കന്നുകാലികൾക്ക് നൽകാം സമീകൃതാഹാരം
ഒരു കന്നുകാലിക്ക് ദിവസേന ആവശ്യമായ എല്ലാ പോഷകങ്ങളും ശരിയായ അളവിൽ ഉൾക്കൊള്ളുന്ന തീറ്റയെയാണ് സമീകൃതാഹാരം എന്നു വിളിക്കുന്നത്. മൃഗങ്ങളുടെ ആരോഗ്യവും ഉൽപാദനക്ഷമതയും നിലനിർത്താൻ ഇതിന് വലിയ പ്രാധാന്യമുണ്ട്.
കാലികൾക്ക് നൽകുന്ന തീറ്റ അവയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി രണ്ടായി വിഭാഗീകരിക്കാം – സംരക്ഷണ റേഷൻ, ഉൽപാദന റേഷൻ. മൃഗങ്ങളെ ആരോഗ്യവാന്മാരായി നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ നൽകുന്നതാണ് സംരക്ഷണ റേഷൻ. തീറ്റയിൽ നിന്ന് സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റിയതിന് ശേഷമുള്ള ശേഷിപ്പാണ് ഉൽപാദനത്തിനായി ഉപയോഗിക്കപ്പെടുന്നത്. പാലുത്പാദനം പോലുള്ള ആവശ്യങ്ങൾക്കായി ലഭിക്കുന്ന ഈ ഭാഗത്തെയാണ് ഉൽപാദന റേഷൻ എന്നു പറയുന്നത്.
കാലിത്തീറ്റകളെ അവയിൽ അടങ്ങിയിരിക്കുന്ന നാരിെൻറയും മറ്റു ദ്രവ്യ ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ രണ്ടായി തരംതിരിക്കാം. സാന്ദ്രിതാഹാരം, പരുഷാഹാരം എന്നിങ്ങനെ. വിവിധ കാലിത്തീറ്റകൾ, പിണ്ണാക്കുകൾ എന്നിവ സാന്ദ്രിതാഹാരവും വൈക്കോൽ, പുല്ല്, പയറുവർഗച്ചെടികൾ, ഫോഡർ ചെടികൾ എന്നിവ പരുഷാഹാരവുമാണ്.
ഒരു ദിവസത്തേക്ക് ഒരു മൃഗത്തിെൻറ പോഷകാവശ്യങ്ങൾ നിറവേറ്റാനുതകുന്ന തീറ്റക്കോ തീറ്റ മിശ്രിതത്തിനോ അതിെൻറ റേഷൻ എന്നു പറയുന്നു. കറവപ്പശുക്കൾക്ക് അവയുടെ സംരക്ഷണത്തിനും പാലുൽപാദനത്തിനും ഗർഭസ്ഥ ശിശുവിെൻറ വളർച്ചക്കും ഉപയുക്തമായ റേഷൻ കൊടുക്കണം. ശുദ്ധജലവും എപ്പോഴും ലഭ്യമാകണം.
പരുഷാഹാരമായി പച്ചപ്പുല്ല്, സൈലേജ് തുടങ്ങിയവ ഉപയോഗിക്കാം. ലവണങ്ങളും ജീവകങ്ങളും പ്രധാനമായും ലഭിക്കുന്നത് പുല്ലിൽനിന്നാണ്. ഗിനിപ്പുല്ല്, സങ്കര നേപ്പിയർ, സെറ്റേറിയ, കോംഗോ സിഗ്നൽ തുടങ്ങിയ തീറ്റപ്പുല്ലുകളും വൻപയർ അടക്കമുള്ള പയറുവർഗച്ചെടികളും കൃഷിചെയ്ത് കന്നുകാലികൾക്ക് െകാടുക്കാം. 400 കിലോ തൂക്കമുള്ള ഒരു പശുവിന് സംരക്ഷണ റേഷനായി ഒന്നരക്കിലോ സാന്ദ്രിതാഹാരവും 20 കിലോ പച്ചപ്പുല്ലും കൊടുക്കാം.
കറവയുള്ള പശുവാണെങ്കിൽ ഓരോ ലിറ്റർ പാലിനും 400 ഗ്രാം എന്നതോതിൽ സംരക്ഷണ റേഷന് പുറമേ നൽകണം. ഗർഭമുള്ളവക്ക് ഗർഭത്തിെൻറ ആറുമാസം തൊട്ട് പ്രസവിക്കുന്നതു വരെ കുട്ടിയുടെ വളർച്ചക്കായി ഒരു കിലോ കാലിത്തീറ്റ കൂടുതൽ കൊടുക്കണം.
തീറ്റയിലൂടെ ആവശ്യത്തിന് പോഷകങ്ങൾ കിട്ടിയില്ലെങ്കിൽ പാലുൽപ്പാദനം കുറയും. തീറ്റ അധികമായാൽ പോഷകങ്ങൾ വെറുതെ നഷ്ടമാകുകയും സാമ്പത്തികനഷ്ടം ഉണ്ടാകുകയും ചെയ്യും. അൽപ്പാഹാരവും അമിതാഹാരവും ആപത്താണ്. ഓരോ പശുവിനും ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിലും അനുപാതത്തിലും ലഭിക്കുന്നവിധം തീറ്റവസ്തുക്കൾ ചേരുംപടി ചേർത്ത് ആവശ്യമായ അളവിൽ മാത്രം നൽകണം.
സാധാരണ തീറ്റ മിശ്രിതം ഇങ്ങനെയുണ്ടാക്കാം
1. നിലക്കടലപ്പിണ്ണാക്ക് - 30 ശതമാനം
2. പരുത്തിക്കുരു പിണ്ണാക്ക് - 20 ശതമാനം
3. എള്ളിൻ പിണ്ണാക്ക് -10 ശതമാനം
4. കപ്പപ്പൊടി - 20 ശതമാനം
5. അരിത്തവിട് - 18 ശതമാനം
6. ഉപ്പ് -ഒരു ശതമാനം
7. മിനറൽ മിക്സ്ചർ - ഒരു ശതമാനം
.jpg)

