നീര്‍ത്തടാധിഷ്ഠിത പദ്ധതിയുമായി മയ്യില്‍ പഞ്ചായത്ത്

google news
നീര്‍ത്തടാധിഷ്ഠിത പദ്ധതിയുമായി മയ്യില്‍ പഞ്ചായത്ത്

കണ്ണൂർ : ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായി മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീര്‍ത്തടാധിഷ്ഠിത പദ്ധതി ആവിഷ്‌കരിക്കുന്നു. പദ്ധതിയുടെ ഭാഗമായി നടത്തിയ ആസൂത്രണ ശില്‍പശാലയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

കാര്‍ഷിക മേഖലയിലെ ആധുനികതയെ ചേര്‍ത്ത്് പിടിച്ച് ജനകീയ കൂട്ടായ്മയിലൂടെ മാതൃക കാണിച്ച പഞ്ചായത്താണ് മയ്യിലെന്ന് മന്ത്രി പറഞ്ഞു. ഒരു കാര്‍ഷികാധിഷ്ഠിത പഞ്ചായത്തായി മയ്യില്‍ മാറി. കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര കാര്‍ഗോ സംവിധാനം ആരംഭിച്ചതോടെ ഇവിടത്തെ ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

വിളയുന്ന മണ്ണ് വളരുന്ന മയ്യില്‍ എന്ന കാമ്പയിനിലൂടെയാണ് പഞ്ചായത്ത് അടുത്ത അഞ്ച് വര്‍ഷ കാലയളവിലേക്കുള്ള നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ ലക്ഷ്യമിടുന്നത്. മയ്യില്‍ പഞ്ചായത്തില്‍ വള്ളിയോട്ട് നീര്‍ത്തടത്തില്‍ 11 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കും. പ്രദേശത്തെ ഏഴ് നീര്‍ത്തടങ്ങളെ കൂടി ജല സമൃദ്ധി പദ്ധതിയിലുള്‍പ്പെടുത്തി മണ്ണ് ജലസംരക്ഷണ വകുപ്പ് സമഗ്ര വികസന പദ്ധതികള്‍ക്കായുള്ള പ്രൊജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ നീര്‍ത്തടത്തിനും ആവശ്യമായ വികസന പദ്ധതികള്‍ പ്രാദേശികമായി നിര്‍ദ്ദേശിച്ച് നടപ്പാക്കുകയാണ് ഉദ്ദേശം.

ശാസ്ത്രീയമായ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ നീര്‍ത്തടങ്ങളെ അടിസ്ഥാനമാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ഒരു മാതൃകാ പദ്ധതി സംസ്ഥാനത്തിനു മുന്നിലവതരിപ്പിക്കാനും പഞ്ചായത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

25 വര്‍ഷ കാലയളവില്‍ മയ്യില്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രക്രിയയില്‍ ഭാഗമായവരെ ചടങ്ങില്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആദരിച്ചു. മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ഗംഗാധരൻ വിഷയം അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം വി ശ്രീജിനി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ കെ പി രേഷ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം വി ഓമന, എം കെ ലിജി, മയ്യില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രന്‍, സെക്രട്ടറി ടി പി അബ്ദുള്‍ ഖാദര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

The post നീര്‍ത്തടാധിഷ്ഠിത പദ്ധതിയുമായി മയ്യില്‍ പഞ്ചായത്ത് first appeared on Keralaonlinenews.