നാടും നഗരവും ഭേദമില്ലാതെ വാനര വിളയാട്ടം: പൊറുതിമുട്ടി കണ്ണൂരിലെ ജനങ്ങൾ
കണ്ണൂർ: കണ്ണൂരിന്റെ നാടും നഗരവും വാനര ശല്യത്തിന്റെ പിടിയിൽ. കാട്ടാനയും കാട്ടുപന്നിയും കൂടാതെ വാനരൻമാരും ജനവാസ കേന്ദ്രങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്നത് ജനങ്ങൾക്ക് തലവേദനയായിരിക്കുകയാണ്. വാനരൻമാർ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ കൃഷിയിടങ്ങളിലിറങ്ങി വാഴക്കുലകളും കരിക്കുകളും തേങ്ങകളുമൊക്കെ എടുത്തുകഴിക്കുന്നതും നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
ചിലപ്പോഴെക്കെ ആളുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞദിവസം ഇരിട്ടിയില്‍ നടന്നത്. കുരങ്ങുകള്‍ ബസിനുനേരേ തെങ്ങിന് മുകളില്‍നിന്നും കരിക്ക് പറിച്ചെറിയുകയായിരുന്നു. ഇതേതുടര്‍ന്ന് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകള്‍ കരിക്ക് പറിച്ചെറിഞ്ഞത്.
റോഡരികിലെ തെങ്ങില്‍ നിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള കുരങ്ങുകളുടെ ഏറ്. ഈ വികൃതി കാരണം ബസ് ഉടമയ്ക്ക് നഷ്ടമായത് 17000 രൂപയോളമാണ്.. ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങിയിട്ടുണ്ട് കുരങ്ങുകളുടെ ആക്രമണത്തിന് നഷ്ടപരിഹാരം നല്കാന് വകുപ്പ് തയ്യാറല്ലെന്നാണ് വനം വകുപ്പില്‍നിന്നും ബസുടമയ്ക്ക് കിട്ടിയ മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം ഉടമയ്ക്ക് വേണ്ടി വന്നത് 17,000 രൂപയാണ്. മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്.
പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്. വാനരൻമാരെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മലയോരങ്ങളിൽ മാത്രമല്ല കണ്ണൂർ, തലശേരി ഉൾപ്പെടെയുള്ള നഗരങ്ങളിലും കുരുങ്ങുകളുടെ വിളയാട്ടം രൂക്ഷമാണ്. റെയിൽവെ നിയന്ത്രണമുള്ള വന മേഖലയിൽ നിന്നാണ് വാനരൻമാർ നഗരത്തിലിറങ്ങുന്നത്.
The post നാടും നഗരവും ഭേദമില്ലാതെ വാനര വിളയാട്ടം: പൊറുതിമുട്ടി കണ്ണൂരിലെ ജനങ്ങൾ first appeared on Keralaonlinenews.