അധ്യാപികയുടെ സ്വകാര്യ വിഡിയോ പ്രചരിപ്പിച്ചു; ബ്ലാക്ക് മെയിൽ ചെയ്ത് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു ;നാല് വിദ്യാർഥികൾ പിടിയിൽ

arrest1

ലഖ്നോ: അധ്യാപികയുടെ സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ നാല് വിദ്യാർഥികൾ പിടിയിൽ . യു.പിയിലെ ആഗ്രയിലാണ് സംഭവം.

മഥുരയിലെ ഒരു സ്കൂളിലെ അധ്യാപികയാണ് പരാതിക്കാരി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താംക്ലാസ് വിദ്യാർഥികൾക്ക് അധ്യാപിക പ്രത്യേക ക്ലാസുകൾ നൽകിയിരുന്നു. ഇക്കൂട്ടത്തിൽ ഒരു വിദ്യാർഥി അധ്യാപികയുമായി അടുപ്പത്തിലായി. അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട്, ശാരീരിക ബന്ധത്തിലേർപ്പെടാൻ വിദ്യാർഥി അധ്യാപികയെ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തു. ഇതോടെ അധ്യാപിക ഈ വിദ്യാർഥിയുമായി അകന്നു.

വിദ്യാർഥിയുടെ നമ്പർ അധ്യാപിക ബ്ലോക്ക് ചെയ്യുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ വിദ്യാർഥി തന്‍റെ ഫോണിലുണ്ടായിരുന്ന അധ്യാപികയുടെ വിഡിയോ മൂന്ന് സുഹൃത്തുക്കൾക്ക് അയച്ചുനൽകി. ഇവർ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഇൻസ്റ്റഗ്രാമിൽ പേജ് തുടങ്ങുകയും ചെയ്തു.

തുടർന്ന്, അധ്യാപിക സർക്കാറിന്‍റെ സഹായ കേന്ദ്രത്തിൽ പരാതിപ്പെടുകയും ഇത് പൊലീസിന് കൈമാറുകയുമായിരുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് അധ്യാപിക പറയുന്നു. കേസിൽ അറസ്റ്റ് ചെയ്ത നാല് വിദ്യാർഥികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ആഗ്ര പൊലീസ് അറിയിച്ചു.
 

Tags