അമേരിക്കയെ ശക്തരാക്കുന്നതില്‍ 40 ലക്ഷത്തോളം ഇന്തോ-അമേരിക്കക്കാര്‍ക്കും പങ്ക്: ജോ ബൈഡന്‍

google news
അമേരിക്കയെ ശക്തരാക്കുന്നതില്‍ 40 ലക്ഷത്തോളം ഇന്തോ-അമേരിക്കക്കാര്‍ക്കും പങ്ക്: ജോ ബൈഡന്‍

ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഇരു രാജ്യങ്ങളും ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആമുഖ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡെന്‍ പറഞ്ഞു.

”എനിക്ക് നിങ്ങളെ വളരെക്കാലമായി അറിയാം. നിങ്ങള്‍ വൈറ്റ് ഹൗസിലേയ്ക്ക് വീണ്ടും എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്… നമ്മളുടെ ചരിത്രം നിങ്ങള്‍ക്ക് നന്നായി അറിയാം… നമ്മളുടെ ബന്ധം എല്ലായ്പ്പോഴും നല്ലതായിരുന്നു.” ബൈഡെന്‍, മോദിയോട് പറഞ്ഞു.

പ്രസിഡന്റ് ബൈഡനുമായുള്ള ഇന്ത്യയുടെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായാണ് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച വൈറ്റ് ഹൗസിലെത്തിയത്. കോവിഡ് -19, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, അഫ്ഗാനിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള മുന്‍ഗണനാ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായുള്ള ആദ്യ വ്യക്തിഗത ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദിയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തുകയാണെന്ന് ബൈഡന്‍ നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ”ഇന്ന് നമ്മള്‍ ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. 40 ലക്ഷത്തോളം ഇന്ത്യന്‍ അമേരിക്കക്കാര്‍ എല്ലാ ദിവസവും അമേരിക്കയെ ശക്തരാക്കുന്നുണ്ട് ” എന്ന് ബൈഡന്‍ മോദിയോട് പറഞ്ഞു,

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി മോദി, ബൈഡനോട് പറഞ്ഞു. ”2014 ലും 2016 ലും എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിച്ചു. ഇന്ത്യ-അമേരിക്കന്‍ ബന്ധങ്ങളോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് നിങ്ങള്‍ പങ്കിട്ടു. നിങ്ങള്‍ ആ കാഴ്ചപ്പാട് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു.” മോദി പറഞ്ഞു.

ഈ ലോകത്തോടും ഭൂമിയോടുമുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകളും പ്രധാനമന്ത്രി അനുസ്മരിച്ചു. ”മഹാത്മാഗാന്ധി എല്ലായ്പ്പോഴും ലോകത്തോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഉത്തരവാദിത്വങ്ങളോടുള്ള ഈ വികാരം ആഗോളതലത്തില്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്” എന്നും, ആ കാഴ്ചപ്പാടില്‍ ലോകത്തിന്റെ വിശ്വാസ്യതയുടെ തത്വവും വികാരവും ഭാവി തലമുറകളിലേക്ക് കൈമാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

”ഞങ്ങള്‍ അടുത്ത ആഴ്ച മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കും. അഹിംസയുടെ സന്ദേശം ഞങ്ങള്‍ ഓര്‍ക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി വളരും.” മറുപടിയായി ബൈഡന്‍ പറഞ്ഞു.

21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ ആദ്യ വര്‍ഷത്തില്‍ നമ്മള്‍ വിതയ്ക്കുന്ന വിത്തുകള്‍ ഇന്ത്യ-യുഎസ് ബന്ധത്തിന് ഊര്‍ജ്ജം പകരും. ലോകമെമ്ബാടുമുള്ള ജനാധിപത്യ രാജ്യങ്ങളില്‍ ഇത് പരിവര്‍ത്തനമുണ്ടാക്കുമെന്നും മോദി പറഞ്ഞു.

The post അമേരിക്കയെ ശക്തരാക്കുന്നതില്‍ 40 ലക്ഷത്തോളം ഇന്തോ-അമേരിക്കക്കാര്‍ക്കും പങ്ക്: ജോ ബൈഡന്‍ first appeared on Keralaonlinenews.