തലപ്പാടി അതിര്‍ത്തി സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് : കാസർഗോഡ് കളക്ടര്‍

google news
തലപ്പാടി അതിര്‍ത്തി സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് : കാസർഗോഡ് കളക്ടര്‍

കാസർഗോഡ് : തലപ്പാടി അതിര്‍ത്തി ചെക്‌പോസ്റ്റ് സജ്ജീകരണങ്ങളുമായി ബന്ധപ്പെട്ട് ചില അച്ചടി ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് മെയ് നാലു മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കേരളീയരുടെ തിരിച്ചു വരവിന് അവസരമൊരുങ്ങിയത്. ഇതിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മഞ്ചേശ്വരത്തെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്തിയത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന അമ്പതിനായിരത്തോളം പേരെ സഹായിക്കുന്നതിനും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനും ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലും 50 ഹെല്‍പ് ഡെസ്‌ക്കുകള്‍ വീതം ഒരുക്കുക, ആരോഗ്യ പരിശോധന, വാഹന പരിശോധന, ദേശീയ പാതയുടെ ഇരുവശത്തുമുളള കുഴികള്‍ നികത്തി നിരപ്പാക്കുക, കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി റവന്യൂ ഭൂമിയിലുളള കുന്ന് ഇടിച്ച് നിരപ്പാക്കുക, ഹെല്‍പ് ഡെസ്‌ക്കുകള്‍ ക്രമീകരിക്കുന്നതിന് ആവശ്യമായ പന്തല്‍, വൈദ്യതി, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കാണ് കോര്‍ കമ്മിറ്റി തീരുമാന പ്രകാരം എസ്ഡിആര്‍എഫില്‍ നിന്ന് തുക ആവശ്യപ്പെട്ടത്.

എന്നാല്‍ ഒരു രൂപ പോലും ഈ ഇനത്തില്‍ ലഭിക്കുകയോ ചെലവഴിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെയാണ് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കോവിഡെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ആദ്യഘട്ടത്തില്‍ 60 കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും ചെക്‌പോസ്റ്റിലെത്തുന്ന ആളുകളുടെ എണ്ണം ആദ്യ ദിവസങ്ങളില്‍ പ്രതീക്ഷിച്ചതിലും കുറവായിരുന്നു. പിന്നീട് കൗണ്ടറുകളുടെ എണ്ണം വിവിധ ഘട്ടങ്ങളില്‍ ആനുപാതികമായി കുറച്ചു. ഇതിനെ തുടര്‍ന്ന് ഈ ഇനത്തിലുള്ള ചെലവുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മഞ്ചേശ്വരം വഴി ഇന്നലെ മാത്രം 1597 പേരാണ് സംസ്ഥാനത്തെത്തിയത്. ഈ ചെക്‌പോസ്റ്റിലൂടെ എത്തുന്നതിനായി അപേക്ഷിച്ച 48,892 പേരില്‍ 42,284 പേര്‍ക്ക് പാസ് അനുവദിച്ചിട്ടുണ്ട്. ഇതില്‍22,523 പേര്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു.

ഇനിയും എത്രയോ പേര്‍ പുതുതായി പാസിനപേക്ഷിക്കാനും തലപ്പാടി ചെക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് വരാനുമുണ്ട്. മാത്രവുമല്ല ഈ സംവിധാനങ്ങള്‍ കൂടുതല്‍ സമയത്തേക്ക് തുടരേണ്ടതായും വരും. കാസര്‍കോട് ജില്ലക്കാരായ 11,858 അപേക്ഷകരില്‍ നിന്നും 10,933 പേര്‍ക്കാണ് ഇതു വരെ പാസ് അനുവദിച്ചത്. ഇതില്‍ 5361 പേര്‍ ജില്ലയിലെത്തിയിട്ടുണ്ട്.

ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് സിസ്റ്റം ജില്ലയില്‍
ശക്തിപ്പെടുത്തും : ജില്ലാ കളക്ടര്‍

ദുരന്ത സമയങ്ങള്‍ അടിയന്തര സേവനം ലഭ്യമാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) ജില്ലയില്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.

ഇതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐആര്‍എസ് ടീമില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതലത്തിലും താലൂക്ക് തലത്തിലും പരിശീലനം നല്‍കും.

നാല് താലൂക്കുകളിലെ 25 പോലീസുകാര്‍ക്ക് വീതം ഫസ്റ്റ് എയ്ഡ്, അഗ്നി സുരക്ഷാ സേനയുടെ പരിശീലനവും നല്‍കും. ദുരന്ത സ്ഥലങ്ങളില്‍ ആദ്യമെത്തുന്നത് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. എല്ലാ ആശുപത്രികളിലും റാപിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കും.

പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ നേരിടുന്നതിന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കും. അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ പ്രതിരോധ-സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വളരെ പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലയില്‍ സജ്ജമാക്കുന്നത്.

മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. റോഡിന്റെ വശങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റുന്നതിന് അഗ്നി സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കി.

റോഡുകളില്‍ ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. മഴക്കാല പകര്‍ച്ചാവ്യാധികള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. എഡിഎം എന്‍ ദേവീദാസ്, എഎസ്പി പി ബി പ്രഷോഭ്, മോട്ടോര്‍ വാഹന വകുപ്പ്, അഗ്നി സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ സംബന്ധിച്ചു.

The post തലപ്പാടി അതിര്‍ത്തി സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് : കാസർഗോഡ് കളക്ടര്‍ first appeared on Keralaonlinenews.

Tags