ഈ രീതിയിൽ കൃഷി ചെയ്തു നോക്കൂ...ചീര വിളവെടുത്ത് മടുക്കും!

cheera

 വീട്ടുതോട്ടത്തിൽ എളുപ്പമായി വളർത്താനാകുന്ന ഇലക്കറികളിൽ മുൻപന്തിയിൽ നിൽക്കുന്നത് ചീരയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്നതുകൊണ്ട് അടുക്കളക്കൃഷി ചെയ്യുന്നവർക്കിത് ഏറെ പ്രിയപ്പെട്ടതാണ്. പോഷകസമൃദ്ധമായ ചീര ശരിയായ സാഹചര്യങ്ങളിൽ വളർത്തിയാൽ മികച്ച വിളവ് ലഭിക്കും. ഇലകൾക്ക് മതിയായ സൂര്യപ്രകാശം ലഭിക്കുകയും, പോഷകഗുണമുള്ള മണ്ണും ആവശ്യമായ ഈർപ്പവും നിലനിൽക്കുകയും ചെയ്താൽ കൃഷി വിജയകരമാകും. വിത്ത് നേരിട്ട് പാകിയോ, തൈകൾ മാറ്റി നട്ടോ ചീര വളർത്താം. നല്ല വിളവ് ലഭിക്കാൻ ചില ലളിത മാർഗങ്ങൾ പിന്തുടരാം.

1. ചീരവിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറുമ്പോൾ അതിനുള്ളിലേക്ക് ഉറുമ്പു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റുമൊരു ചെറിയ ചരടിന്റെ വീതിയിൽ മഞ്ഞൾപൊടി തൂകിയാൽ ഉറുമ്പുകൾക്ക് അതിനുള്ളിലേക്ക് കടക്കാൻ സാധിക്കില്ല. എല്ലാ വിത്തുകളും മുളച്ചു കിട്ടും.

2. തയാറാക്കിയ തടത്തിൽ/ഗ്രോബാഗിൽ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കിൽ പശിമയുള്ള മണ്ണുമായി കലർത്തി വിതറിയാണ് വിത്തുപാകേണ്ടത്.

3. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തൈകൾ 30 സെ.മീ. അകലത്തിൽ നടാം. ഇത്തരത്തിൽ മണ്ണു നിറച്ചു തയ്യാറാക്കിയ ഗ്രോബാഗുകളിലും തൈകൾ നടാം.

4. ചീരകൃഷിയിൽ ജലസേചനത്തിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. ചെടികൾ പൂർണ്ണമായോ, ഇലകൾ മാത്രമായോ വാടി നിൽക്കുന്നത് ജലദൗർലഭ്യത്തിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കാണിക്കുന്ന അവസ്ഥ എത്തുംമുമ്പേ ആവശ്യത്തിന് വെള്ളം കൊടുക്കുക.

5. മഴക്കാലത്തും പലപ്പോഴും ഒട്ടും മഴയില്ലാത്ത ഇടദിവസങ്ങൾ ഉണ്ടാകും. അത്തരം സന്ദർഭങ്ങളിലും ആവശ്യത്തിനനുസരിച്ച് ജലസേചനം നടത്തണം. മഴക്കാലത്ത് വിളവ് വേനൽക്കാല മാസങ്ങളെ അപേക്ഷിച്ചു കുറയും.

6. ഫെബ്രവരി മുതൽ മേയ് വരെയുള്ള സമയം ചീരയിൽ പുഷ്പിക്കൽ കാലം കൂടിയാണ്. ഈ സമയത്ത് വിളവെടുക്കാൻ വൈകിയാൽ ശാഖാഗ്രത്തിൽ പൂങ്കുല രൂപപ്പെടും. പൂങ്കുല കണ്ടു തുടങ്ങിയാൽ ഉടനെ വിളവെടുക്കണം.

7. കുറെ തവണ വിളവെടുത്തു കഴിയുമ്പോൾ പുതുവളർച്ച സാവധാനത്തിലാവുകയും ഇലകളുടെ വലിപ്പം കുറയുകയും ചെയ്യും. ഈ സമയത്ത് പഴയ ചെടികൾ പറിച്ചു കളഞ്ഞ് ഗ്രോബാഗിൽ പുതിയ മിശ്രിതം നിറച്ചശേഷം ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് അടുത്ത ചീരക്കൃഷി തുടരാം. 

Tags