വാഴ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ...! പുഴുക്കളെ തുരത്തൻ ഇങ്ങനെ ചെയ്യൂ...

Attention banana farmers...! Do this to get rid of worms...

 വാഴകൃഷിയിൽ വലിയ നാശം വിതയ്ക്കുന്ന കീടങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇലതീനി പുഴുക്കൾ. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു തുടങ്ങി പല ഇനങ്ങളും വാഴയെ ആക്രമിക്കുന്നു. സാധാരണയായി ഇളം പ്രായത്തിലുള്ള ചെടികളെയാണ് കൂടുതലായി ബാധിക്കുന്നത്, എന്നാൽ ഇലചുരുട്ടിപ്പുഴുക്കൾ ഏത് പ്രായത്തിലുള്ള സസ്യങ്ങളെയും വിട്ടുകൊടുക്കില്ല.

ആക്രമണം സംഭവിച്ച ഇലകളിൽ വട്ടത്തിലുള്ള ചെറുതുളകൾ കാണപ്പെടും. പുതുതായി വളരുന്ന നാമ്പുകളിലും തുളകൾ ഉണ്ടാകുന്നത് ശ്രദ്ധേയമാണ്. ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാഷ്ടം ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കും. ഇലതീനി പുഴുക്കളുടെ ആക്രമണം ശക്തമായാൽ വിളവിന് വലിയ നഷ്ടമുണ്ടാകും. അതിനാൽ തുടക്കത്തിൽ തന്നെ ഇവയെ നിയന്ത്രിക്കുന്നത് അനിവാര്യമാണ്.

ജൈവ നിയന്ത്രണ മാർഗങ്ങൾ

ബാസില്ലസ് തുറിഞ്ചിയെൻസിസ്‌ എന്ന മിത്ര ബാക്ടീരിയ അടങ്ങിയ കീടനാശിനി മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയിൽ തളിക്കാം. ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഗുണം ചെയ്യും. ബാസിലസ്, ബിവേറിയ എന്നിവയടങ്ങിയ കീടനാശിനികൾ തളിക്കുന്നത് വഴി കീടങ്ങൾ രോഗംവന്ന് നശിച്ചു പോകുകയാണ് ചെയ്യുന്നത്. 5 മില്ലി അല്ലെങ്കിൽ 10 മില്ലിലിറ്റർ വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്. ജൈവ നിയന്ത്രണ മാർഗങ്ങൾ ആക്രമണം രൂക്ഷമാകുന്നതിനു മുൻപ് തന്നെ ആരംഭിക്കണം.
പട്ടാളപ്പുഴുവിനെ തുരത്താം

വൻതോതിൽ കൃഷിനാശം ഉണ്ടാക്കി കർഷകർക്ക് ഭീഷണിയായ പട്ടാളപ്പുഴു എന്ന വില്ലനെ അനായാസം തുരത്താൻ വഴിയുണ്ട്. വാഴ, കോട്ടൺ, പുകയില, സോയാബീൻ, കാബേജ്, ബീറ്റ്റൂട്ട്, നിലക്കടല തുടങ്ങിയ പ്രധാന വിളകളെ വൻതോതിൽ നശിപ്പിക്കുന്ന പട്ടാള പുഴുവിനെ നശിപ്പിക്കാൻ കോക്കുലസ് ലോറിഫോളിയേസ് (ആടു കൊല്ലി)യിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളാണ് ഇതിന് ഉപയോഗിക്കേണ്ടത്.

ഇത്തരത്തിൽ വേർതിരിച്ചെടുത്ത ഘടകങ്ങൾക്ക് പട്ടാളപുഴുവിനെ നശിപ്പിക്കുവാനുള്ള കഴിവുണ്ട്. പട്ടാളപ്പുഴുവിന്റെ ആക്രമണം മൂലം ലോകമെമ്പാടും 30 ശതമാനത്തിന് മുകളിൽ കൃഷിനാശം വർഷവും ഉണ്ടാകുന്നു എന്നാണ് ഏകദേശം കണക്ക്.

35–ാംമത് കേരള ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് കുട്ടിക്കാനത്ത് കേരള വനം ഗവേഷണ കേന്ദ്രം ഒരുക്കിയ സ്റ്റാളിൽ ആണ് ആടു കൊല്ലി)യിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകം ഉപയോഗിച്ച് പട്ടാള പുഴുവിനെ തുരത്താനുള്ള നൂതന മാർഗ്ഗം നിർദ്ദേശിക്കുന്നത്. 

Tags