കടയിൽ നിന്ന് വാങ്ങിയ മുളകുപൊടിയിൽ മായമുണ്ടോ എന്ന് നോക്കിയാലോ ?
കടയിൽ നിന്ന് വാങ്ങുന്ന മുളകുപൊടിയും മറ്റ് പാക്കറ്റ് ഉൽപ്പന്നങ്ങളും ശുദ്ധമാണോയെന്ന് പലർക്കും സംശയമുണ്ടാകാറുണ്ട്. ഇത്തരം പൊടികളിൽ മായം കലർത്തുന്നത് എളുപ്പമാണെന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. മുളകുപൊടിയിൽ ഇഷ്ടികപ്പൊടി, കൃത്രിമ നിറങ്ങൾ, മറ്റ് രാസവസ്തുക്കൾ എന്നിവ ചേർക്കുന്നതായി പരാതികളും ഇടയ്ക്കിടെ ഉയരുന്നു.
അതുകൊണ്ട് പുറത്തുനിന്ന് വാങ്ങുമ്പോൾ വിശ്വാസ്യതയുള്ളതും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നത് സുരക്ഷിതമായൊരു മാർഗമാണ്.വീട്ടിലേക്ക് വാങ്ങിയ മുളകുപൊടിയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനും ചില പരിശോധനകളുണ്ട്. ലബോറട്ടറികളിലെ പരിശോധനയിൽ പൊടിയിലെ ഘടകങ്ങൾ കൃത്യമായി തിരിച്ചറിയാനാകും. എന്നാൽ, ലാബിൽ കൊണ്ടുപോയി പരിശോധിക്കൽ എപ്പോഴും പ്രായോഗികമല്ലല്ലോ. അങ്ങനെ വരുമ്പോൾ മുളകുപൊടിയുടെ കാര്യത്തിൽ ലളിതമായൊരു പരിശോധനയിലൂടെ മായം കണ്ടെത്താനാകും.
ഒരു ഗ്ലാസ്സും അതിൽ വെള്ളവും മാത്രമാണ് ഈയൊരു പരിശോധനക്ക് ആവശ്യമുള്ളത്. ഗ്ലാസിൽ വെള്ളമെടുത്ത് അതിലേക്ക് കടയിൽ നിന്ന് വാങ്ങിയ മുളകുപൊടി ഒരു ടീസ്പൂൺ ചേർക്കാം. അൽപസമയത്തിനകം ഗ്ലാസിലെ വെള്ളത്തിൽ അടിഭാഗത്തായി പൊടി അടിഞ്ഞുവരും. ഇങ്ങനെ അടിയുന്ന മട്ട് അൽപമെടുത്ത് കൈവെള്ളയിൽ വെക്കുക.
ഇനിയിത് വിരലറ്റം കൊണ്ട് പതിയെ ഉരച്ചുനോക്കാം. ഉരക്കുമ്പോൾ കടുപ്പമുള്ള തരിയായി തോന്നുന്നുവെങ്കിൽ മുളകുപൊടിയിൽ ഇഷ്ടികപ്പൊടി ചേർത്തിട്ടുണ്ടാകാം. മറിച്ച്, വല്ലാതെ പേസ്റ്റ് പോലെ തോന്നുന്നുവെങ്കിൽ ഫ്രഞ്ച് ചോക്ക് അല്ലെങ്കിൽ സോപ്പുകല്ല് ചേർത്തിരിക്കാം. വല്ലാതെ ചുവന്ന നിറം വെള്ളത്തിൽ പടരുന്നുണ്ടെങ്കിൽ നിറം ചേർത്തിരിക്കുന്നുവെന്നും അനുമാനിക്കാം. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഈ പരിശോധന എങ്ങിനെ നടത്താമെന്നത് സംബന്ധിച്ച് ഒരു വിഡിയോ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
മായമുണ്ടോയെന്ന് കണ്ടെത്താനുള്ള പ്രാഥമിക പരിശോധന മാത്രമാണിത്. വിദഗ്ധമായ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ മായവും അതിൻറെ അളവും സ്വഭാവവും കൃത്യമായി കണ്ടെത്താനാവുകയുള്ളൂ.
.jpg)

