കർഷകർക്ക് ആശ്വാസം നൽകി നേന്ത്രക്കായ വില വർധന
നേന്ത്രക്കായയുടെ വിലയിൽ ഉണ്ടായ ഉയർച്ച കർഷകർക്ക് ആശ്വാസമായി മാറുകയാണ്. നീണ്ട ഇടവേളയ്ക്കുശേഷമാണ് വിപണിയിൽ ഇത്തരത്തിലുള്ള വർധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വില സ്ഥിരമായി ഉയർന്നുവരികയാണ്. ബുധനാഴ്ച മാർക്കറ്റ് വില കിലോയ്ക്ക് 45 രൂപയായി. ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ഏകദേശം 20 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇത്രയും ഉയർന്ന വില ഏറെക്കാലത്തിന് ശേഷമാണെന്നാണ് കർഷകർ പറയുന്നത്. ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നേന്ത്രക്കായയ്ക്ക് ഇത്തരമൊരു വില ലഭിക്കുന്നത്.
കർണാടകയിലും തമിഴ്നാട്ടിലും കൃഷി വർധിച്ചതോടെ കേരളത്തിൽ വില നന്നായി കുറഞ്ഞിരുന്നു. ജനുവരി മാസത്തിൽ കിലോക്ക് 14 രൂപയായി കുറഞ്ഞിരുന്നു. ലോണെടുത്തും മറ്റും കൃഷി നടത്തിയ വാഴ കർഷർക്ക് ഇത് വലിയ തിരിച്ചടിയായി. ഉൽപാദനച്ചിലവിന്റെ പകുതി വില പോലും ലഭിക്കാതായതോടെ കർഷകർ പ്രതിസന്ധിയിലായി.
ഡിമാന്റ് ഇല്ലാതാകുകയും വില കുത്തനെ ഇടിയുകയും ചെയ്തതോടെ വാഴക്കുലകൾ കൃഷിയിടത്തിൽ പഴുത്തു നശിക്കാൻ തുടങ്ങിയിരുന്നു. ജില്ലയിൽ നൂറുകണക്കിന് കുടുംബങ്ങൾ വാഴക്കൃഷിയെയാണ് ആശ്രയിക്കുന്നത്. കർണാടകയിലും നിരവധി മലയാളികൾ വാഴ കൃഷി ചെയ്യുന്നുണ്ട്. കർണാടകയിൽ സീസൺ കഴിഞ്ഞതും ജില്ലയിൽ വേനൽമഴയിലും കാറ്റിലും വാഴകൾ നശിച്ചതുമാണ് വില വർധിക്കാൻ കാരണം.
.jpg)

