കാനഡയിലേക്ക് വിസ എടുത്തു നല്‍കിയില്ല : 64,245 രൂപയും പലിശയും നല്‍കുവാന്‍ വിധി

google news
കാനഡയിലേക്ക് വിസ എടുത്തു നല്‍കിയില്ല : 64,245 രൂപയും പലിശയും നല്‍കുവാന്‍ വിധി

തൃശൂര്‍ : കാനഡയിലേക്ക് വിസ എടുത്തു നല്‍കിയില്ല, 64,245 രൂപയും പലിശയും നല്‍കുവാന്‍ വിധി. കാനഡയിലേക്ക് വിസ എടുത്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പണം കൈപ്പറ്റി അപ്രകാരം പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി.

തൃശൂര്‍ എളവള്ളിയിലുള്ള സജിത്ത് വട്ടംപറമ്പില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പോളിന്‍സിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തൃശൂര്‍ എം.ജി. റോഡിലെ മാനേജര്‍ക്കെതിരേയും കൊച്ചിയിലെ മാനേജിങ്ങ് ഡയറക്ടര്‍ക്കെതിരേയും വിധിയായത്. വിസ എടുത്ത് കിട്ടുന്നതിന് സജിത്ത് എതൃകക്ഷികള്‍ക്ക് രണ്ടുതവണകളിലായി 1295 കനേഡിയന്‍ ഡോളര്‍ നല്‍കിയിരുന്നു.

എന്നാല്‍ വിസ എതൃകക്ഷികള്‍ എടുത്തു നല്‍കിയില്ല. തുടര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. എതൃകക്ഷി സ്ഥാപനം ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും യോഗ്യതകള്‍ പരിശോധിക്കാതെ വലിയ സംഖ്യ കൈപ്പറ്റി വാഗ്ദാനത്തില്‍നിന്ന് പിന്മാറിയ നടപടി സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി.

ഹര്‍ജി പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെംബര്‍മാരായ ഡോ. കെ. രാധാകൃഷ്ണന്‍ നായര്‍, എസ്. ശ്രീജ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാരന് 64,245 രൂപ തിരികെ നല്‍കാനും ഹര്‍ജി തീയതി മുതല്‍ 12 % പലിശ നല്‍കുവാനും ചെലവിലേക്ക് 5000 രൂപ നല്‍കുവാനും കല്‍പ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

The post കാനഡയിലേക്ക് വിസ എടുത്തു നല്‍കിയില്ല : 64,245 രൂപയും പലിശയും നല്‍കുവാന്‍ വിധി first appeared on Keralaonlinenews.