ഇന്ത്യൻ ഓവര്‍സീസ് ബാങ്കില്‍ 291 സ്പെഷലിസ്റ്റ് ഓഫിസര്‍ ഒഴിവുകള്‍; അപേക്ഷ സെപ്റ്റംബര്‍ 15 വരെ
2026 ഓഗസ്റ്റ് 1 കണക്കാക്കിയാണ് പ്രായപരിധിയും യോഗ്യതകളും നിശ്ചയിക്കുന്നത്. തസ്തിക അനുസരിച്ച് 23 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ചെന്നൈ : ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ബാങ്കില്‍ (IOB) സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളില്‍ അവസരം.വിവിധ വകുപ്പുകളിലായി 291 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബ്രാഞ്ച് മാനേജ്മെന്റ്, ക്രെഡിറ്റ്, റിസ്ക്, ഐടി, ഇൻഫർമേഷൻ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണ് ഒഴിവുകള്‍. സെപ്റ്റംബർ 15 ആണ് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. തസ്തികകള്‍ക്കനുസരിച്ച് ബിരുദം, ബി.ടെക്, എം.ടെക്, എം.ബി.എ, സി.എ തുടങ്ങിയ യോഗ്യതകളും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
സെക്യൂരിറ്റി അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ബിരുദധാരികളായ മുൻ പോലീസ്/സൈനിക ഉദ്യോഗസ്ഥർക്കാണ് അവസരം.2026 ഓഗസ്റ്റ് 1 കണക്കാക്കിയാണ് പ്രായപരിധിയും യോഗ്യതകളും നിശ്ചയിക്കുന്നത്. തസ്തിക അനുസരിച്ച് 23 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ ഇളവുകളും ലഭ്യമാണ്.
ഓണ്‍ലൈൻ പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ജനറല്‍ വിഭാഗത്തിന് 1000 രൂപയും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.iob.bank.in വഴി അപേക്ഷകള്‍ സമർപ്പിക്കേണ്ടതാണ്.
.jpg)

