ചോളം നമുക്ക് വീട്ടിൽ തന്നെ വിളയിക്കാം
ജൂൺ മുതൽ ആഗസ്റ്റ് വരെ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ ധാന്യവിളകളിലൊന്നാണ് ചോളം. വടക്കേ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്നുവെങ്കിലും നമ്മുടെ നാട്ടിലും എളുപ്പത്തിൽ വളർത്താൻ കഴിയുന്ന വിളയാണിത്. ധാരാളം പോഷകഗുണങ്ങൾ നിറഞ്ഞ ചോളം വീട്ടുവളപ്പിലും ചെറിയ സ്ഥലത്തും വിജയകരമായി കൃഷി ചെയ്യാം.
കൃഷിക്കായി മണ്ണ് നന്നായി ഇളക്കി കുമ്മായം ചേർത്ത് തയ്യാറാക്കണം. തുടർന്ന് ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലിൻപിണ്ണാക്ക് എന്നിവ ചേർത്ത് മണ്ണ് സമൃദ്ധമാക്കാം. ആവശ്യത്തിന് വെള്ളം നനച്ചശേഷം വിത്ത് വിതച്ച്, നാലു ദിവസങ്ങൾക്ക് ശേഷം മുളച്ച ചെറുചെടികൾ തടങ്ങളിലേക്ക് മാറ്റി നട്ടാൽ നല്ല വളർച്ച ലഭിക്കും.
തൈ നട്ട് രണ്ടാഴ്ച ആകുമ്പോൾ ഫിഷ് അമിനോ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ സ്‌പ്രേ ചെയ്യുക. 10 മില്ലി ഫിഷ് അമിനോ, അര ലിറ്റർ ഗോമൂത്രം, രണ്ട് ലിറ്റർ വെള്ളം എന്നിവ കൂട്ടിക്കലർത്തി ചുവട്ടിൽ ഒഴിച്ചു കൊടുക്കണം. ഒരു മാസമാകുമ്പോൾ ഫിഷ് വളം 20 ഗ്രാം ഒരു ചെടിക്ക് എന്ന കണക്കിൽ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്.
വർഷകാല വിളകളെപ്പോലെ ചോളം വളർച്ചയെത്തുന്നത് ജൂൺ ജൂലൈ /ആഗസ്ത് -സെപ്തംബർ മാസങ്ങളിലാണ്. എന്നാൽ നനച്ചു വളർത്തുന്നവയാകട്ടെ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പിനു പാകമാകുന്നത്. വിവിധ സങ്കര ഇനങ്ങളായ ഗംഗ -1 , ഗംഗ- 101, ഡക്കാൺ ഹൈബ്രിഡ്, രഞ്ജിത്ത് , ഹൈസ്റ്റാർച് , കിസ്സാൻ കോ0പോസിറ്റ്, ആംബർ, വിജയ്-വിക്രം, സോനാ, ജവഹർ തുടങ്ങിയവയൊക്കെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.
.jpg)

