സുനീത് ചോപ്ര നിര്യാതനായി
ന്യൂഡൽഹി: സി.പി.എം മുൻ കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ നേതാവുമായിരുന്ന സുനീത് ചോപ്ര (81) നിര്യാതനായി. കലാനിരൂപകനും കവിയുമായിരുന്നു. 1941ൽ ലാഹോറിൽ ജനിച്ച ചോപ്ര ഡൽഹിയിലും കൊൽകത്തയിലുമായുള്ള വിദ്യാഭ്യാസ ശേഷം ഉപരിപഠനത്തിനായി ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് പോയി. വിദ്യാർഥിയാകുമ്പോൾതന്നെ രാഷ്ട്രീയത്തിൽ സജീവമായി.
പഠനശേഷം ഫലസ്തീനിലേക്ക് പോയി അവിടുത്തെ വിമോചന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചേർന്നു. ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവായിരുന്നു. 1980ൽ ഡി.വൈ.എഫ്.ഐ രൂപവത്കരിച്ചപ്പോൾ ആദ്യ ട്രഷറർ ആയി. 1995ലാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ എത്തിയത്. കർഷക തൊഴിലാളി യൂനിയൻ ജോയൻറ് സെക്രട്ടറിയുമായിരുന്നു.
പ്രശസ്ത കലാനിരൂപകനായ സുനീത് ചോപ്രയുടെ ലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബുധനാഴ്ച നടക്കാനിരിക്കുന്ന കർഷക റാലിക്ക് മുന്നോടിയായി ന്യൂഡൽഹി അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ ഓഫിസിലേക്ക് വരുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് വിവരം.