ടെറസ് കൃഷിയുടെ മേന്മകൾ അറിയാം
സ്ഥലം കുറവുള്ളവർക്കും നഗരജീവിതം നയിക്കുന്നവർക്കും അനുയോജ്യമായ ഏറ്റവും മികച്ച കൃഷിരീതിയാണ് ടെറസ് കൃഷി. ചെറിയ തോതിൽ പച്ചക്കറികളും മറ്റ് വിളകളും വളർത്താൻ ഇത് വളരെ സൗകര്യപ്രദമാണ്. ടെറസിൽ കൃഷി ചെയ്ത് വിജയിച്ച നിരവധി പേരുടെ കഥകൾ നമ്മുക്ക് ചുറ്റുമുണ്ട്.
ടെറസ് കൃഷിയുടെ മേന്മകൾ
1. സ്ഥലപരിമിതി മറികടക്കാം. നഗരവാസികൾക്കും കുറഞ്ഞ സ്ഥലമുള്ളവർക്കും ഏറെ ഗുണകരം.
2. ഉയർന്ന തലത്തിലായതിനാൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്നു
3. നിലത്ത് കൃഷിചെയ്യുമ്പോളുണ്ടാകുന്നതിനെക്കാൾ കീടബാധ കുറവ്
പ്രത്യേക ശ്രദ്ധ വേണ്ട കാര്യങ്ങൾ
ടെറസിലെ കൃഷിയായതു കൊണ്ടുതന്നെ കൃത്യമായ പരിചരണം ആവശ്യമാണ്. ഒന്നു നോട്ടം തെറ്റിയാൽ കൃഷി നശിച്ചുപോകുന്ന അവസ്ഥയുണ്ടാകാം. കൃത്യമായ ജലസേചനം, വളപ്രയോഗം എന്നിവ ആവശ്യമാണ്. ചെടികൾക്ക് സാധാരണ നിലത്തുനിന്നുള്ള ഘടകങ്ങളൊന്നും ലഭിക്കുന്നില്ല. നാം കൊടുക്കുന്ന വെള്ളം, വളം മാത്രം ഉപയോഗപ്പെടുത്താനെ സാധിക്കൂ. വേനൽക്കാലത്ത് കൃത്യമായ ജലസേചനം ഇല്ലെങ്കിൽ ചെടികൾ വാടുകയോ ഉണങ്ങി നശിക്കുകയോ ചെയ്യും.
ടെറസിനു ദോഷം സംഭവിക്കുമോ ?
നിരവധിയാളുകൾക്കുള്ള സംശയം ഇതാണ്. കൃഷി ടെറസിനെയോ വീടിൻറെ കെട്ടുറപ്പിനെയോ ബാധിക്കുമോയെന്നത്. ഒരിക്കലുമില്ല. നിങ്ങൾ രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കുന്നത് ഒഴിവാക്കുകയോ കുറക്കുകയോ ചെയ്താൽ ഇതുമൂലമുണ്ടാകുന്ന ദോഷങ്ങളും ഒഴിവാക്കാം. കൂടാതെ ചെടികൾ വെക്കുന്ന ചട്ടികൾ/ഗ്രോ ബാഗ് ഇവയ്ക്കു താഴെ ഇഷ്ട്ടിക വെച്ചാൽ കൂടുതൽ നല്ലത്. ഊർന്നിറങ്ങുന്ന വെള്ളത്തെ അവ ആഗിരണം ചെയ്തു കൊള്ളും.
എങ്ങിനെ നടും
കഴിവതും പ്ലാസ്റ്റിക് ചാക്കുകൾ/കവറുകൾ ഒഴിവാക്കുക. അവ മാസങ്ങൾക്കുള്ളിൽ പൊടിഞ്ഞു പോകും. നിങ്ങൾ കൃഷി തന്നെ മടുത്തു പോകും. വില കുറവിൽ പ്ലാസ്റ്റിക് കന്നാസുകൾ ലഭിക്കുമെങ്കിൽ (ആക്രി കടകളിലും മറ്റും) അവ ഉപയോഗിക്കാം. പക്ഷെ നന്നായി കഴുകി വൃത്തിയാക്കിയത്തിനു ശേഷം മാത്രം എടുക്കുക. അത്തരം കന്നാസുകൾ മുകൾ ഭാഗം മുറിച്ചു ഉപയോഗിക്കാം. അടിവശത്ത് ചെറിയ ദ്വാരങ്ങൾ ഇടാൻ മറക്കരുത്.
ഗ്രോ ബാഗുകളാണ് ടെറസ് കൃഷിക്ക് ഏറ്റവും ഉത്തമം. ഇവക്ക് വില കുറവുമാണ്. ഏറെക്കാലം ഈടുനിൽക്കുകയും ചെയ്യും. ചെടി ചട്ടികൾ നല്ലതാണെങ്കിലും ചെലവ് കൂടിയ രീതിയാണ്. ഒരു ചെടി ചട്ടിക്കു തന്നെ 100 രൂപ അടുത്ത് വരും, ഉപയോഗ ശൂന്യമായവ ഉണ്ടെകിൽ അവ ഉപയോഗപ്പെടുത്തുക.
നടീൽ മിശ്രിതം
മണ്ണ് ലഭ്യമെങ്കിൽ അത് തന്നെ നിറയ്ക്കുക, കൂടെ ഉണങ്ങിയ ചാണകപ്പൊടി, കരിയിലകൾ, നിയോപീറ്റ് പോലെയുള്ള ചകിരി ചോറ്, ഇവയും ചേർത്ത് ഇളക്കി ഉപയോഗിക്കാം. നിറയ്ക്കുമ്പോൾ ഒരിക്കലും കുത്തി നിറയ്ക്കരുത്. അതെ പോലെ മുഴുവൻ ഭാഗവും നിറയ്ക്കരുത്. മുക്കാൽ ഭാഗം മാത്രം നിറയ്ക്കുക.
.jpg)

