കോണ്ടം നല്ലതിന് തന്നെ,പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

google news
കോണ്ടം നല്ലതിന് തന്നെ,പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

കോണ്ടം നല്ലതിന് തന്നെ,പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും.

കോണ്ടംസ് – ഗുണങ്ങൾ

▪ കൃത്യമായി ഉപയോഗിച്ചാൽ (സംഭോഗ സമയത്ത് തുടക്കം മുതൽ ഒടുക്കം വരെ) ഗർഭധാരണം തടയാനുള്ള മികച്ച ഉപാധികളിലൊന്നാണിത്.

▪ എച്ച്ഐവി യും മറ്റു ലൈംഗികരോഗങ്ങളും തടയുന്നു. (87% മുതൽ 96 % വരെ കേസുകളിൽ എച്ച്ഐവി ബാധ പകരുന്നത് കോണ്ടം തടയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു)

▪ എളുപ്പത്തിൽ ലഭ്യമാവുന്ന ഇവ, കൊണ്ടു നടക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. താരതമ്യേന വിലയും കുറവ് !

▪2 – 3 ശതമാനം ആളുകളിൽ ലാറ്റക്സ് അലർജി ഉണ്ടാകാനിടയുണ്ട് എന്നതൊഴിച്ചാൽ പാർശ്വഫലങ്ങളില്ല എന്നുതന്നെ പറയാം.

▪ ശുക്ലം ഉറയിൽ തന്നെ സംഭരിക്കപ്പെടുന്നതിനാൽ കൂടുതൽ വൃത്തിയും ഉറപ്പു വരുത്താൻ കഴിയുന്നു.

▪ ഗൊണേറിയ, സിഫിലിസ് തുടങ്ങിയ ലൈംഗിക രോഗങ്ങൾ തടയുന്നതിലൂടെ സ്ത്രീ പങ്കാളികളിൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസും (PID) അതുവഴി അണ്ഡവാഹിനിക്കുഴൽ സംബന്ധമായ വന്ധ്യതയും ഉണ്ടാകാനുള്ള സാധ്യത കോണ്ടംസ് കുറയ്ക്കുന്നു.

▪ ഒരു പരിധി വരെ ഹ്യൂമൻ പാപ്പില്ലോമ വൈറസിന്റെ വ്യാപനവും അതുവഴി ഗർഭാശയമുഖ അർബുദവും തടയാൻ സഹായിക്കുന്നു.

▪ ചില പുരുഷന്മാരിലെങ്കിലും ഉദ്ധാരണം നീണ്ടു നിൽക്കാനും ഇവ പ്രയോജനപ്പെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

▪ ലൈംഗിക ബന്ധത്തിനിടെ കോണ്ടം പൊട്ടിപ്പോകാനുള്ള സാധ്യത 2% ആണ്.

▪ലിംഗത്തിൽ നിന്നും കോണ്ടം വഴുതിപ്പോകാനും 2 % സാധ്യതയുണ്ട്.

▪ കൃത്യമായി ഉപയോഗിക്കാതിരിക്കുക, വീണ്ടും ഉള്ള ഉപയോഗം, ലൂബ്രിക്കന്റ് ഓയിൽ കൂട്ടത്തിൽ ഉപയോഗിക്കുക എന്നിവയെല്ലാം കോണ്ടത്തിന്റെ ഫലപ്രാപ്തി കുറയ്ക്കും.

▪ നഖമോ മോതിരമോ കൊണ്ട് കോണ്ടം കീറാനും ഇടയുണ്ടെന്ന് ഓർക്കുക.

കോണ്ടം പൊട്ടിയാലോ വഴുതിപ്പോയാലോ ശുക്ലം യോനിയിലെത്തി ഗർഭധാരണം നടക്കാനിടയുണ്ട്. അത് ഒഴിവാക്കാൻ എമർജൻസി പില്ലുകൾ ഉപയോഗിക്കുക.

ഉപയോഗക്രമം

▪ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് സൗകര്യപ്രദമായ കോണ്ടം തിരഞ്ഞെടുത്തു വാങ്ങുക. എക്സ്പയറി ഡേറ്റ് നോക്കാൻ മറക്കരുത്.

▪ തുടക്കത്തിൽ പങ്കാളിയോട് കോണ്ടം ഉപയോഗത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നത് നന്നായിരിക്കും.

▪ കോണ്ടം പാക്കറ്റ് തുറന്ന് കോണ്ടത്തിന്റെ തുമ്പിൽ അമർത്തി അധികമുള്ള വായു കളയുക. തുടർന്ന് തുറന്ന വളയമുള്ള വശം ഉദ്ധരിച്ച ലിംഗമകുടത്തിലൂടെ അണിയുക. കോണ്ടം ലിംഗത്തിന്റെ കടഭാഗം എത്തുന്നത് വരെ അൺറോൾ ചെയ്യണം. ലിംഗം പൂർണമായും ആവരണം ചെയ്യുന്ന തരത്തിലായിരിക്കണം കോണ്ടം ധരിക്കേണ്ടത്. ശുക്ലം ശേഖരിക്കാനായി ഉറയുടെ തുമ്പത്ത് ഇത്തിരി സ്ഥലം വേണം.

▪ ശുക്ല സ്ഖലനത്തിന് ശേഷം കോണ്ടത്തിന്റെ വളയത്തിൽ അമർത്തി ലിംഗത്തോട് ചേർത്ത് പിടിക്കുക (ലിംഗത്തിന്റെ ഉദ്ധാരണം നഷ്ടപ്പെടും മുമ്പ് തന്നെ). ലിംഗം വലിച്ചെടുക്കുമ്പോൾ ഉറയും കൂടെപ്പോരുന്നു എന്ന് ഉറപ്പാക്കണം.

▪ ലിംഗം പുറത്തെടുത്തതിന് ശേഷം കോണ്ടം മാറ്റുക. കോണ്ടത്തിൽ സുഷിരങ്ങളോ മറ്റോ ഉണ്ടോ എന്ന് നിരീക്ഷിക്കുക. ലീക്കേജ് ഉണ്ടായി എന്നു തോന്നിയാൽ ഗർഭധാരണം തടയാൻ സ്ത്രീ പങ്കാളി എമർജൻസി പിൽ കഴിക്കേണ്ടതായി വരും.

The post കോണ്ടം നല്ലതിന് തന്നെ,പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും first appeared on Keralaonlinenews.

Tags