ചേന കൃഷി ഇങ്ങനെ ചെയ്താൽ വിളവ് ഇരട്ടിയാകും !
നാടൻ ഭക്ഷണം ഇഷ്ട്ടമുള്ള മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ചേന. ഇത് ഉപയോഗിച്ച് കറികളും തോരനും തുടങ്ങി പലഹാരങ്ങൾ വരെ ഉണ്ടാക്കാറുണ്ട്. കിഴങ്ങുവർഗങ്ങളിൽ പ്രധാനപ്പെട്ട ചേന ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷണമാണ്. നാരുകൾ സമൃദ്ധമായി അടങ്ങിയതിനൊപ്പം പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും വിറ്റാമിൻ A, B എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റാസിറ്റോസ്റ്റെറോൾ, ബിറ്റുലിനിക് ആസിഡ്, ലൂപിയോൾ, ഫ്ലേവനോയിഡുകൾ പോലുള്ള ജൈവഘടകങ്ങളും ചേനയെ പോഷകസമൃദ്ധമാക്കുന്നു. വെള്ളക്കെട്ടില്ലാത്ത ഏതു പ്രദേശത്തും ചേന കൃഷിചെയ്യാം. ഇളകിയതും മണ്ണിൽ വായുസഞ്ചാരം കൂടുതൽ ലഭ്യമാകാൻ സാഹചര്യവുമുള്ള വളക്കൂറുള്ള മണ്ണ് തെരഞ്ഞെടുക്കുക. തനിവിളയായും തെങ്ങിൻതോപ്പിലും മറ്റും ഇടവിളയായും കൃഷിചെയ്യാം.
ചേന നടാനായി 60 സെ.മീ നീളവും വീതിയും, 45 സെ.മീ ആഴവുമുള്ള കുഴികൾ 90 സെ.മീ അകലത്തിൽ എടുക്കുക. മേൽമണ്ണും ചാണകവും (കുഴിയൊന്നിന് 2 മുതൽ 5 കി.ഗ്രാം) നല്ലപോലെ ചേർത്ത് കുഴിയിൽ നിറച്ചശേഷം ഇതിൽ ഏകദേശം 500 കി.ഗ്രാം മുതൽ 1 കി. ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ വിത്ത് നടാം. നടാനുള്ള കഷണങ്ങൾ ചാണക വെള്ളത്തിൽ മുക്കി തണലത്തു വച്ച് ഉണക്കണം. നിമവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തു ചേന ബാസ്സിലസ് മാസിറൻസ് എന്ന ബാക്ടീരിയൽ മിശ്രിതവുമായി യോജിപ്പിക്കണം. വിത്ത് നട്ടശേഷം ചപ്പുചവറുകൾ കൊണ്ട് പുതയിടണം. നട്ട് ഒരു മാസമാകുമ്പോൾ ഇവ മുളയ്ക്കാൻ തുടങ്ങും.
ചേനയുടെ വശങ്ങളിൽ നിന്നും ഉണ്ടാകുന്ന മുകുളങ്ങളോടുകൂടിയ ചെറിയഭാഗങ്ങളോ, മുളപ്പിച്ചെടുത്ത ചേനക്കണ്ണുകളോ ഉപയോഗിച്ചാലും നല്ല വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതിനായി 100 ഗ്രാം ഭാരമുള്ള ചേന കഷണങ്ങൾ കുഴികളിൽ 60 x 45 സെ.മി അകലത്തിൽ നടാം. പിന്നീട് പ്രധാന നിലത്തിലേക്ക് പറിച്ചു നടാം. പരമ്പരാഗത രീതിയിൽ ഒരു ഹെക്ടറിലേക്ക് 12,345 വിത്ത് ചേന ആവശ്യമായി വരുമ്പോൾ ഈ രീതിയിൽ 37,000 ചെറു കഷണങ്ങൾ നടാൻ സാധിക്കും.
ചേന നടാൻ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി-മാർച്ച് മാസങ്ങളാണ്. ഏകദേശം 500 ഗ്രാം മുതൽ 1 കി.ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ വിത്ത് നടാം.
നട്ട് ഒന്നര മാസമാകുമ്പോൾ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം യൂറിയ, ഫോസ്ഫറസ്, പൊട്ടാഷ് ഇവ ഹെക്ടർ ഒന്നിനു 50 : 50 : 75 കി.ഗ്രാം എന്ന തോതിൽ നൽകണം. പിന്നീട് ഒരു മാസത്തിനു ശേഷം രണ്ടാം ഘട്ട വളപ്രയോഗം നടത്താം. ഇതിനു ഹെക്ടറൊന്നിനു 50 കി.ഗ്രാം യൂറിയ, 75 കി.ഗ്രാം പൊട്ടാഷ് വേണ്ടി വരും. വളമിട്ട ശേഷം ഇടയിളക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. നട്ട് 8 -9 മാസം കഴിയുമ്പോൾ ചേന വിളവെടുക്കാം.
തനിവിള ചെയ്യുമ്പോൾ ഇടയിൽ പയർ വിതച്ചാൽ അവ വളരുന്ന സമയത്ത് പിഴുത് ചേനയുടെ ചുവട്ടിലിട്ട് മണ്ണിട്ടുമൂടുന്നത് ഏറ്റവും നല്ല രീതിയാണ്. ഇടയ്ക്ക് വളം ചേർക്കൽ ആവർത്തിക്കുക.തണ്ടും മണ്ണും ചേരുന്ന ഭാഗത്ത് അഴുകുന്ന രോഗം ചേനയ്ക്കുണ്ടാകാറുണ്ട്. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത ലായനി ചുവട്ടിൽ തണ്ടോടുചേരുന്ന മണ്ണിലും തണ്ടിലും ചേർത്ത് ഒഴിച്ചുകൊടുക്കാം.
.jpg)

