തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനം മുഖ്യലക്ഷ്യമാക്കണം: മന്ത്രി എം.ബി. രാജേഷ്
പ്രാദേശിക സാമ്പത്തിക വികസനം മുഖ്യലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ്. പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കി മാത്രമേ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ എന്നും മന്ത്രി പറഞ്ഞു. മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന 'നവകേരളം തദ്ദേശകം 2.0' പരിപാടിയില്‍ തദ്ദേശസ്ഥാപനങ്ങളുടെ ജില്ലാതല അവലോകനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക സാമ്പത്തിക വികസനമാണ് 14-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതില്‍ നിര്‍ണായക പങ്കുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തിന്റെ 26.5 ശതമാനമാണ് അനുവദിച്ചിട്ടുള്ളത്. വരുമാനവും തൊഴിലും സൃഷ്ടിക്കുന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കണം.
tRootC1469263">ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങളും ഭരണനിര്‍വഹണ നടപടികളും സുതാര്യമായി നടപ്പാക്കുന്നതിന് ആരംഭിച്ച ഐ.എല്‍.ജി.എം.എസ്. പോര്‍ട്ടല്‍ സംവിധാനം ജനുവരിയോടെ നഗരസഭകളിലും ആരംഭിക്കും. പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പിപിപി) മാതൃകയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗ രേഖ തയ്യാറായി വരികയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്‌കോര്‍ നല്‍കുക വഴി ആരോഗ്യകരമായ മത്സരം നടപ്പാക്കും നഗരസഭകളുടെ വിഭവ സമാഹരണത്തിന് മുനിസിപ്പല്‍ ബോണ്ട് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കിഡ്‌നി രോഗികള്‍ക്കായി ജില്ലയില്‍ നടപ്പാക്കുന്ന ധനസഹായ പദ്ധതിയുടെ നിര്‍വഹണ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ വിമുഖത കാണിക്കുന്നത് ഈ മാസം 21 ന് നടക്കുന്ന വിവിധ വകുപ്പുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കണം. അതിദരിദ്രരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് മൈക്രോപ്ലാന്‍ തയ്യാറാക്കി നടപ്പാക്കണം. വാതില്‍പടി സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കൂടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കണം. ഖരമാലിന്യ ശേഖരണത്തിന് ഒരു വാര്‍ഡില്‍ രണ്ട് ഹരിതകര്‍മ സേനാംഗങ്ങളുടെ സേവനം ഉറപ്പാക്കണം. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കേണ്ടത് . ആസ്തി രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ഈ മാസത്തോടുകൂടി പൂര്‍ത്തിയാകും.
പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഓണ്‍ലൈന്‍ വഴി അംഗീകാരം നേടുന്നതിനുമായുള്ള പ്രൈസ് 3 (പ്രൊജക്ട് ഇന്‍ഫര്‍മേഷന്‍ ആന്റ് കോസ്റ്റ് എസ്റ്റിമേഷന്‍) സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട അപ്‌ഡേഷന്‍ പ്രശ്‌നം പിഡബ്യു.ഡി വഴി ഉടന്‍ പരിഹിരിക്കും. കിണര്‍ നിര്‍മിക്കുന്നതിന് ഭൂജല വകുപ്പ് നല്‍കുന്ന ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കാത്തതിനാല്‍ പദ്ധതികള്‍ നടപ്പാക്കാനാവുന്നില്ലെന്ന പരാതിയിന്മേല്‍ ജില്ലാ ആസൂത്രണ സമിതിയില്‍ പരിഹാരം കാണാനും മന്ത്രി നിര്‍ദ്ദേശിച്ചു.
ഐ.എല്‍.ജി.എം.എസ് പോര്‍ട്ടലില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തദ്ദേശ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. പദ്ധതി തുകയുടെ വിനിയോഗം കാര്യക്ഷമമായും അടിയന്തിരമായും നടക്കണം. കുറവുകള്‍ കണ്ടെത്തി പരിഹരിക്കണം. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സേവനം ലഭ്യമാക്കുന്നുണ്ടെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇത്തരം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കി വരികയാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയോജിച്ച് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കുടുംബശ്രീയുടെ ആധുനികവത്കരണം, തദ്ദേശ വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും മാനദണ്ഡങ്ങളിലും കേരളത്തിന്റെ പശ്ചാത്തലത്തിനനുസരിച്ചുള്ള മാറ്റം വരുത്തല്‍, ജനപ്രതിനിധികളുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കല്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ഡിഡിഒ കോഡ് ലഭിക്കാനുള്ള കാലതാമസം തുടങ്ങിയ കാര്യങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
പദ്ധതി വിഹിതം പൂര്‍ണമായും ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് തദ്ദേശകം 2.0 അവലോകന യോഗം ചേരുന്നതിന്റെ ലക്ഷ്യം. ജനുവരി അവസാനത്തോടെ വീണ്ടും അടുത്ത അവലോകന യോഗം ചേരും.
മനസോടെ ഇത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ആറ് പേര്‍ക്കായി 18 സെന്റ് ഭൂമി നല്‍കിയ കോഡൂരിലെ കിളിയമണ്ണില്‍ കോമു, നാലു പേര്‍ക്കായി 15 സെന്റ് ഭൂമി നല്‍കിയ കോഡൂര്‍ ഊരോതൊടി മുഹമ്മദ് സാബിത്തിനെയും മന്ത്രി ആദരിച്ചു. യൂസര്‍ ഫീ ഈടാക്കിയുള്ള ഖരമാലിന്യം സംസ്‌കരണം ഡിജിറ്റലൈസ് ചെയ്യുകയും എല്ലാ വാര്‍ഡുകളിലും നടപ്പാക്കുകയും ചെയ്ത പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിനെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലയില്‍ 2020-21 വര്‍ഷത്തിലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട ടി.പി സിന്ധു (മാറഞ്ചേരി), പ്രേമാനന്ദന്‍ (തൃക്കലങ്ങോട്), മികച്ച സേവനം കാഴ്ചവച്ച നഗരസഭാ സെക്രട്ടറിമാരെയും ഐ.എല്‍.എം.ജി.എസ് പോര്‍ട്ടല്‍ മുഖേന ഫയലുകള്‍ തീര്‍പ്പാക്കി ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ മൂത്തേടം, പാണ്ടിക്കാട്, തുവ്വൂര്‍ ഗ്രാമ പഞ്ചായത്തുകളെയും ശുചിത്വ മിഷന്റെ പുരസ്‌കാരങ്ങള്‍ നേടിയ തദ്ദേശ സ്ഥാപനങ്ങളെയും ആദരിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, നഗരസഭാ ചെയര്‍മാന്‍മാരായ മുജീബ് കാടേരി (മലപ്പുറം), പി.പി ഷംസുദ്ധീന്‍ (താനൂര്‍), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.. കാരാട്ട് അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ ശ്രീനിവാസന്‍ (പുറത്തൂര്‍), പി.ഉസ്മാന്‍ (മൂത്തേടം), തദ്ദേശ സ്വയം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ്, ജില്ലാ ആസൂത്രണ സമിതി അംഗം ഇ.എന്‍ മോഹന്‍ദാസ്, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)


