ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് ; കൂപ്പണ്‍ വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു

google news
ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് ; കൂപ്പണ്‍ വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂർ : കൊവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിനായി ആരംഭിച്ച ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ ക്യാമ്പയിന്റെ ഭാഗമായുള്ള കൂപ്പണ്‍ വിതരണം തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കൊവിഡ് പശ്ചാത്തലത്തില്‍ ഖാദി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ വില്‍പ്പനകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണം ഖാദിയുടെ കൂടി മേളയാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഖാദി ഓണം മേളയോട് അനുബന്ധിച്ചാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്.

ഓണത്തിന് പരമാവധി ഖാദി, കൈത്തറി വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും മറ്റും പ്രിയപ്പെട്ടവര്‍ക്കും വാങ്ങി നല്‍കുകയും ചെയ്യണമെന്നതാണ് ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്ന സന്ദേശം.

കാമ്പയിനിന്റെ ഭാഗമായി ഖാദി ഉല്‍പ്പന്നങ്ങള്‍ക്കുള്ള 500, 1000 രൂപയുടെ കൂപ്പണുകള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. കൂപ്പണ്‍ വിതരണോദ്ഘാടനത്തോടൊപ്പം ജില്ലാതല ഖാദി മേളയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മേളയില്‍ വിവിധയിനം ഉല്‍പ്പന്നങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

5000 രൂപയുടെ കിറ്റ് 2999 രൂപക്കാണ് ലഭ്യമാക്കുന്നത്. ബെഡ്ഷീറ്റ്, ഷര്‍ട്ട്പീസ്, ചുരിദാര്‍ മെറ്റീരിയല്‍, തോര്‍ത്ത്, കളര്‍മുണ്ട്, തേന്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഓണക്കാലത്ത് 30% റിബേറ്റും ലഭ്യമാക്കും.

കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍ എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, എഡിഎം കെ കെ ദിവാകരന്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, പ്രൊജക്റ്റ് ഓഫീസര്‍മാരായ ഐ കെ അജിത്കുമാര്‍, കെ വി രാജേഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ വി ഫാറൂഖ്, ജൂനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍, വി ഷിബു, ദീപേഷ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

The post ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് ; കൂപ്പണ്‍ വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു first appeared on Keralaonlinenews.