കൃഷിയുടെ ബാലപാഠം പോലും അറിയാത്ത ഒരു വീട്ടമ്മ മികച്ച കര്‍ഷകയും സംരംഭകയായും മാറുന്നു....

A housewife who doesn't even know the basics of farming becomes a great farmer and entrepreneur....
A housewife who doesn't even know the basics of farming becomes a great farmer and entrepreneur....

ഇടുക്കി: കൃഷിയുടെ ബാലപാഠം പോലും അറിയാത്ത ഒരു വീട്ടമ്മ മികച്ച കര്‍ഷകയും സംരംഭകയായും മാറുന്നു. സ്വന്തം പേരിലുള്ള ബ്രാന്‍ഡ് രുചി വൈവിധ്യങ്ങള്‍ പകര്‍ന്ന് എല്ലാവരുടെയും ഹൃദയം കവരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തുന്നു. സ്വപ്നങ്ങളല്ല ഇതെല്ലാം യാഥാര്‍ത്ഥ്യമാക്കിയ വിജയകഥ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ വലിയതോവാള അഞ്ചുമുക്ക് ഗ്രാമത്തില്‍ നിന്നുള്ള മഞ്ചു മാത്യുവിന്റേതാണ്. കുടംബശ്രീ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മലയോര ജില്ലയായ ഇടുക്കിയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് തന്റെ സ്വപ്ന സംരംഭത്തിലേക്ക് മഞ്ചു സഞ്ചരിച്ചത്. 

tRootC1469263">

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബശ്രീ വഴി കൃഷിയിലെ സാധ്യതകള്‍ മനസിലാക്കി കാര്‍ഷിക നേഴ്സറി ആരംഭിക്കുമ്പോള്‍ മഞ്ചു സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഇങ്ങനെയുള്ള നേട്ടങ്ങള്‍. അഞ്ചുമുക്ക് ഗ്രാമത്തിലാണ് മഞ്ചൂസ് ഫാം, മഞ്ചൂസ് ഫുഡ്‌സ് എന്നീ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നെല്ലിക്ക അച്ചാര്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാന്താരി, പപ്പായ, ജാതിക്ക, ചാമ്പങ്ങ, ഇടിച്ചക്ക, മാങ്ങ, നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി 15ല്‍ അധികം വ്യത്യസ്തമായ അച്ചാറുകള്‍, റെഡി ടു ഈറ്റ് ഇറച്ചിക്കറി, ചക്ക ഉണക്കിയത്, പാവക്ക ഉണക്കിയത്, ചക്ക പൊടി, ചക്കക്കുരു പൊടി, കാന്താരി പൊടി, 
നെല്ലിക്ക, മാങ്ങ, പൈനാപ്പിള്‍, ക്യാരറ്റ് എന്നിവ ഉപ്പിലിട്ടത്, തേന്‍, കൂണ്‍, ജാം, സ്‌ക്വാഷ് തുടങ്ങി വ്യത്യസ്ത രുചികളിലുള്ള നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് മഞ്ചൂസ് ഫുഡ്സിലൂടെ മഞ്ചു വിപണിയെ പരിചയപ്പെടുത്തുന്നത്. 'ഒരിക്കല്‍ മഞ്ചുസ് ഫുഡ്സിന്റെ രുചി അറിഞ്ഞവര്‍ വീണ്ടും വാങ്ങിക്കുമെന്ന്' ഉറപ്പിച്ച് പറയുന്ന മഞ്ചുവിന്റെ വാക്കുകളില്‍ നിന്ന് തന്നെ വായിച്ചെടുക്കാം തന്റെ ഉത്പന്നങ്ങളുടെ ഗുണമേന്‍മയും, രുചിയും, വിശ്വാസ്യതയും. രണ്ട് വര്‍ഷം മുന്‍പാണ് മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ സാധ്യത മനസിലാക്കി മഞ്ചുസ് ഫുഡ്സ് എന്ന സംരംഭം മഞ്ചു ആരംഭിക്കുന്നത്.

വ്യത്യസ്തമായ രുചികളില്‍ വിവിധങ്ങളായ നിരവധി ഉത്പന്നങ്ങള്‍ ഉണ്ടെങ്കിലും ഇവിടുത്തെ സ്‌പെഷ്യല്‍ റെഡി ടു ഈറ്റ് രീതിയില്‍ തയ്യാറാക്കുന്ന ഇറച്ചിക്കറിയാണ്. ഇറച്ചി ചേരുവകളൊക്കെ ചേര്‍ത്തു കറിവെച്ച് ഒരു പ്രത്യേക ചൂടിലേക്ക് ഉണക്കിയെടുക്കുന്നു. ഈ പ്രോഡക്റ്റ് 20 മിനിട്ട് ഇളം ചൂടുവെള്ളത്തില്‍ തിളപ്പിച്ച് കടുക് താളിച്ചാല്‍ കറി റെഡി. വിദേശ മലയാളികളാണ് റെഡി ടു ഈറ്റ് ഇറച്ചിക്കറി കൂടുതലായി വാങ്ങുന്നതെന്ന് മഞ്ചു പറയുന്നു. 

വിവാഹ ശേഷമാണ് മഞ്ചു കൃഷിയിലേക്ക് തിരിയുന്നതും പിന്നീട് മുഴുവന്‍ സമയ കര്‍ഷകയായി മാറുന്നതും. 2013 ല്‍ ആണ് കുടുംബശ്രീയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാര്‍ഷിക സാധ്യതകള്‍ മനസിലാക്കി മഞ്ചു നേഴ്സറി ആരംഭിക്കുന്നത്. തുടക്കത്തില്‍ പച്ചക്കറി തൈകളില്‍ തുടങ്ങിയ നേഴ്സറിയില്‍ ഇന്ന് പച്ചക്കറി തൈകള്‍, നാടന്‍-വിദേശ ഫലവൃക്ഷ തൈകള്‍, വിവിധയിനം പൂച്ചെടികള്‍, അലങ്കാര ചെടികള്‍ ഉള്‍പ്പെടെ വ്യത്യസ്തമാര്‍ന്ന 100 ല്‍ അധികം ഇനങ്ങള്‍ മഞ്ചൂസ് ഫാമില്‍ വിപണനത്തിനുണ്ട്. വീടിനോട് ചേര്‍ന്ന് മൂന്നര ഏക്കറിലും സംരംഭ സ്ഥാപനത്തോട് ചേര്‍ന്ന് അര ഏക്കറിലുമായാണ് കൃഷികള്‍. കൃഷിയുടെ ആരംഭ ഘട്ടത്തില്‍ ഒച്ചില്‍ നിന്ന് ഉണ്ടായ ശല്യം പരിഹരിക്കാന്‍ ഒച്ച് നശീകരണ ജൈവ നാശിനിയും മഞ്ചു വികസിപ്പിച്ചെടുത്തു. ഇത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ 5 ലക്ഷം രൂപയുടെ ഗ്രാന്റിനും അര്‍ഹയാക്കി. കുടുംബശ്രീയുടെ ബയോഫാര്‍മസി വഴി ഇവയും കര്‍ഷകര്‍ക്ക് വില്‍ക്കുന്നുണ്ട്. വീട്ടിലെ ജൈവ മാലിന്യത്തില്‍ നിന്ന് ജൈവവളവും നിര്‍മ്മിക്കുന്നുണ്ട്. ഇത് ഫാമിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.

കരിമുണ്ട, പന്നിയൂര്‍ തുടങ്ങി കുരുമുളക് തൈകള്‍, കുറ്റികുരുമുളക്, സ്റ്റാര്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി വിദേശയിനം പഴ വര്‍ഗങ്ങളുടെ തൈകള്‍, പപ്പായ, പേര, നെല്ലി, മാവ്, പ്ലാവ്, ആത്ത തുടങ്ങി നാടന്‍ ഫലവൃക്ഷ തൈകള്‍ കൂടാതെ വിവിധയിനം അലങ്കാര ചെടികള്‍ എന്നിവയും വിപണനത്തിന് ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ, കൃഷിഭവന്‍ മുഖേന അത്യുല്‍പാദന ശേഷിയുള്ള തൈകള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. ഇത് മഞ്ചൂസ് ഫാമിന് പുതിയ വിപണിയും തുറന്നു നല്‍കി.
നാടന്‍ ഫലവൃക്ഷ തൈകള്‍, കുരുമുളക് തൈകളും ഫാമില്‍ തന്നെ തവാരണ ചെയ്യുകയാണ്. ഹോള്‍സെയില്‍ വിലക്കാണ് ഇവിടെ തൈകള്‍ വില്‍ക്കുന്നത്. സര്‍ക്കാര്‍ പ്രദര്‍ശന വിപണന മേളകള്‍, കുടുംബശ്രീ മേളകള്‍, വ്യവസായ-കൃഷി-തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന മേളകളിലും മഞ്ചൂസ് ഫാം ആന്റ് ഫുഡ്സ് ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കാറുണ്ട്. 

ചക്കയുടെ സീസണ്‍ ആയാല്‍ അയല്‍പക്കത്തെ വീടുകളില്‍ ചക്കകളെത്തിച്ച് വൃത്തിയാക്കി അരിഞ്ഞ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ അയല്‍വാസികളുടെ സഹായവും തേടും. ചെറുതെങ്കിലും അയല്‍വാസികള്‍ക്കും ഇതൊരു വരുമാന മാര്‍ഗമാണ്. അഞ്ചുമുക്കെന്ന ഗ്രാമീണ മേഖലയിലെ മഞ്ചുവിന്റെ സംരംഭം നാട്ടുകാരായ ആറോളം പേര്‍ക്ക് തൊഴിലും നല്‍കുന്നു. സീസണ്‍ അനുസരിച്ച് തൊഴിലാളികളുടെ എണ്ണവും കൂടും. 
  
2015-2016 സംസ്ഥാന സര്‍ക്കാരിന്റെ യുവ കര്‍ഷക വനിതാ വിഭാഗം അവാര്‍ഡ്, 2018-19 വര്‍ഷത്തിലെ ഓണത്തിന് ഒരു മുറം പച്ചക്കറിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം, 2023ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വനിതാ സംരംഭക അവാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല ഗ്രാന്റ്, തുടങ്ങി സംസ്ഥാന-ജില്ലാ-പ്രാദേശിക തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങളും മഞ്ചുവിനെ തേടിയെത്തിയിട്ടുണ്ട്. 

മഞ്ചുവിന് എല്ലാ പിന്തുണയുമായി ഭര്‍ത്താവ് മാത്യുവും മഞ്ചൂസ് ഫാമിന്റെ വളര്‍ച്ചയില്‍ ഒപ്പമുണ്ട്. അവധി ദിവസങ്ങളില്‍ അച്ഛനും അമ്മക്കും സഹായവുമായി മക്കളും മഞ്ചൂസ് ഫാം ആന്റ് ഫുഡ്സ് അണിയറയില്‍ ഉണ്ട്. മൂന്ന് മക്കളാണ് മഞ്ചു-മാത്യു ദമ്പതികള്‍ക്ക് മൂത്തമകന്‍ അഞ്ചിത് മാത്യു പോളണ്ടില്‍ റോബോട്ടിക്സ് എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയാണ്. മകള്‍ അഞ്ചു മാത്യു നെടുങ്കണ്ടം എംഇഎസ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥനിയും ഇളയമകന്‍ ആല്‍ബിന്‍ മാത്യു വെള്ളയാംകുടി സെന്റ്.ജെറോം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയുമാണ്. തികച്ചും ഗ്രാമീണ മേഖലയായ അഞ്ചുമുക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പങ്കുവച്ച മഞ്ചു സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയും മഞ്ചൂസ് ഫുഡ്സ് ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ട്. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 'പോക്കറ്റ് മാര്‍ട്ട്' ആരംഭിക്കുന്നതോടെ പുതിയ വിപണി തുറന്നുകിട്ടുമെന്ന് പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.

A housewife who doesn't even know the basics of farming becomes a great farmer and entrepreneur....

Tags