപയോഗിക്കാം. 

കമ്പിന്റെ തലപ്പുഭാഗമാണ് തളിർപ്പ് ഉണ്ടായിവന്ന് വേഗത്തിൽ തുടർ വളർച്ച കാണിക്കുക. താഴേക്കുള്ള ഭാഗത്തിനു തളിർപ്പ് ഉൽ പാദിപ്പിക്കാനുള്ള ശേഷി കുറവായിരിക്കും. പക്ഷേ, തലപ്പ് നട്ടശേഷം നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പത്തിൽ ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്. കൂമ്പും തളിരിലകളും നിർത്തി ബാക്കി ഇലകൾ മുഴുവനായി നീക്കം ചെയ്യണം. വേരുകൾ വേഗത്തിൽ ഉണ്ടാകാൻ ‘റൂട്ടെ ക്സ്’ ഹോർമോണിൽ മുറിഭാഗം മുക്കിയശേഷം നട്ടാൽ മതി. 

how to plant bougainvillea

നഴ്സറി കവറിൽ ആറ്റുമണലും കൊക്കോപീറ്റും മണ്ണും ഒപ്പം സ്യൂഡോ മോണാസ് കുമിൾനാശിനിയും കലർത്തി കുതിർത്തെടുത്തതിൽ കമ്പ് ഒരിഞ്ച് ഇറക്കി ഉറപ്പിക്കാം. ആവശ്യത്തിനു സുഷിരങ്ങൾ ഇട്ട്, പ്ര കാശം കയറുന്ന പ്ലാസ്റ്റിക് കുപ്പിയോ കവറോ ഉപയോഗിച്ച് കമ്പും കവറും മുഴുവനായി മൂടി വയ്ക്കുന്നത് തളിർപ്പുണ്ടാകാൻ നല്ലതാണ്. കമ്പു നട്ട കവറുകൾ തണലത്തുവച്ച് സംരക്ഷിക്കുകയും മിശ്രിതം മാത്രം ആവശ്യാനുസരണം നനച്ചുകൊടുക്കുകയും വേണം.

പല നവീന സങ്കരയിനങ്ങളും പതിവച്ചുമാത്രമേ വളർത്തിയെടുക്കാനാവുകയുള്ളൂ. പൂവിടാത്തവശങ്ങളിലേക്കു വളരുന്ന കമ്പാണ് ഇതിനു വേണ്ടത്. തണ്ടിന്റെ അഗ്രഭാഗത്തുനിന്ന് ഒരടി താഴ്ത്തി മൂർച്ചയുള്ള കത്തിയുപയോഗിച്ച് ഒരു സെ.മീ. നീളത്തിൽ തടിയിൽ തൊടുന്ന വിധത്തിൽ തൊലിയിൽ 2–3 മുറിവുകൾ ഉണ്ടാക്കണം. മുറിവുണ്ടാക്കിയ ഭാഗം കൊക്കോപീറ്റ് ഉപയോഗിച്ചു പൊതിയുക. ഇതിനു ചുറ്റും സുഷിരങ്ങൾ ഉള്ളതും പ്രകാശം കയറുന്നതുമായ പ്ലാസ്റ്റിക് ആവരണവും നൽകണം. 

പതിവച്ചഭാഗത്ത് ഈർപ്പം നിലനിർത്തുന്ന വിധത്തിൽ നനയ്ക്കണം. 3–4 ആഴ്ചയ്ക്കുള്ളിൽ പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ വേരുകൾ വളർന്നു വരുന്നതു കാണാം. ഈയവസ്ഥയിൽ പതിവച്ച ഭാഗത്തിനു താഴെവച്ച് കമ്പു മുറിച്ചെടുത്ത് നഴ്സറി കവറിൽ നട്ടു വളർത്തിയെടുക്കാം. നടുന്നതിനു മുൻപ് പ്ലാസ്റ്റിക് ആവരണം നീക്കാൻ മറക്കരുത്.

നവീന സങ്കരയിനങ്ങളെല്ലാം തന്നെ ചട്ടിയിൽ കുറ്റിച്ചെടിയായി വളർത്തുന്നതാണ് കൂടുതൽ ഭംഗി. ഉദ്യാനത്തിൽ 5–6 മണിക്കൂർ നേരിട്ടു നല്ല വെയിൽ കിട്ടുന്നിടത്താണ് ബൊഗേൻവില്ല സമൃദ്ധമായി പൂവിടുക. ഒരടിയെങ്കിലും വലുപ്പമുള്ള ചട്ടിയാണ് ബൊഗേൻവില്ല നടാൻ വേണ്ടത്. മിശ്രിതമായി ചുവന്ന മണ്ണും കൊക്കോപീറ്റും കലർത്തിയതിൽ വളമായി ഉണക്കിപ്പൊടിച്ച ആട്ടിൻകാഷ്ഠമോ ചാണകപ്പൊടിയോ ഉപയോഗിക്കാം. കവറിൽ വളർത്തിയെടുത്ത തൈ കവർ മാത്രം നീക്കിയശേഷം ചട്ടിയിലേക്കു നടാം. ചെടിയുടെ പ്രാരംഭദശയിലുള്ള വളർച്ചയ്ക്ക് നനയും വളപ്രയോഗവും ആവശ്യമാണ്. ചട്ടിയിൽ കുറ്റി ച്ചെടിയായി പരിപാലിക്കാൻ കമ്പുകോതി നിർത്തണം. 

how to plant bougainvillea

അടുത്ത കാലവർഷത്തിനു മുൻപ് പെൻസിൽ വണ്ണത്തിൽ താഴെ വണ്ണമുള്ള കമ്പുകൾ 4 – 5 ഇഞ്ച് നീളത്തിൽ നിർത്തി മുകൾഭാഗം നീക്കം ചെയ്യണം. മഴ കുറയുന്ന കാലാവസ്ഥയിൽ ചെടി യിൽ പുതുതായി ഉണ്ടായിവന്ന ശിഖരങ്ങളുടെ താഴത്തെ 3–4 മുട്ടുകൾ നിർത്തി കമ്പു കോതണം. കൂടാതെ കുത്തനെ മുകളിലേക്കു വളരുന്ന കമ്പുകൾ താഴെവച്ചുതന്നെ നീക്കം ചെയ്യണം. കമ്പു കോതിയ ചെടിക്കു വളമായി ആട്ടിൻകാഷ്ഠം, 19:19:19 രാസവളം ഇവയെല്ലാം ഉപയോഗിക്കാം. 

ഒരുപിടി രാസവളം ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി അതിൽനിന്നും ഒരു മഗ് ലായനി മിശ്രിതത്തിൽ ഒഴിച്ചു നൽകാം. ചെടി പൂവിടുന്നതുവരെ ഇളം ഇലകൾ വാടുന്ന അവസ്ഥയിൽമാത്രം നന മതിയാകും. പൂക്കൾ ഉൽപാദിപ്പിച്ചു തുടങ്ങിയാൽ ആവശ്യത്തിനു നന നൽകണം. ഇതു പൂക്കൾ ചെടിയിൽ കൂടുതൽ നാൾ കൊഴിയാതെ നിൽക്കാൻ സഹായിക്കും. പൂക്കൾ ക്ക് നല്ല നിറവും വലുപ്പവും കിട്ടാൻ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചെടുത്ത ലായനി നേർപ്പിച്ചത് ഉപകരിക്കും. 

നമ്മുടെ കാലാവസ്ഥയിൽ നവംബർ – മേയ് ആണ് ബൊഗേൻവില്ലയ്ക്ക് പൂക്കാലം. പൂക്കൾ 15 – 20 ദിവസം വരെ ചെടിയിൽ കൊഴിയാതെ നിൽക്കും. പൂക്കൾ കൊഴിഞ്ഞാൽ ചെടി വീണ്ടും പൂവിടും. ഈ സമയത്ത് നന പരിമിതപ്പെടുത്തണം. പിണ്ണാക്കുലായനി വളമായി നൽകാം. 2–3 വർഷത്തെ വളർച്ചയായ ചെടി മഴക്കാലത്തിനു മുമ്പ് കമ്പു കോതുന്നതിനൊപ്പം ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറച്ചുകൊടുക്കുകയും വേണം. ഇതിനായി മിശ്രിതം വെള്ളമൊഴിച്ച് നന്നായി കുതിർത്തെടുക്കുക. ചട്ടി ചെരിച്ചിട്ടശേഷം ചെടിയുടെ തായ്ത്തണ്ടിൽ പിടിച്ചുവലിച്ച് മിശ്രിതമുൾപ്പെടെ ശ്രദ്ധാപൂർവം പുറത്തേക്കു നീക്കണം. പഴകിയ വേരും മിശ്രിതവും മാറ്റിയശേഷം ചട്ടിയുടെ അടിഭാഗത്ത് ആട്ടിൻകാഷ്ഠമോ, എല്ലുപൊടിയോ സ്റ്റെറാമീലോ നന്നായി ചേർത്തത് നിറച്ചുകൊടുക്കാം. ഇതിനു മുകളിൽ ചെടി ഇറക്കിവച്ച് ഉറപ്പിക്കണം.

നിലത്തോ വലിയ ചട്ടിയിലോ വള്ളിച്ചെടിയായി ബൊഗേൻ വില്ല പ്രത്യേക ആകൃതി (ടോപിയറി)യിൽ പരിപാലിക്കാനാകും. 2–3 വ്യത്യസ്ത നിറങ്ങളിലുള്ളവ ഒരുമിച്ച് താങ്ങു നൽകി നടണം. ഇവയുടെ മുകളിലേക്ക് വളരുന്ന കമ്പുകൾമാത്രം നിലനിർത്തി വശങ്ങളിലേക്ക് ഉണ്ടായി വരുന്ന ശാഖകൾ ആവശ്യാനുസരണം മുറിച്ചു കളയണം. കമ്പുകൾ താങ്ങുവഴി ആവശ്യത്തിന് ഉയരത്തിൽ വളർന്നു കഴിഞ്ഞാൽമാത്രം തലപ്പത്ത് ശിഖരങ്ങൾ ഇടാനും കമ്പുകൾ കോതി പ്രത്യേക ആകൃതിയിലാകാനും അനുവദിക്കണം.