ഇങ്ങനെ ചെയ്താൽ കറിവേപ്പില തഴച്ച് വളരും !
കറികളിൽ അനിവാര്യമായ കറിവേപ്പില എല്ലാ വീടുകളിലും ദിവസേന ഉപയോഗിക്കുന്ന ഒന്നാണ്. എളുപ്പത്തിൽ വീട്ടിൽ വളർത്താനാകുന്ന ഈ സസ്യം പലരും കടയിൽ നിന്നാണ് വാങ്ങുന്നത്. എന്നാൽ വിപണിയിൽ ലഭിക്കുന്ന കറിവേപ്പിലയിൽ പലപ്പോഴും ശക്തമായ കീടനാശിനികളുടെ അവശിഷ്ടങ്ങൾ ഉണ്ടാകാം.
കറിവേപ്പില കൃഷിയിൽ പ്രധാന പ്രശ്‌നമായി കാണപ്പെടുന്നത് ഇലയിൽ പറ്റിപ്പിടിച്ച് നീരൂറ്റുന്ന ‘അരക്ക്’ എന്ന കീടത്തിന്റെ ആക്രമണമാണ്. ഇത് ഇലകളുടെ വളർച്ച മുരടിപ്പിക്കുകയും ചെടിയുടെ ആരോഗ്യം തന്നെ ബാധിക്കുകയും ചെയ്യുന്നു. വാണിജ്യ കൃഷിയിൽ ഈ കീടത്തെ നിയന്ത്രിക്കാൻ സാധാരണയായി ശക്തമായ കീടനാശിനികൾ ഉപയോഗിക്കുന്നതും കാണാം.
എന്നാൽ വീട്ടുവളപ്പിലെ കറിവേപ്പിലയ്ക്കും അരക്ക് ആക്രമണം ഉണ്ടാകാം. ഇലകൾ മുരടിക്കുന്നതായി ശ്രദ്ധിച്ചാൽ പരിശോധിക്കുമ്പോൾ ഈ കീടത്തെ തിരിച്ചറിയാം. ഇതിനെ പ്രതിരോധിക്കാൻ പരിസ്ഥിതി സൗഹൃദമായ ഒരു ലളിത മാർഗം കഞ്ഞിവെള്ളം പ്രയോഗിക്കുന്നതാണ്. തുടക്കത്തിലേ ആക്രമണം ശ്രദ്ധിച്ചാൽ, കഞ്ഞിവെള്ളം വെള്ളത്തിൽ നേർപ്പെടുത്തി ഇലകളിൽ തളിക്കുന്നത് അരക്കിനെ നിയന്ത്രിക്കാൻ സഹായകരമാണ്.
ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കൽ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളർച്ച കൂട്ടും. ഒപ്പം ചാണകപ്പൊടിയും മേൽമണ്ണും തുല്യ അളവിൽ കൂട്ടിക്കലർത്തി തടംകോരുകയും വേനൽക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം.
നടീലും പരിപാലനവും
പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. നല്ല വേനലിൽ തൈ നടരുത്.
വേരിൽ നിന്ന് മുളപ്പിച്ച നല്ല കരുത്തുള്ള തൈ വേണം നടനായി എടുക്കാൻ.
രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുംമുള്ള കുഴിവേണം തൈ നടാൻ.
കുഴിയിൽ അര കോട്ട ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടു കുഴി മൂടി നടുവിൽ ചെറു കുഴി എടുത്ത് തൈ നടാം .
തൈ നടുന്ന സ്ഥലത്തെ മണ്ണ് ഉറപ്പുള്ളതാണെങ്കിൽ കുഴിയിൽ ചകിരിച്ചോർ, ഉമി, ഉണങ്ങിയ കരിയില എന്നിവയിൽ ഏതെങ്കിലുമിട്ട് കുഴി വായുസഞ്ചാരമുള്ളതാക്കുക.
തൈകൾ നടുമ്പോൾ ഒരു പിടി വേപ്പിൻ പിണ്ണാക്കും ഒരു പിടി എല്ലു പൊടിയും കുഴിയിൽ ചേർത്ത് ഇളക്കി നട്ടാൽ രോഗ കീടങ്ങളില്ലാതെ കറിവേപ്പ് വളർന്ന് വരും.
നട്ട് മൂന്ന് മാസം കഴിഞ്ഞ ശേഷം തടം ചെറുതായി ഇളക്കി വേരിൽ ക്ഷതം വരാതെ ജൈവ വളങ്ങൾ ഏതെങ്കിലും നൽകി മണ്ണ് വിതറണം.
വളപ്രയോഗവും കീടനിയന്ത്രണവും
ഉണങ്ങി പൊടിഞ്ഞ കാലി വളം, കമ്പോസ്റ്റ്, എന്നിവയിൽ ഏതെങ്കിലും ഒന്ന്, മൂന്ന് മാസം കൂടുമ്പോൾ തടത്തിൽ നൽകണം.
കടല പിണ്ണാക്ക്-പച്ചചാണക തെളി ഇടയ്ക്ക് തടത്തിൽ ഒഴിച്ച് കൊടുത്താൽ കൂടുതൽ തളിരിലകൾ വരും.
കറിവേപ്പിൻറെ തടത്തിൽ മുട്ടത്തോട് പൊടിച്ചിടുന്നത് നല്ലതാണ്.
വേപ്പെണ്ണ-സോപ്പ്-വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിച്ചാൽ നാരകപ്പുഴുവിൻറെ ശല്യം തടയാം.
തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറുപ്രാണികളെ അകറ്റാൻ വെർട്ടിസീലിയം 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുക.
വിളവെടുപ്പ്
കറിവേപ്പിന് ഒരാൾപ്പൊക്കം ആകുമ്പോൾ തലയറ്റം ഒടിച്ചു വെക്കണം. അപ്പോൾ താഴെ നിന്ന് കൂടുതൽ ശിഖിരങ്ങൾ പൊട്ടി മുളയ്ക്കും.
വിളവെടുക്കുമ്പോൾ ഇലകൾ അടർത്തി എടുക്കാതെ ശിഖിരങ്ങൾ ഓടിച്ചെടുക്കണം.
വളർച്ച എത്താത്ത തൈയിൽ നിന്ന് വിളവെടുക്കരുത്.
മേൽപറഞ്ഞപ്പോലെ കറിവേപ്പ് തൈ പരിപാലിച്ചാൽ ഒരു കറിവേപ്പിൽ നിന്ന് 50 വർഷത്തിൽ കൂടുതൽ വിളവെടുക്കാം.
കറിവേപ്പിലയുടെ ഗുണങ്ങൾ അറിയാം
1. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും.
2. തലമുടി കൊഴിച്ചിൽ തടയുന്നതിനായി കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.
3. ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും വിറ്റാമിൻ ‘എ’ കൂടുതൽ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
4. ചർമരോഗങ്ങൾ ഇല്ലാതാക്കാൻ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാൽ മതി.
5. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക.
6. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അര മണിക്കൂറിനു ശേഷം കുളിക്കുക. ഇതുവഴി പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും.
7. അലർജി സംബന്ധമായ അസുഖങ്ങൾ ശമിപ്പിക്കാൻ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടർച്ച യായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ മതി.
8. പാദങ്ങളുടെ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പി ലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിക്കുക. അതുവഴി ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.
9. ഉദരരോഗങ്ങൾ ശമിക്കാൻ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.
10. കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ‘എ’ ധാരാളം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേ പ്പില. അതുകൊണ്ടാണ് നേത്രസംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായിരിക്കുന്നതും.
11. അരുചി മാറിക്കിട്ടാൻ കറിവേപ്പിലയരച്ച് മോരിൽ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.
12. കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ അമിത കൊളസ്‌ട്രോൾ മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ശമനം കിട്ടും.
13. പുഴുക്കടി അകലാൻ കറിവേപ്പിലയും, മഞ്ഞളും ചേർത്തരച്ചിട്ടാൽ മതി.
14. കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലുപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കാലിൽ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.
.jpg)

