ഗുരുവായൂര്‍ ഏകാദശി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം

google news
ഗുരുവായൂര്‍ ഏകാദശി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം

തൃശൂര്‍: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഗുരുവായൂരില്‍ കേശവന്‍ അനുസ്മരണം. കേശവന്‍ ചെരിഞ്ഞതിന്റെ 44-ാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച്ച. വര്‍ഷങ്ങളായി മുടങ്ങാതെ നടന്നിരുന്ന അനുസ്മരണം ഇത്തവണ ചടങ്ങ് മാത്രമായായിരുന്നു സംഘടിപ്പിച്ചത്.

നിരവധി ആനകള്‍ പങ്കെടുക്കേണ്ട ചടങ്ങിന് ഇത്തവണ രണ്ട് ആനകള്‍ മാത്രമാണുണ്ടായതും. രാവിലെ ഏഴിനു തിരുവങ്കിടാചലപതി ക്ഷേത്രത്തില്‍നിന്നു ഘോഷയാത്രയായി ചടങ്ങ് ആരംഭിച്ചു.

ഗുരുവായൂര്‍ മുരളിയുടെ നേതൃത്വത്തില്‍ നാഗസ്വരത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ കൊമ്പന്‍ ബലറാം ഗുരുവായൂരപ്പന്റേയും ഇന്ദ്രസെന്‍ കേശവന്റേയും ഛായാചിത്രം വഹിച്ച് അണിനിരന്നു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്വീകരണം ഏറ്റുവാങ്ങി മഞ്ജുളാല്‍ വഴി കിഴക്കേനടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങി. തുടര്‍ന്നു കുളപ്രദക്ഷിണം നടത്തി ശ്രീവത്സം ഗസ്റ്റ് ഹൗസിലെ കേശവന്റെ പൂര്‍ണകായ പ്രതിമക്കു മുന്നിലെത്തി പ്രണാമം അര്‍പ്പിച്ചു.

ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, ഇ.പി.ആര്‍. വേശാല, കെ.വി. ഷാജി, അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജകുമാരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് കാണികളെ നിയന്ത്രിച്ചു.

The post ഗുരുവായൂര്‍ ഏകാദശി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം first appeared on Keralaonlinenews.