റെക്കോർഡ് വിലയിൽ റബർ ; പക്ഷേ കർഷകർക്ക് നേട്ടമില്ല!
റബർ വില റെക്കോഡിലേക്ക് ഉയർന്നിട്ടും കർഷകർക്ക് പ്രതീക്ഷിച്ച നേട്ടമില്ല. കടുത്ത വേനൽ കാരണം ഉൽപാദനം വളരെ കുറഞ്ഞത് വലിയ തിരിച്ചടിയായി.ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 300 രൂപ തൊടുമെന്ന സൂചന നൽകിയാണ് വില ഉയരുന്നത്. ആർ.എസ്.എസ്. 4 ഗ്രേഡ് റബർ, 2024 ആഗസ്റ്റ് 9-ന് രേഖപ്പെടുത്തിയ 255 രൂപ എന്ന റെക്കോർഡ് തകർത്ത് വ്യാഴാഴ്ച കോട്ടയത്ത് 258 രൂപയിൽ വ്യാപാരം നടന്നു. വെള്ളിയാഴ്ച വില 257 രൂപയായി. ചില കമ്പനികൾ 262 രൂപ വരെ നൽകിയും റബർ വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
രാജ്യാന്തര വിലയിലെ ഉയർച്ചയും വിപണിയിലെ ക്ഷാമവുമാണ് വില വർധനക്ക് കാരണം. ബാങ്കോക്ക് വിപണിയിൽ കിലോക്ക് 283.17 രൂപയായതിന് പിന്നാലെയാണ് ആഭ്യന്തര വിലയിലും കുതിപ്പുണ്ടായത്. തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് രാജ്യാന്തര വിപണിയിലെ വില വർധനക്ക് കാരണം.
ഈ വിലക്ക് ഇറക്കുമതി നഷ്ടമായത് ആഭ്യന്തര വിലയും കൂട്ടി. ആർ.എസ്.എസ് 4 ഗ്രേഡിന് മാത്രമേ 250 രൂപക്ക് മുകളിലായിട്ടുള്ളൂ. ആർ.എസ്.എസ് 5ന് 10 രൂപയോളം കുറവാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് മോശം റബർ വ്യാപകമായി വരുന്നതാണ് രണ്ടാം ഗ്രേഡിന് വില കുറയാൻ കാരണം.
.jpg)

