വിഖ്യാത ബം​ഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു

tharun majumdar
tharun majumdar

കൊൽക്കത്ത: വിഖ്യാത ബം​ഗാളി സംവിധായകൻ തരുൺ മജുംദാർ (91) അന്തരിച്ചു. വാർധക്യസഹജമായ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മധ്യവർത്തി കുടുംബങ്ങളുടെ ജീവിത​ഗന്ധിയായ കഥകൾ വെള്ളിത്തിരയിലെത്തിച്ച സംവിധായകനായിരുന്നു അദ്ദേഹം.

'അലോർ പിപാസ' എന്ന ചിത്രത്തിലൂടെ ബസന്ത ചൗധരിക്കൊപ്പമാണ് തരുൺ മജുംദാർ സിനിമയിലേക്കെത്തുന്നത്. മുമ്പ് ദിലീപ് മുഖോപാധ്യായ്, സച്ചിൻ മുഖർജി എന്നിവർക്കൊപ്പം യാത്രിക് എന്ന സിനിമാ കൂട്ടായ്മയുടെ ഭാ​ഗമായിരുന്നു തരുൺ മജുംദാർ. 1963-ൽ യാത്രിക് വേർപിരിഞ്ഞു.

ബാലികാ ബധു (1976), കുഹേലി (1971), ശ്രീമാൻ പൃഥ്വിരാജ് (1972), ​ഗണദേവത (1978) ദാദർ കീർത്തി (1980) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഉത്തംകുമാർ, സുചിത്ര സെൻ, ഛബ്ബി ബിശ്വാസ്, സൗമിത്ര ചാറ്റർജി തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച ചിത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചു.

1990-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.

Tags