വീട്ടിൽ ഒരു ആഫ്രിക്കൻ മല്ലി നട്ടാലോ ?

How about planting an African coriander at home?

 സാധാരണയായി പുതിനയും മല്ലിയിലയും ഉപയോഗിക്കുന്നതുപോലെ, നോൺവെജ് വിഭവങ്ങൾക്കും ബിരിയാണിക്കും പ്രത്യേക സുഗന്ധം നൽകുന്ന ഒരു പുതിയ ഇലയാണ് ആഫ്രിക്കൻ മല്ലി. കേരളത്തിൽ ഇപ്പോൾ മാത്രമാണ് ഇത് കൂടുതൽ ശ്രദ്ധ നേടുന്നത്. ഗന്ധത്തിലും രുചിയിലും പ്രത്യേകത പുലർത്തുന്ന ഈ ചെടി വലിയ പരിപാലനമൊന്നും ആവശ്യപ്പെടാതെ എളുപ്പത്തിൽ വളരും. മല്ലിയില പോലെ തന്നെ നട്ടുവളർത്താൻ ബുദ്ധിമുട്ടില്ലാത്തത് കൊണ്ടാണ് ആഫ്രിക്കൻ മല്ലിക്ക് ആളുകൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്.

കേരളത്തിൽ എവിടെയും ഇതു നന്നായി വളരും. മൂന്നോ നാലോ തൈകൾ അടുക്കളത്തോട്ടത്തിൽ നട്ടാൽ വർഷം മുഴുവൻ ഇല ലഭിക്കും. ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കൻ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിൻറെ ആകൃതിയിൽ നല്ല പച്ച നിറമുള്ള ഇലകൾ മിനുസമുള്ളതും അരികിൽ മുള്ളുകളുടെ ആകൃതിയിലാണ്. ഉള്ളവയുമാണ്. മധ്യത്തിൽ നിന്ന് നീളത്തിൽ പൂക്കൾ കുലകളായി വളരും. ഇളം മഞ്ഞ നിറത്തിൽ ധാരാളം പൂക്കൾ വിടരും.

തൈകൾ തയാറാക്കിയും നേരിട്ടു വിത്തെറിഞ്ഞും ആഫ്രിക്കൻ മല്ലി നടാം. ട്രേയിലോ കവറുകളിലോ വിത്ത് നട്ടു തയാറാക്കുന്ന തൈകൾ മൂന്നില പ്രായത്തിലാകുമ്പോൾ പറിച്ചു നടാം. സാധാരണ രീതിയിൽ ഗ്രോബാഗും ചട്ടിയുമെല്ലാം തയാറാക്കി തൈ നടാം. വേനലിൽ നനച്ചു കൊടുക്കണം. അൽപ്പം തണലുള്ള സ്ഥലത്താണ് ആഫ്രിക്കൻ മല്ലി നടേണ്ടത്. വെയിൽ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കിൽ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോൾ ഇലകൾ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കിൽ നല്ല പോലെ ഇല ലഭിക്കും. നട്ടു അറുപത് ദിവസങ്ങൾ കൊണ്ട് തന്നെ ഇലകൾ പറിച്ചു തുടങ്ങാം.

നീളൻ കൊത്തമല്ലി, മെക്‌സിക്കൻ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കൻ മല്ലി അറിയപ്പെടുന്നു. ഈ ഇലച്ചെടിയുടെ യഥാർഥ ജന്മദേശം കരീബിയൻ ദ്വീപുകളിലാണ്. കറികളിൽ മാത്രമല്ല, ഔഷധമായും ഇവ ഉപയോഗിക്കാറുണ്ട്.

ഇവയുടെ വിത്ത്, ഇല, വേര് എന്നിവയിൽ ഗുണകരമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇലകളിൽ നിന്നു തയാറാക്കുന്ന കഷായം നീർക്കെട്ടിനും വേരിൽ നിന്നു തയാറാക്കുന്ന കഷായം വയറുവേദനക്കും ഔഷധമാണ്. പനി, ഛർദി, പ്രമേഹം എന്നിവയുള്ളവർക്ക് മല്ലിയില ചായയിലിട്ട് തിളപ്പിച്ച് ഉപയോഗിക്കാറുണ്ട്.

മല്ലിചമ്മന്തി

ആഫ്രിക്കൻ മല്ലിയില ചേർത്തുണ്ടാക്കു്ന ചമ്മന്തി ദഹനശേഷി വർധിപ്പിച്ച് നല്ല വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു. ഒരു പിടി ആഫ്രിക്കൻ മല്ലിയില അരച്ച് ചേർത്തോ ചെറുതായി അരിഞ്ഞിട്ടൊ അതിൽ കാ‍ന്താരിയും ഉള്ളിയും വെളുത്തുള്ളിയും തേങ്ങയും ചേർത്ത് ചമ്മന്തി ഉണ്ടാക്കാം. 

Tags