ദീർഘകാലം വിളവ് നൽകുന്ന വഴുതന

Eggplant that yields for a long time

 വീട്ടുവളപ്പിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും ദീർഘകാലം വിളവ് നൽകുന്നതുമായ പച്ചക്കറികളിൽ പ്രധാനപ്പെട്ടതാണ് വഴുതന. ഒരിക്കൽ നട്ടാൽ ഏകദേശം രണ്ട് വർഷം വരെ വിളവെടുക്കാൻ കഴിയുന്ന ഈ വിള, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ്. അടുക്കളത്തോട്ടത്തിലും ടെറസ് ഗാർഡനിലും ഒരുപോലെ വിജയകരമായി വളർത്താനാകുന്ന വഴുതനയ്ക്ക് കേരളത്തിലെ കാലാവസ്ഥ വളരെ അനുയോജ്യമാണ്.

സാധാരണയായി വിത്ത് പാകി തൈകൾ വളർത്തിയ ശേഷമാണ് വഴുതന കൃഷി ചെയ്യുന്നത്. 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ ഏകദേശം 15 ഗ്രാം വിത്ത് മതിയാകും. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ കലർത്തിയ മിശ്രിതത്തിൽ വിത്ത് പാകി ആരോഗ്യമുള്ള തൈകൾ മുളപ്പിച്ചെടുക്കാം.
വൈകുന്നേരമാണ് തൈകൾ പറിച്ചുനടാൻ പറ്റിയ സമയം. മഴക്കാലത്ത് വാരങ്ങളിലും വേനൽക്കാലത്ത് ചാലുകളിലും തൈകൾ നടാം. തൈകൾ തമ്മിൽ രണ്ടടി അകലം നൽകണം. അടിവളമായി കാലി വളമോ കമ്പോസ്റ്റോ 10 സെന്റിന് ഒരു ടൺ എന്ന തോതിൽ ചേർക്കാം. ചാണകവും മറ്റ്‌ ജൈവവളവും നല്ലത്‌. മണ്ണ് കൂന കൂട്ടുന്നതിനും പുതയിടുന്നതിനും നനച്ചുകൊടുക്കുന്നതിനും കൂടി ശ്രദ്ധിച്ചാൽ നട്ട് 2 മാസത്തിനകം വഴുതന വിളവെടുക്കാം.

വഴുതന കൃഷിയിലെ പ്രധാന പ്രശ്നമാണ് വാട്ടരോഗം. ഇതിനെ ചെറുക്കാൻ കഴിവുള്ള ഇനങ്ങളാണ്‌ സൂര്യയും ഹരിതയും നീലിമയും. തണ്ടും കായും തുരന്നു നശിപ്പിക്കുന്ന പുഴുക്കളുടെ ഉപദ്രവംമൂലം ഇലകളും ഇളംതണ്ടുകളും വാടുകയും ഉണങ്ങി നശിക്കുകയും ചെയ്യും. തണ്ടുതുരപ്പൻ പുഴുക്കളെ പ്രതിരോധിക്കാൻ വേപ്പിൻകുരുസത്ത് തളിച്ചുകൊടുക്കാം. മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗമാണ് കായചീയൽ. രോഗം ബാധിച്ച കായ്കൾ പറിച്ചെടുത്ത് നശിപ്പിച്ചെടുത്തശേഷം മാങ്കോസെബ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കണം. വിളവെടുത്തശേഷം നന്നായി കൊമ്പു കോതി വളം ചെയ്യണം.

Tags