ലൈബ്രറികള്‍ സംസ്‌കാര നിര്‍മിതിയുടെ കേന്ദ്രങ്ങള്‍ : മുഖ്യമന്ത്രി

google news
ലൈബ്രറികള്‍ സംസ്‌കാര നിര്‍മിതിയുടെ കേന്ദ്രങ്ങള്‍ : മുഖ്യമന്ത്രി

കണ്ണൂർ : അറിവും ആശയങ്ങളും പകരുന്ന കേന്ദ്രങ്ങള്‍ മാത്രമല്ല ലൈബ്രറികളെന്നും അവ സംസ്‌കാര നിര്‍മിതിയുടെ കേന്ദ്രങ്ങള്‍ കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടു തന്നെ പരമ്പരാഗത രീതികളില്‍ നിന്ന് മാറി ഇ-വായന പോലുള്ള പുതിയ സങ്കേതങ്ങളുടെ സഹായത്തോടെ അവയെ ശക്തിപ്പെടുത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധര്‍മ്മടം മണ്ഡലത്തിലെ ലൈബ്രറികള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക കാലഘട്ടത്തിനനുസരിച്ച് ലൈബ്രറികളും മാറ്റുകയും സാമൂഹ്യ രാഷ്ട്രീയ ശാസ്ത്ര മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കുകയും ജനാധിപത്യ-മതേതര ചിന്താധാരകളെ ഊട്ടിയുറപ്പിക്കുകയും ചെയ്യാന്‍ ലൈബ്രറികളിലൂടെ സാധിക്കണം.

അഭ്യസ്തവിദ്യര്‍ക്കും അല്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ റഫറന്‍സ് കേന്ദ്രങ്ങളായി ഡിജിറ്റല്‍ ലൈബ്രറികളെ ഉപയോഗിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ച് മണ്ഡലത്തിലെ 79 ലൈബ്രറികളാണ് ഹൈടെക് ആക്കുന്നത്.

ലൈബ്രറിക്കാവശ്യമായഡെസ്‌ക് ടോപ്, ലാപ്ടോപ് കമ്പ്യൂട്ടറുകള്‍, യുപിഎസ്, മള്‍ട്ടിമീഡിയ പ്രൊജക്റ്ററുകള്‍, പ്രിന്റര്‍, സൗണ്ട് സിസ്റ്റം, അലമാര എന്നിവയാണ് ലഭ്യമാക്കുന്നത്.അണ്ടലൂര്‍ കാവ് പരിസരത്തു നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രധിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കോങ്കി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി പി അനിത, പി കെ പ്രമീള, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍ കെ രവി, കെ കെ രാജീവന്‍, കെ ദാമോദരന്‍, കെ പി ലോഹിതാക്ഷന്‍, കെ ഗീത, എ വി ഷീബ, പി വി പ്രേമവല്ലി, മറ്റു ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

The post ലൈബ്രറികള്‍ സംസ്‌കാര നിര്‍മിതിയുടെ കേന്ദ്രങ്ങള്‍ : മുഖ്യമന്ത്രി first appeared on Keralaonlinenews.