ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കും

google news
ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കും

ആലുവ: കടുങ്ങല്ലൂരില്‍ മൂന്നു വയസുകാരന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടക്കം കുഞ്ഞിന്റെ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

മരണകാരണം പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടു സമരസമിതിയും മാതാപിതാക്കളും , എസ് പി എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. കുട്ടിയുടെ മരണകാരണം കണ്ടെത്തുന്നതിനായി ആണിത്. കേസ് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും.

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം റൂറല്‍ എസ് പി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ വന്‍കുടലില്‍ നിന്ന് പുറത്തേക്കിറങ്ങിയ നിലയില്‍ രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ നാണയം വിഴുങ്ങിയതോ മറ്റു വിഷാംശം ഉള്ളില്‍ ചെന്നോ അല്ല മരണ കാരണം എന്ന് കാക്കനാട് കെമിക്കല്‍ ലാബില്‍ അയച്ച ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് ശ്വാസംമുട്ടല്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് വയസുകാരന്‍ പ്രിഥ്വിരാജിന്റെ യഥാര്‍ഥ മരണകാരണം അറിയണമെന്നും, ചികില്‍സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അമ്മ നന്ദിനിയും കുടുംബാംഗങ്ങളും ആലുവാ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന സമരം 10 ദിവസം പിന്നിട്ടിരിക്കുകയാണ്.

The post ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കും first appeared on Keralaonlinenews.