ആലപ്പുഴ ജില്ലയിലെ പുഞ്ചകൃഷിയിലൂടെ സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് കിട്ടാനുള്ളത് കോടികൾ

ആലപ്പുഴ : ജില്ലയിലെ പുഞ്ചകൃഷിയിലൂടെ സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് കിട്ടാനുള്ളത് കോടികൾ. ഇതുവരെ 1,60,269 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഈ ഇനത്തിൽ കർഷകർക്ക് നൽകേണ്ടത് 453 കോടിരൂപയാണ്. ഇതുവരെ 109 കോടി രൂപ മാത്രമാണ് ബാങ്ക് വഴി വിതരണം നടത്തിയത്. ശേഷിക്കുന്നത് 344 കോടി രൂപയാണ്. സർക്കാർ ഗാരന്റിയായി നൽകുന്ന പി.ആർ.എസ് രസീതുമായി ബാങ്കുകളിലെത്തുന്ന കർഷകരോട് പണമില്ലെന്നും കാത്തിരിക്കാനുമാണ് അധികൃതർ പറയുന്നത്. നാലുമാസത്തോളം പാടത്ത് പണിയെടുത്ത കർഷകന്റെ വേദനയാണിത്. കർഷകർക്ക് അക്കൗണ്ടുള്ള ഏത് ബാങ്ക് വഴിയും പണം കിട്ടുമെന്നാണ് സപ്ലൈകോ പറയുന്നത്.
കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലടക്കം ജില്ലയിൽ 28,600 ഹെക്ടർ ഭൂമിയിലാണ് നെൽകൃഷിയുള്ളത്. നിലവിൽ 90 ശതമാനം നെല്ല് സംഭരണം പൂർത്തിയായി. കഴിഞ്ഞ സീസണതിനേക്കാൾ നല്ല വിളവെടുപ്പാണ് മിക്കയിടത്തും കിട്ടിയത്.
നെല്ല് വില ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് നെൽകർഷക സംരക്ഷണസമിതി നേതൃത്വത്തിൽ വ്യാഴാഴ്ച മങ്കൊമ്പ് പാഡി ഓഫിസ് പടിക്കൽ സമരം നടത്തും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം, പത്തനംതിട്ട ജില്ലയിലെയും കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലെയും പാടശേഖരസമിതികളും സമരത്തിൽ പങ്കാളികളാകും.