ഒഡിഷയിൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

google news
ഒഡിഷയിൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

ഒഡിഷ : ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍. പ്രത്യേക സാഹചര്യങ്ങളില്‍ പൊലീസ് സ്റ്റേഷനുകളില്‍ എത്തേണ്ടിവരുന്ന കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും ഭയം മാറ്റാനുമാണ് പുതിയ ആശയം.

സംസ്ഥാനത്തുടനീളം 34 ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളാണ് സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. കട്ടില്‍, കസേര, മേശ, കളിപ്പാട്ടങ്ങള്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലുണ്ടാകും. അംഗനവാടി മാതൃകയില്‍ ചുമരില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ചിത്രങ്ങളും തയ്യാറാക്കും.

കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും സ്വഭാവ മൂല്യങ്ങളെ കുറിച്ചും സൂചിപ്പിക്കുന്ന പോസ്റ്ററുകളും കുട്ടികള്‍ക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍, മാസികകള്‍, പത്രം എന്നിവയും ഓരോ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ സാഹചര്യം പൊലീസ് സ്റ്റേഷനില്‍ ഒരുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ശിശുക്ഷേമ ഓഫീസറുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കും.

The post ഒഡിഷയിൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍ first appeared on Keralaonlinenews.