കോവിഡ് കാലഘട്ടത്തിൽ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറയും: സി‌പി‌പി‌ആർ ഗതാഗത സർവ്വേ

google news
കോവിഡ് കാലഘട്ടത്തിൽ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറയും: സി‌പി‌പി‌ആർ ഗതാഗത സർവ്വേ

കൊച്ചി: തൊഴിലവസരങ്ങൾ കുറഞ്ഞതും, പലരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന രീതി അവലംബിച്ചതും കോവിഡ് സമയത്ത് യാത്രാ ആവശ്യങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും, പൊതുഗതാഗത ഉപയോഗം കുത്തനെ കുറയുമെന്നും സെന്‍റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) നടത്തിയ സർവ്വേ വെളിപ്പെടുത്തുന്നു. ഇനി മുതൽ യാത്രക്ക് ഏതു രീതി തിരഞ്ഞെടുക്കണമെന്ന തീരുമാനത്തിന് അടിസ്ഥാനമാകുക സുരക്ഷാ ആശങ്കകളായിരിക്കും.

പൊതുഗതാഗതത്തെ ആശ്രയിക്കാതെയുള്ള സ്വകാര്യ വാഹനഗതാഗതം, മോട്ടോർ ഇതര ഗതാഗതം (എൻ‌എം‌ടി), ഷെയേർഡ് യാത്ര സേവനങ്ങൾ (ഊബർ, ഒല പോലുള്ളവ) എന്നിവയ്ക്ക് മുൻ‌ഗണന ഉണ്ടായിരിക്കുമെന്നും സർവ്വേ പറയുന്നു.

ഗതാഗത മേഖലയെ കോവിഡ്-19 എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാനായി രാജ്യത്തെ ഗതാഗത മേഖലയുമായി ബന്ധപെട്ടുപ്രവർത്തിക്കുന്ന 15 വിദഗ്ധരെ ഉൾപ്പെടുത്തി 2020 ജൂൺ മുതൽ ജൂലൈ വരെയാണ് സർവ്വേ നടത്തിയത്.

പ്രധാന വെല്ലുവിളികൾ

· തൊഴിലവസരങ്ങൾ കുറഞ്ഞതും, പലരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന രീതി അവലംബിച്ചതും ഭാവിയിൽ യാത്രാ ആവശ്യങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സുരക്ഷയെക്കുറിച്ചുള്ള ഭയം, സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികളുടെ/അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇതിന് കരണങ്ങളാകാം. ഇത് ലഭ്യമായ സേവനങ്ങളുടെ എണ്ണത്തിൽ കുറവു വരുത്താനും നിരക്ക് വർദ്ധിപ്പിക്കാനും ഇടയാക്കും.

· സുരക്ഷാ ആശങ്കകൾ ഗതാഗത മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാമെന്നും, പൊതുഗതാഗതത്തെ ആശ്രയിക്കാതെയുള്ള സ്വകാര്യ വാഹനഗതാഗതം, മോട്ടോർ ഇതര ഗതാഗതം (എൻ‌എം‌ടി), ഷെയേർഡ് യാത്ര സേവനങ്ങൾ (ഊബർ, ഒല പോലുള്ളവ) എന്നിവയ്ക്ക് മുൻ‌ഗണന ഉണ്ടായിരിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. അതിൽ ഒരു പ്രധാന വിഹിതം ഇരുചക്രവാഹനങ്ങളും, സൈക്ലിംഗ്, നടത്തം തുടങ്ങി മോട്ടോർ ഇതര ഗതാഗത രീതികളുമായിരിക്കുമെന്നും, അതോടൊപ്പം മെട്രോ ഉപയോഗം കുറയുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

സർവ്വേ മുന്നോട്ടുവക്കുന്ന ആശ്വാസ നടപടികളും നയപരമായ മാറ്റങ്ങളും

· മോട്ടോർ ഇതര ഗതാഗതം (എൻ‌എം‌ടി) , ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമ്മിക്കാനും, മെച്ചപ്പെടുത്തുന്നതിനുമായി കൂടുതൽ നിക്ഷേപത്തിന് സർക്കാർ മുൻഗണന നൽകണം. ഇത് ഭാവിയിൽ ഈ മേഖലയിൽ പുതിയ അവസരങ്ങൾ ഉയർന്നുവരാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

നിരക്ക് വർദ്ധിപ്പിക്കുന്നത് പൊതുഗതാഗത ഓപ്പറേറ്റർമാർ നേരിടുന്ന സാമ്പത്തിക തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ന്യായമായ രീതിയായി 70% വിദഗ്ധരും കണക്കാക്കുന്നില്ല.

·കുറഞ്ഞ വായ്പകളിലൂടെയും, മൊറട്ടോറിയങ്ങളിലൂടെയും ക്രെഡിറ്റ് ലഭ്യത ഉറപ്പുവരുത്തി സ്വകാര്യ ഓപ്പറേറ്റർമാരെ സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇന്ധനം, വാഹനങ്ങൾ മുതലായവയ്ക്കുള്ള നികുതി ഇളവുകളും ടോൾ, പാർക്കിംഗ് നിരക്കുകൾ എന്നിവയിലെ ഇളവുകളും ഈ മേഖലയ്ക്ക് മുന്നോട്ട് പോകാൻ സഹായകമാകുമെന്നും അഭിപ്രായപ്പെട്ടു.

· ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിനായി പൊതുചെലവ് (നഗര ഗതാഗത ഫണ്ട് വഴി) വർദ്ധിപ്പിക്കുന്നതും, പൊതുഗതാഗതത്തിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും ഈ മേഖലക്ക് ഉണർവ് നൽകും.

· ടിക്കറ്റിംഗിലും ഷെഡ്യൂളിംഗിലുമുള്ള സാങ്കേതിക മുന്നേറ്റങ്ങൾ സുരക്ഷ മെച്ചപ്പെടുത്താനും, പൊതുജനവിശ്വാസം വളർത്താനും സഹായിക്കും.

ഇന്ത്യയിലെ പ്രധാന സംസ്‌ഥാനങ്ങളെ ഉൾപ്പെടുത്തി അൺലോക്ക് ഒന്നാം ഘട്ട കാലയളവിൽ (ജൂൺ 16 മുതൽ 30 വരെ) 500 പേർക്കിടയിൽ നടത്തിയ ‘കോവിഡ്-19 സ്വാധീന സർവ്വേ’യിൽ ലോക്ക്ഡൗണിന് മുമ്പും ലോക്ക്ൺഡൗൺ ഘട്ടത്തിലും ജനങ്ങളുടെ യാത്രാ രീതികളെക്കുറിച്ച് പരിശോധിക്കുകയും, പൊതുഗതാഗതത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണയിൽ വന്ന മാറ്റം വിലയിരുത്തുകയും ചെയ്തു. യാത്രക്കാർ സ്വകാര്യഗതാഗത മാർഗങ്ങൾക്ക് മുൻഗണന നൽകുമെന്നതിനാൽ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ കുറവുണ്ടായേക്കാമെന്ന് രണ്ടു സർവ്വേ ഫലങ്ങളും ചൂണ്ടികാണിക്കുന്നു.

ഗതാഗത സർവ്വേ റിപ്പോർട്ടിന്‍റെ പൂർണരൂപം ഈ ലിങ്കിൽ ലഭ്യമാണ്

The post കോവിഡ് കാലഘട്ടത്തിൽ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറയും: സി‌പി‌പി‌ആർ ഗതാഗത സർവ്വേ first appeared on Keralaonlinenews.