കല്‍പ്പാത്തി രഥോത്സവം നടത്തിപ്പ്: ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു

google news
കല്‍പ്പാത്തി രഥോത്സവം നടത്തിപ്പ്: ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു

കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളും ജനപ്രതിനിധികളും കൂടിയാലോചിച്ച് രഥോത്സവം നടത്തുന്നതിനായി കൃത്യമായ ആക്ഷന്‍ പ്ലാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശിച്ചു. കല്‍പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൂടിയാലോചിച്ച ശേഷം രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് മഹാമാരിക്ക് മുന്‍പ് നടത്തിയിരുന്നത് പോലെ ക്ഷേത്രം ചടങ്ങുകളും ആഘോഷങ്ങളും ഉള്‍പ്പെടെ രഥോത്സവം നടത്താന്‍ അനുമതി നല്‍കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി 2019, 2020 വര്‍ഷങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു. രഥ സംഗമം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ ഇത്തവണ നടത്തണമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം.യോഗത്തില്‍ എ ഡി എം കെ. മണികണ്ഠന്‍, പാലക്കാട് സബ് കലക്ടര്‍ ബല്‍ പ്രീത് സിംഗ്, ഡി.എം.ഒ ഡോ. കെ പി റീത്ത, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ക്ഷേത്രം ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

The post കല്‍പ്പാത്തി രഥോത്സവം നടത്തിപ്പ്: ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു first appeared on Keralaonlinenews.