വിത്ത് മുളപ്പിക്കുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ ?
ഇന്നത്തെ കാലത്ത് കൃഷിയിലേക്ക് ആളുകൾ കൂടുതൽ ആകർഷിതരാകുന്ന പ്രവണതയാണ് കാണുന്നത്. സ്വന്തമായി വളപ്പിൽ കുറഞ്ഞത് ഒരു പച്ചക്കറിയെങ്കിലും കൃഷി ചെയ്യാത്ത വീടുകൾ ഇന്ന് അപൂർവമാണ്. പച്ചക്കറി കൃഷിയുടെ ആദ്യവും പ്രധാനവുമായ ഘട്ടം വിത്ത് നട്ടുപിടിപ്പിക്കലാണ്. വിത്ത് പാകുന്ന രീതിയിൽ പലർക്കും വ്യത്യാസങ്ങളുണ്ട്. എന്നാൽ നല്ല മുളപ്പും ആരോഗ്യകരമായ വളർച്ചയും ലഭിക്കാൻ വിത്ത് നട്ടുപിടിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അനിവാര്യമാണ്.
പലതരം വിത്തുകൾക്ക് പലരീതി
വിത്തുകൾ വലുപ്പത്തിൻറെ അടിസ്ഥാനത്തിൽ രണ്ടായി തിരിച്ച് വലിപ്പം കുറഞ്ഞത് ഒരു കോട്ടൻ തുണിയിൽ കിഴി പോലെ കെട്ടി രണ്ട് മണിക്കൂർ വെള്ളത്തിൽ / സ്യൂഡോമോണാസ് ലായനിയിൽ കുതിർത്ത ശേഷം നേരിട്ട് മണ്ണിൽ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന.
വലിപ്പം കൂടിയ വിത്തുകൾ 4-6 മണിക്കൂർ വെള്ളത്തിൽ / സ്യൂഡോമോണസിൽ കുതിർത്ത് മുളപ്പിച്ചശേഷം നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവൽ, പടവലം, മത്തൻ, കുമ്പളം. നേരിട്ട് മണ്ണിൽ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തിൽ വിതറിയാൽ മതിയാവും.
ചീരവിത്തുകൾ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലർത്തിയിട്ട് മണ്ണിൽ വിതറിയാൽ മുളച്ചുവരുന്ന തൈകൾ തമ്മിൽ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെൻറിമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി 'സ്‌പ്രേ ചെയ്ത്' നനക്കണം.
ഈ വിത്തുകളെല്ലാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകൾ തിന്നുന്നത് ഒഴിവാക്കാൻ മഞ്ഞൾപ്പൊടി വിതറിയും നാല് വശങ്ങളിൽ റവ, അരിപ്പൊടി തുടങ്ങിയവ വിതറിയാൽ വിത്ത് ഉറുമ്പ് എടുക്കുന്നത് തടയാം.
ദിവസേന രാവിലെയും വൈകിട്ടും നനച്ചാൽ ഏതാനും ദിവസംകൊണ്ട് തൈകൾ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തിൽ നടാം. വിത്തിൽ വേരു വരുന്നത് കൂർത്ത വശത്തിനുള്ളിൽ നിന്നും ആണ് അതിനാൽ വിത്തുകൾ നടുമ്പോൾ അവയുടെ കൂർത്തവശം താഴേക്ക് ആക്കി നടണം.
വെള്ളത്തിൽ കുതിർത്ത വിത്താണെങ്കിൽ പെട്ടെന്ന് മുളക്കും. പാവൽ, പടവലം, പീച്ചിൽ വിത്തുകളുടെ കൂർത്ത വശം പെട്ടെന്നു മാറി പോവാൻ സാധ്യതയുണ്ട്.
വിത്ത് ഒരു സെ.മീ ആഴത്തിൽ അധികം കുഴിച്ചിടരുത്, മുളക്കുന്നത് വരെ എപ്പോഴും ഈർപ്പം നിലനിർത്തണം. വെള്ളം അധികമായാൽ വിത്ത് ചീഞ്ഞു പോവും.
മുളപ്പിച്ച് നടേണ്ട വിത്തുകൾ ഓരോന്നും പ്രത്യേകമായി ആറ് മണിക്കൂർ സമയം വെള്ളത്തിൽ കുതിർത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയിൽ കോട്ടൺതുണി നാലായി മടക്കിയതിനു മുകളിൽ വിത്തുകൾ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളിൽ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളിൽ വെച്ച് മുളപ്പിക്കണം.
ദിവസേന രാവിലെ നനച്ചാൽ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകൾ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ഗ്രോബാഗിലോ, നടാം. ഇതിൽ പാവൽ, പടവലം, മത്തൻ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകൾ ദിവസേന നനച്ചാലും, മുളക്കാൻ ഒരാഴ്ചയിലധികം ദിവസങ്ങൾ വേണ്ടി വരും. അവക്ക് വേഗത്തിൽ മുള വരാൻ നനഞ്ഞ വിത്തിൻറെ മുളവരേണ്ട കൂർത്ത അറ്റത്ത് നഖംകൊണ്ട് തോടിൻറെ അഗ്രം അടർത്തിമാറ്റിയാൽ മതിയാവും. അങ്ങനെ ചെയ്താൽ എളുപ്പത്തിൽ വേര് വരും.
ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകൾ നനഞ്ഞ മണ്ണിൽ നടണം. അധികം ആഴത്തിൽ നട്ടാൽ അവ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും. ഗ്രോബാഗിലും, ചാക്കിലും ഒന്നോ രണ്ടോ വിത്ത് വീതം പാകി തറയിലെ മണ്ണിൽ നിശ്ചിത അകലത്തിലും വിത്തുകൾ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിൻറെ കനത്തിൽ മാത്രം മണ്ണ് വിത്തിനു മുകളിൽ ഇട്ടാൽ മതി. രാവിലെയും വൈകുന്നേരവും നനക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചെറിയ തൈകൾ പറിച്ചുമാറ്റി നടുമ്പോൾ മൂന്ന് ദിവസം അവ വെയിലേൽക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
പാവൽ– പടവലം– വെള്ളരി എന്നിവയുടെ വിത്ത് ശേഖരിക്കുമ്പോൾ വിത്തുൾപ്പെടുന്ന മാംസള ഭാഗം ഒരു ദിവസം പുളിപ്പിച്ചശേഷം നന്നായി കഴുകി പിഴിഞ്ഞെടുത്ത് ഉണക്കിയശേഷം നടാം.
വെണ്ട– പയർ– വഴുതിന കായയോടെ സൂക്ഷിച്ച് അവശ്യസമയത്ത് പൊടിച്ച് വിത്തെടുക്കുന്ന രീതിയേക്കാൾ നല്ലത് വിത്ത് വേർപെടുത്തി ഉണക്കി സൂക്ഷിക്കുന്നതാണ്. വിത്ത് കടുത്ത വെയിലിൽ ഇട്ട് പെട്ടെന്ന് ഉണക്കരുത്. തണലിൽ ഉണക്കി സൂക്ഷിച്ചതാവണം.
ഉയർന്ന ഈർപ്പം അങ്കുരണശേഷി കുറക്കും. 10–12% ജലാംശം എന്നാണ് കണക്ക്. പഴയകാലത്ത് പാവൽ, പടവലം, മത്തൻ, കുമ്പളം വിത്തുകൾ പച്ചച്ചാണകത്തിൽ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്.
ടെറസ്സ് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടെറസ്സ് കൃഷിയിൽ രാവിലെയും വൈകീട്ടുമുള്ള ജലസേചനം അനിവാര്യമാണ്. വേനൽക്കാലത്ത് രണ്ട് ദിവസം നനക്കുന്നത് നിർത്തിയാൽ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
ചെടി നടുന്നത് ടെറസ്സിലാവുമ്പോൾ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും ടെറസ്സിൽ കയറണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളം ചേർത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികൾ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
.jpg)

