ഖാദി ഉല്‍പ്പന്ന വില്‍പ്പനക്ക് വീടുകളില്‍ തന്നെ സംവിധാനമൊരുക്കണം : മന്ത്രി ഇ പി ജയരാജന്‍

google news
ഖാദി ഉല്‍പ്പന്ന വില്‍പ്പനക്ക് വീടുകളില്‍ തന്നെ സംവിധാനമൊരുക്കണം : മന്ത്രി ഇ പി ജയരാജന്‍

കൊവിഡ് പശ്ചാത്തലത്തില്‍ മേളകളും വിപണി ഉത്സവങ്ങളും നടക്കാത്തതിനാല്‍ വീടുകളില്‍ നിന്ന് തന്നെ ഖാദി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താനുള്ള സംവിധാനങ്ങള്‍ ഖാദി ബോര്‍ഡ് ആലോചിച്ച് തീരുമാനിക്കണമെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഖാദി തൊഴിലാളികള്‍ക്ക് കൊവിഡ് ആശ്വാസ സഹായം നല്‍കുന്ന സാന്ത്വന സ്പര്‍ശം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഖാദി തുണികളില്‍ ആകര്‍ഷകമായ ഡിസൈനുകള്‍ ചെയ്ത് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് പ്രിയം കൂടും. ഇതിലൂടെ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം വര്‍ധിക്കുകയും കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യും. ആകര്‍ഷകമായ ഖാദി വസ്ത്രങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ വിപണി കണ്ടെത്തിയാല്‍ നല്ല വരുമാന സാധ്യതകള്‍ ഉണ്ടാക്കാം. കാലോചിതമായി പുതിയ പദ്ധതികള്‍ ആലോചിച്ച് ഈ മേഖലയെ മികച്ച നിലയിലേക്ക് ഇനിയും ഉയര്‍ത്തിക്കൊണ്ട് വരണമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ വളരെ പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളാണ് ഖാദി ബോര്‍ഡ് നടത്തിയത്. ഖാദി മാസ്‌ക് നിര്‍മ്മിച്ച് പൊലീസിനും വിവിധ വകുപ്പുകള്‍ക്കും എത്തിച്ചു നല്‍കിയത് പ്രശംസനീയമാണ്. അതിലൂടെ ധാരാളം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. നല്ല ലാഭവും കൈവരിക്കാന്‍ കഴിഞ്ഞു. ആ ലാഭത്തിന്റെ അവകാശികള്‍ തൊഴിലാളികളാണ്. മന്ത്രി പറഞ്ഞു.

ഖാദി മാസ്‌ക് വില്‍പ്പനയിലൂടെ ലഭിച്ച ലാഭ വിഹിതത്തില്‍ നിന്ന് കൊവിഡ് പ്രത്യേക പാക്കേജ് ആയി ഖാദി ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് കൊവിഡ് സാന്ത്വന സ്പര്‍ശം.

നെല്ലൂന്നി ഖാദി ഉല്‍പ്പാദന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് അധ്യക്ഷയായി. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി കെ എ രതീഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിതാ വേണു. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, വാര്‍ഡ് കൗണ്‍സലര്‍ ഗംഗാധരന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ എം സുരേഷ് ബാബു, ഭരണവിഭാഗം ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍, ഖാദി ബോര്‍ഡ് മെമ്പര്‍മാരായ വേലായുധന്‍ വള്ളിക്കുന്ന്, ടി എല്‍ മാണി, കെ എം ചന്ദ്രശര്‍മ്മ, ടി വി ബേബി, കെ ലോഹ്യ, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.

The post ഖാദി ഉല്‍പ്പന്ന വില്‍പ്പനക്ക് വീടുകളില്‍ തന്നെ സംവിധാനമൊരുക്കണം : മന്ത്രി ഇ പി ജയരാജന്‍ first appeared on Keralaonlinenews.