വില കുത്തനെ ഇടിഞ്ഞു ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മാമ്പഴ കർഷകർ
തമിഴ്‌നാട്ടിൽ മേലൂർ താലൂക്കിലെ മാമ്പഴ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. 'കിളിമൂക്കൻ' (തോതാപുരി) ഇനത്തിൽപ്പെട്ട മാമ്പഴത്തിന്റെ വില ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് വെറും മൂന്ന് രൂപയായി ഇടിഞ്ഞതാണ് കർഷകരെ ദുരിതത്തിലാക്കിയത്. കൂടുതൽ നഷ്ടം ഒഴിവാക്കാനായി ഭൂരിഭാഗം കർഷകരും മാമ്പഴം വിളവെടുക്കാതെ മരങ്ങളിൽത്തന്നെ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ മാവുകൾ വെട്ടിമാറ്റുകയോ ചെയ്യുന്ന അവസ്ഥയിലാണ്.
മേലൂർ മേഖലയിലെ ആയിരത്തിലധികം ഏക്കറിലെ കർഷകരെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചിരിക്കുന്നത്. ഈ മേഖലയിലെ കർഷകർ ഒരു ഏക്കർ മാന്തോട്ടത്തിന്റെ പരിപാലനത്തിനും ഉൽപ്പാദനത്തിനുമായി പ്രതിവർഷം ഒരു ലക്ഷത്തോളം രൂപയാണ് നിക്ഷേപിക്കുന്നത്. എന്നാൽ ഇത്രയും തുക മുടക്കിയിട്ടും കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലയോ ലാഭമോ ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി മാമ്പഴ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. കിലോക്ക് അഞ്ച് രൂപയിൽ നിന്ന് നാല് രൂപയായും, ഇപ്പോൾ റെക്കോർഡ് ഇടിവായി മൂന്ന് രൂപയായും വില കുറഞ്ഞു.
നിലവിൽ ഉൽപ്പാദനച്ചെലവും തൊഴിലാളികളുടെ കൂലിയും പോലും നൽകാൻ മാമ്പഴത്തിന്റെ വിപണി വിലകൊണ്ട് സാധിക്കുന്നില്ല. കർഷകർക്ക് കിലോക്ക് മൂന്ന് രൂപ മാത്രം ലഭിക്കുമ്പോൾ, ഇതേ മാമ്പഴം പൊതുവിപണിയിൽ 40 രൂപക്ക് മുകളിലാണ് വിൽക്കപ്പെടുന്നത്.
കടക്കെണിയിലായതോടെ തമിഴ്‌നാട്ടിലെ കൊട്ടാമ്പട്ടി യൂണിയനിലെ ഭൂരിഭാഗം കർഷകരും തങ്ങളുടെ മാവുകൾ വെട്ടിമാറ്റാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, മാമ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന ജ്യൂസുകൾക്കും മറ്റ് പാനീയങ്ങൾക്കും വിപണിയിൽ വൻ വിലയുമാണ്. ഒരു ചെറിയ കുപ്പി മാമ്പഴ ജ്യൂസ് വിപണിയിൽ 10 രൂപക്ക് വിൽക്കുമ്പോൾ, അതിന്റെ അസംസ്‌കൃത വസ്തുവായ മാമ്പഴം ഉൽപ്പാദിപ്പിക്കുന്ന കർഷകന് ലഭിക്കുന്നത് കിലോക്ക് വെറും 3 രൂപ മാത്രമാണെന്ന് പ്രാദേശിക കർഷകനായ ജീവ മാധ്യമങ്ങളോട് പറഞ്ഞു.
വില ഇത്രയും താഴ്ന്നതോടെ തോട്ടങ്ങളിൽ വിളവെടുപ്പിനായി തൊഴിലാളികളെ വെക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് ജീവ കൂട്ടിച്ചേർത്തു. കിലോക്ക് മൂന്ന് രൂപ മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ കൂലി, ഗതാഗതച്ചെലവ്, കമ്മീഷൻ തുക എന്നിവയൊന്നും താങ്ങാനാകില്ല. ഒരു തൊഴിലാളിക്ക് ദിവസം കുറഞ്ഞത് 700 രൂപയെങ്കിലും കൂലി നൽകണം. എന്നാൽ വിളവെടുക്കുന്ന മാമ്പഴം വിറ്റാൽ ഈ കൂലി പോലും തികച്ചെടുക്കാൻ കർഷകർക്ക് സാധിക്കുന്നില്ല. ഇതോടെ തൊഴിലാളികളും വിളവെടുപ്പിൽ നിന്ന് പിന്മാറുകയാണ്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മാമ്പഴത്തിന് താങ്ങുവില പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മാമ്പഴ കൃഷി ലാഭകരമാകണമെങ്കിൽ കിലോക്ക് കുറഞ്ഞത് 20 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണം. കഴിഞ്ഞ രണ്ട് വർഷമായി കർഷക സംഘടനകൾ ഈ ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി.
പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഇടപെട്ട് ഫ്രൂട്ട് പൾപ്പ് വ്യവസായങ്ങളുമായും ജ്യൂസ് നിർമാതാക്കളുമായും ഏകോപനം നടത്തി ന്യായമായ വിലക്ക് മാമ്പഴം സംഭരിക്കാൻ നടപടിയുണ്ടാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. നിലവിൽ മധുര ജില്ലയിലാണ് ഈ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതെങ്കിലും, തമിഴ്‌നാട്ടിലെ പ്രധാന മാമ്പഴ ഉൽപ്പാദന മേഖലകളായ കൃഷ്ണഗിരി, സേലം, ധർമ്മപുരി, ദിണ്ടിഗൽ എന്നിവിടങ്ങളിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് സംസ്ഥാനത്തുടനീളമുള്ള പതിനായിരക്കണക്കിന് കർഷക കുടുംബങ്ങളുടെ ഉപജീവനത്തെയാണ് ബാധിച്ചിരിക്കുന്നത്.
.jpg)

